സംസ്ഥാനത്ത് 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മീറ്റ് ദി ഇൻവെസ്റ്റർ പരിപാടി വിജയകരമായി സംഘടിപ്പിച്ചതിൽ നിന്നാണ് , 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റ വ്യവസായ പുരോഗതിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഉത്തരവാദ വ്യവസായവും ഉത്തരവാദ നിക്ഷേപവുമെന്ന നയം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഗ്രൂപ്പുകളിൽ നിന്ന് നിക്ഷേപ വാഗ്ദാനം എത്തിയത് കൂടാതെ ഇരുപതിനായിരം പേർക്ക് തൊഴിൽ കിട്ടുന്ന ഒരു നിക്ഷേപ പദ്ധതിയിലും ഒപ്പുവച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.
സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തെ കേന്ദ്ര സർക്കാർ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്ര സർക്കാർ കൈ കഴുകുകയാണെന്നും ഹൈക്കോടതി .കെ റെയിൽ പദ്ധതി നല്ലതാണ്. എന്നാൽ പദ്ധതി നടപ്പാക്കാൻ സർക്കാർ അനാവശ്യ ധൃതി കാണിച്ചെന്നും പഠനത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് പറഞ്ഞു.
സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ചുള്ള രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെ വയനാട് എംപി രാഹുൽ ഗാന്ധിയെയും മറ്റ് എംപിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുൽ അടക്കമുള്ള എംപിമാരെല്ലാം കസ്റ്റഡിയിൽ തുടരുകയാണ്. മനോവീര്യം തകര്‍ക്കാൻ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു.
രാജ്യസഭയിലും സസ്‌പെൻഷൻ. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 19 എംപിമാരെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെതു. ഡിഎംകെ എംപി കനിമൊഴി സോമു, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, കേരളത്തിൽ നിന്നുള്ള സിപി ഐ എം, സിപിഐ എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ ഉൾപ്പെടുന്നു. ജിഎസ്ടി സ്ലാബ് മാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്.
കാപ്പ ചുമത്തിയിരുന്ന കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി . 2017 ന് ശേഷം അർജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും കാപ്പ അഡ്വൈസറി ബോർഡിന്റെ ഉത്തരവിൽ പറയുന്നു.
തമിഴ്നാട്ടിൽ വീണ്ടും പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ് ആത്മഹത്യ എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.അമ്മ ശകാരിച്ചതിനെ തുടർന്ന് പെൺകുട്ടി അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്യുന്നത്.