വൈദ്യുതി നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കണമെന്നു കെഎസ്ഇബി. യൂണിറ്റിന് 25 മുതല്‍ 41 വരെ പൈസ കൂട്ടണമെന്നാണ് ആവശ്യം. നിരക്ക് കൂട്ടണമെന്ന ആവശ്യം പരിഗണിക്കാന്‍ ചേര്‍ന്ന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു . ഒരംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ യോഗം അവസാനിപ്പിച്ചതാണു കാരണം. അടുത്ത ദിവസം വീണ്ടും യോഗം ചേരും.
ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെക്കുറിച്ച് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 150 രാജ്യങ്ങളില്‍ ഐഫോണ്‍ ഇത്തരം മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷം സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്നും ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണം. ആപ്പിളിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
നാളെ കേരളപ്പിറവി. തിരുവനന്തപുരത്തു സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷ പരിപാടികള്‍ക്കു തുടക്കം. രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ യൂസഫലി, രവി പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുക. അഞ്ച് വേദികളിലായി നവകേരളത്തിന്റെ ഭാവി രൂപരേഖയുമായി 25 സെമിനാറുകള്‍ നടക്കും.
കളമശേരി വിഷയത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണിക്കെതിരെ കേസ്. കുമ്പളയിലെ ബസ് സ്റ്റോപ്പിലെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണു കേസ്.
മഞ്ചേശ്വരത്തെ എകെഎം അഷ്‌റഫ് എംഎല്‍എയ്ക്ക് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2010 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭമുണ്ടായത്. എകെഎം അഷ്‌റഫിനെ കൂടാതെ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവരെയും കോടതി ശിക്ഷിച്ചു.
ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. സിബിഐയുടെ മുതിന്ന അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനാലാണ് കേസ് മാറ്റിവച്ചത്. കേസ് ഇനി എന്നു പരിഗണിക്കുമെന്നു വ്യക്തമാക്കിയിട്ടില്ല.
കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് നാളെ മുതല്‍ പണം വിതരണം ചെയ്യും. 50,000 രൂപയ്ക്കു മുകളില്‍ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് അവശ്യാനുസരണം നിക്ഷേപം പിന്‍വലിക്കാം. ബാങ്കില്‍ പുതുക്കി നിക്ഷേപിക്കാനും അവസരമുണ്ടാകും. ബാങ്കില്‍ 50 കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുന്നത്. 17.4 കോടി രൂപ ബാങ്കിലുണ്ട്.
ഐഎസ്എല്‍ മത്സരങ്ങള്‍ക്കുശേഷം പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ളവ പൊതുയിടങ്ങളില്‍ വലിച്ചെറിയുന്നതിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഇത്തരം മാലിന്യങ്ങള്‍ കാനകളില്‍ അടിഞ്ഞാല്‍ നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകും. യുവ തലമുറയും ഇങ്ങനെയായാല്‍ എന്തു ചെയ്യുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പ്രസ്ഥാനത്തിന്റേയും നവോത്ഥാന പ്രസ്ഥാനത്തിന്റേയും ആശയങ്ങള്‍ തീര്‍ത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയര്‍ത്തിയത്. കേരളപ്പിറവി ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് ജാനകിക്കാട് കൂട്ട ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ച് നാദാപുരം പോക്‌സോ അതിവേഗ കോടതി. 1, 3, 4 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതി ഷിബുവിന് 30 വര്‍ഷം തടവും നാദാപുരം പോക്‌സോ കോടതി വിധിച്ചു.
പലസ്തീനില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നേതാക്കള്‍ പ്രസംഗിക്കുന്നതിനു മുമ്പ് സദസിലുള്ളവര്‍ സ്ഥലംവിടാന്‍ തുടങ്ങിയതിനെതിരേ ക്ഷുഭിതനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊല്ലം ടൗണ്‍ ഹാളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ ഇടപെടലിന് സ്ഥാനമില്ലെന്ന് കേരളം തെളിയിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കളമശേരി സ്‌ഫോടനത്തിന്റെ പേരില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് ചിലര്‍ ശ്രമിച്ചു. കേരളം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
മറുനാടന്‍ മലയാളി യൂടൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കോട്ടയം കുമരകം പൊലീസ് കേസെടുത്തു. കളമശേരി സ്‌ഫോടനത്തെത്തുടര്‍ന്ന് മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചെന്ന് ആരോപിച്ച് മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് കേസ്. മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ എറണാകുളം റൂറല്‍ സൈബര്‍ പൊലീസും കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്‍ഷാദിന്റെ പരാതിയിലാണ് കേസ്.
മൊകേരി ശ്രീധരന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ശ്രീധരന്റെ ഭാര്യ ഗിരിജ, മാതാവ് ദേവി, പശ്ചിമ ബംഗാള്‍ സ്വദേശി പരിമള്‍ ഹല്‍ദാര്‍ എന്നിവരെയാണ് കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. ഭാര്യയും ബംഗാള്‍ സ്വദേശിയായ കാമുകനും ഭാര്യ മാതാവും ചേര്‍ന്ന് ശ്രീധരനെ ശ്വാസം മുട്ടിച്ചു കൊന്നെന്നായിരുന്നു കേസ്.
ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച മുന്നറിയിപ്പു സന്ദേശങ്ങള്‍ തെറ്റായ മുന്നറിയിപ്പുകളാകാമെന്ന് ആപ്പിള്‍ പ്രസ്താവനയില്‍ അറിയിച്ചു. സന്ദേശത്തിലെ മുന്നറിയിപ്പുകള്‍ എന്തുകൊണ്ടാണെന്നു കണ്ടെത്താന്‍ പ്രയാസമാണ്. ആപ്പിള്‍ വിശദീകരിച്ചു.
പ്രതിപക്ഷ സഖ്യത്തിനെതിരായ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍. ഹര്‍ജി തള്ളണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദേശീയ പതാക സഖ്യം ചിഹ്നമായി ഉപയോഗിക്കുന്നില്ലെന്ന് സഖ്യം ചൂണ്ടിക്കാട്ടി. കേസ് നവംബര്‍ 22 ലേക്കു മാറ്റി.
മണിപ്പൂരിലെ മൊറേയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്നു. ലചിങ് തം ആനന്ദ് എന്ന പൊലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്. കുക്കി സായുധ സംഘമാണു കൊലപ്പെടുത്തിയതെന്നാണു റിപ്പോര്‍ട്ട്.
തായ്ലന്‍ഡ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് അടുത്ത മേയ് മാസംവരെ വീസ വേണ്ട. നവംബര്‍ പത്ത് മുതല്‍ സന്ദര്‍ശക വിസ ഇല്ലാതെ തന്നെ ഇന്ത്യക്കാര്‍ക്ക് തായ്ലന്‍ഡ് സന്ദര്‍ശിക്കാം. എണ്ണായിരം രൂപയാണ് തായ്ലന്‍ഡ് സന്ദര്‍ശക വിസയ്ക്കുള്ള ഫീസ്.
അറബ് ലീഗ് രാജ്യങ്ങള്‍ അടിയന്തരമായി വീണ്ടം ഒത്തുചേരുന്നു. നവംബര്‍ 11 ന് സൗദി അറേബ്യയിലെ റിയാദില്‍ അറബ് ലീഗ് രാജ്യങ്ങള്‍ ഒത്തുചേരും. ഗാസയില്‍ ഇസ്രയേല്‍ സൈനിക നീക്കം നടത്തുന്നതിനിടെയാണ് യോഗം.