night news hd 17

 

കളമശേരിയില്‍ ബോംബുവച്ചു സ്‌ഫോടനം നടത്തിയതു തൃശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍തന്നെയാണെന്നു പോലീസ്. രാവിലെ 9.40 ന് കളമശേരി സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ ബോംബു വച്ചതിന്റേയും റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതിന്റേയും ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നു കണ്ടെടുത്തെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത്കുമാര്‍ പറഞ്ഞു.

സ്‌ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ ഫേസ്ബുക്ക് പേജിലിട്ട വീഡിയോ സന്ദേശം പുറത്ത്. കീഴടങ്ങുന്നതിന് മുമ്പ് ലൈവിലാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിന്‍ പോസ്റ്റിട്ടത്. 16 വര്‍ഷമായി യഹോവ സാക്ഷി അംഗമാണെന്നും മറ്റുള്ളവരെല്ലാം നശിച്ചുപോകുമെന്നു പ്രചരിപ്പിക്കുന്ന അവരെ നിയന്ത്രിച്ചില്ലെങ്കില്‍ സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറഞ്ഞിരുന്നു. വിവാദമായതോടെ ഇയാളുടെ ഫേസ്ബുക്ക് പേജ് പോലീസ് നീക്കംചെയ്തു.

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ പത്തിന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വ്വകക്ഷി യോഗം. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.

കളമശ്ശേരി സ്‌ഫോടന സംഭവത്തില്‍ പരിക്കേറ്റ് 52 പേര്‍ ചികില്‍സ തേടിയിട്ടുണ്ടെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളവരെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 18 പേര്‍ വിവിധ ആശുപത്രികളിലായി ഐസിയുവില്‍ കഴിയുകയാണ്. ആറു പേരുടെ നില ഗുരുതരമാണെന്നും മന്ത്രി അറിയിച്ചു.

കളമശേരി സ്‌ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിച്ച നീല കാര്‍ മാര്‍ട്ടിന്റേതല്ലെന്നും കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ മാര്‍ട്ടിന്‍ എത്തിയത് സ്‌കൂട്ടറിലാണെന്നും പൊലീസ്. ഡൊമിനിക് മാര്‍ട്ടിന്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തി. മാര്‍ട്ടിന്‍ പുലര്‍ച്ചെ അഞ്ചിനാണ് വീട്ടില്‍നിന്നു പോയതെന്നു ഭാര്യ മിനി മൊഴി നല്‍കി. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുമായി മാര്‍ട്ടിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഡൊമിനിക് മാര്‍ട്ടിന്‍ ബോംബുണ്ടാക്കാന്‍ പഠിച്ചത് ആറു മാസം കൊണ്ട് ഇന്റര്‍നെറ്റിലൂടെയാണെന്ന് പോലീസ്. പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാള്‍ ബോംബ് വച്ചതെന്നും പോലീസ് വെളിപെടത്തി.

കളമശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമെങ്ങും അതീവ ജാഗ്രത. കണ്‍ട്രോള്‍ റൂം തുറന്നു. ബസ് സ്റ്റാന്‍ഡുകളിലും ഷോപ്പിംഗ് മാളുകളിലും റെയില്‍വെ സ്റ്റേഷനുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. ഹെലികോപ്റ്ററില്‍ സൈന്യം നിരീക്ഷണ പറക്കലും നടത്തി. ഇടുക്കിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന നടത്തി.

മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശേരിയിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം. വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കും. ഇന്റലിജിന്‍സ് സംവിധാനങ്ങള്‍ ശക്തിപ്പെടേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബോംബു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ യഹോവ സാക്ഷി അംഗമല്ലെന്ന് യഹോവ സാക്ഷി വിശ്വാസി കൂട്ടായ്മയുടെ സംഘാടകനും പിആര്‍ഒയുമായ ശ്രീകുമാര്‍.

കളമശേരിയിലെ ഇന്റലിജന്‍സ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷ അടിക്കടി വര്‍ദ്ധിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

കളമശേരി സ്‌ഫോടനം ഞെട്ടിക്കുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ഗൂഡല്ലൂര്‍ കെ ജി പെട്ടി സ്വദേശി ഈശ്വരന്‍ ആണ് മരിച്ചത്. വനത്തില്‍ വേട്ടയ്‌ക്കെത്തിയ ഈശ്വരന്‍ അക്രമാസക്തനായതോടെ വെടി ഉതിര്‍ക്കുകയിരുന്നുവെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *