കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്ന സര്‍ക്കുലര്‍ വിവാദത്തില്‍. കേന്ദ്ര സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനായി ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ നവംബര്‍ 20 മുതല്‍ ജനുവരി 25വരെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തുന്ന വികസിത ഭാരത സങ്കല്പ യാത്രയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്നാണ് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നത്. ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരകരാക്കുന്ന നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വികസിത ഭാരത സങ്കല്പ യാത്രയുടെ ചുമതല മാത്രമാണ് ഉദ്യോഗസ്ഥര്ക്കെങ്കില് കേരളത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല പര്യടനത്തിന്റെ സാമ്പത്തിക ബാധ്യതയും മുഴുവന്‍ ഉദ്യോഗസ്ഥരടക്കമുള്ള സംഘാടക സമിതിക്കെന്ന് റിപ്പോര്‍ട്ട്. പരിപാടിയുടെ പ്രചാരണം മുതല്‍ പര്യടന സംഘത്തിന്റെ ആഹാരവും താമസവും ഉള്‍പ്പെടെയുള്ള ചെലവെല്ലാം സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണം. ഗ്രൗണ്ട് മുതല്‍ സെറ്റും ലൈറ്റുമെല്ലാം സംഘാടക സമിതി തന്നെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്.
ദരിദ്രരെ ദാരിദ്ര്യത്തില്‍ നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന് താത്പര്യമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ. സര്‍ക്കാര്‍പദ്ധതികളുടെ പൂര്‍ണനടത്തിപ്പ് ഉറപ്പാക്കാനും ബോധവത്കരണത്തിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താഴെത്തട്ടിലെത്തുന്നതില് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രശ്നമുണ്ടെന്നു കാണുന്നത് തന്നെ അമ്പരപ്പിക്കുന്നെന്നും നഡ്ഡ പറഞ്ഞു.
ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുകയാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന് ആംആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്.
ചെങ്ങന്നൂരില്‍ വന്ദേഭാരതിന് വമ്പന്‍ സ്വീകരണം. കേന്ദ്ര മന്ത്രി വി മുരളീധരന്, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ ഉള്‍പ്പെടെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ഇതിനിടെ ട്രെയിനുകളുടെ പിടിച്ചിടലുമായി ബന്ധപ്പെട്ട പരാതികള്‍ പുതിയ റെയില്‍വെ ടൈംടേബിള്‍ വരുന്നതോടെ പരിഹാരമാകുമെന്ന് വി. മുരളീധരന് പറഞ്ഞു.
ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി താമരശ്ശേരി ചുരം. അവധിക്കാലമായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറുന്നതിനാലാണ് ഗതാഗത കുരുക്ക്. കുരുക്ക് ഇനിയും കൂടാനാണ് സാധ്യതയെന്നും യാത്രക്കാര്‍ ഭക്ഷണവും വെള്ളവും കൈയില്‍ കരുതണമെന്നും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
ബൈസണ്‍വാലി ഇനി ദേവികുളത്തിന് സ്വന്തം. ബൈസണ്‍വാലി വില്ലേജിനെ ഉടുമ്പന്‍ചോല താലൂക്കില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി ദേവികുളം താലൂക്കിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ട് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ഇതോട് കൂടി ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന വില്ലേജുകളുടെ എണ്ണം 15 ഉം ഉടുമ്പന്‍ചോല താലൂക്കിലെ വില്ലേജുകളുടെ എണ്ണം 17 ആകും.
ദോഹയിലേക്ക് രാവിലെ ഒമ്പതിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം ഉച്ചക്ക് രണ്ടിനു ശേഷം മാത്രമേ പുറപ്പെടൂവെന്ന അറിയിപ്പ് കൃത്യമായി ലഭിക്കാത്തതിനെതുടര്‍ന്ന് നേരത്തെ എത്തിയ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കാതെ പെരുവഴിയിലാക്കി അധികൃതര്‍. വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മാത്രമെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുവെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് ഉള്‍പ്പെടെ എത്തിയ യാത്രക്കാര്‍ ദുരിതത്തിലായത്. ഏറെ നേരം വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിച്ചതിനുശേഷമാണ് യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിച്ചത്.
ചൈനീസ് ചരക്ക് കപ്പലായ സെന്‍ഹുവ 15 ന് വിഴിഞ്ഞം തുറമുഖത്ത് നിന്ന് നാളെ മടങ്ങാനാകുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് ക്രെയിനുകളില്‍ രണ്ടാമത്തേത് ഇന്നലെ ഇറക്കി. ഇനി 1100 ടണ്ണിലേറെ ഭാരമുള്ള ഒരു സൂപ്പര്‍ പോസ്റ്റ് പാനാ മാക്സ് ക്രെയിനാണ് ഇറക്കാനുള്ളത്. ഇതു കൂടെ ഇന്ന് കരയ്ക്കിറക്കിയാല്‍ നാളെ കപ്പലിന് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
കോഴിക്കോട്ടെ അഭിഭാഷകനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ഒഎം ഭാരദ്വാജ് ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ് നടത്തിയതായി പരാതി. താന്‍ ലീഗല്‍ അഡൈ്വസറായിരുന്ന കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സിറ്റി ജനത വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ നിന്ന് വായ്പ എടുത്ത ശേഷം ഭരദ്വാജ് സംഘത്തെ കബളിപ്പിച്ചെന്നാണ് പരാതി. മുതലും പലിശയും ചേര്‍ത്ത് 17 ലക്ഷത്തോളം രൂപയാണ് ഭാരദ്വാജ് അടയ്ക്കാനുളളത്.
മുസ്ലിം ലീഗ് ആഭിമുഖ്യത്തിലുള്ള പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഈ മാസം 26ന്. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി മുഖ്യാതിഥി ആയിരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
നടി ഗൗതമി ബിജെപി വിട്ടു. പ്രൊഫഷണലയും, വ്യക്തിപരമായും താന്‍ നേരിട്ട പ്രതിസന്ധികളില്‍ പാര്‍ട്ടി പിന്തുണ ലഭിക്കാത്തതിനാലാണ് 25 കൊല്ലമായി തുടരുന്ന ബിജെപി ബന്ധം അവസാനിപ്പിക്കുന്നത് എന്നാണ് ഗൗതമി വ്യക്തമാക്കുന്നത്.
കോളേജ് പ്രവേശന ചടങ്ങിനിടെ ജയ് ശ്രീറാം വിളിച്ചതിന് സ്റ്റേജില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയെ ഇറക്കിവിട്ട രണ്ട് അധ്യാപികമാര്‍ക്ക് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എ.ബി.ഇ.എസ് എഞ്ചിനീയറിങ് കോളജിലെ അധ്യാപികമാരായ മംമ്ത ഗൗതം, ശ്വേത ശര്‍മ എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് കോളേജ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ അധ്യാപികമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ഹിജാബ് നിരോധനത്തില്‍ ഇളവുമായി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്കി. മറ്റ് പരീക്ഷകളില്‍ നിന്നും ഹിജാബ് വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്നും മുന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതിനാല്‍ അത് പിന്‍വലിക്കുന്നതിന് ഭരണഘടനാപരമായ നടപടികള്‍ ആവശ്യമാണെന്നും വിദ്യാഭ്യാസ മന്ത്രി എം സി സുധാകര്‍ പറഞ്ഞു.
തെരുവ് നായ ആക്രമണത്തില്‍ ഗുജറാത്തിലും മരണം. പ്രഭാത സവാരിക്കിടെ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വ്യവസായി പരാഗ് ദേശായി അന്തരിച്ചു. അഹമ്മദാബാദിലെ വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് 49കാരനായ പരാഗ് ദേശായി. ഒക്ടോബര്‍ 15നാണ് ദേശായിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
മണിപ്പൂര്‍ സംഘര്‍ഷത്തിനിടെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ യുവമോര്‍ച്ച മണിപ്പൂര്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹര്‍മ ബാരിഷ് ശര്‍മ്മയെ കൊലപാതക ശ്രമത്തിന് മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഫാലില്‍ ഒക്ടോബര്‍ 14 ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. വെടിവെപ്പിലെ മുഖ്യപ്രതിയാണ് ബിരാഷ് ശര്‍മ്മയെന്ന് പൊലീസ് പറഞ്ഞു.
വടക്കന്‍ ഗാസയില്‍ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം തുടരുന്നു. ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിനും പാര്‍പ്പിട സമുച്ചയത്തിനും നേരയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു. ഒരുപാട് പേര് കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അല്‍ ഷിഫ, അല്‍ ഖുദ്സ്, ഇന്‍ഡോനേഷ്യന്‍ ആശുപത്രി പരിസരത്തും ബോംബാക്രമണം നടന്നു. ഇന്ധനം കൃത്യമായി ലഭിക്കാതിരുന്നാല്‍ തീവ്രപരിചരണ വിഭാഗം ശവക്കൂട്ടമായി മാറുമെന്ന് ഗാസയിലെ അല്‍-ഷിഫ ആശുപത്രി അധികൃതര്‍ പറഞ്ഞു. അതിനിടെ സിറിയയ്ക്കും ലബനനും നേരെ ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായി. രണ്ടിടത്തെയും ഹമാസ് കേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കി. അതേസമയം ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് സിറിയയ്ക്കും ലബനനും മേല്‍ നിര്‍ണായക സ്വാധീനമുള്ള ഇറാന് മുന്നറിയിപ്പ് നല്കി.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് പാകിസ്ഥാന് അഫ്ഗാനിസ്ഥാന് മത്സരം. ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ മത്സരം ആരംഭിക്കും.