ഇന്ന് ഒക്ടോബര്‍ 15, ലോക കൈ കഴുകല്‍ ദിനം. 2008 മുതലാണ് ഐക്യരാഷ്ട്ര സംഘടന എല്ലാ വര്‍ഷവും ഒക്ടോബര്‍ 15ന് ലോക കൈകഴുകല്‍ ദിനം ആയി ആചരിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷത്തെ പ്രമേയം ‘വൃത്തിയുള്ള കൈകള്‍ കൈയെത്തും ദൂരത്ത്’ എന്നതാണ്. ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ കൈകളുടെ ശുചിത്വത്തിന് ഏറെ പ്രധാന്യമുണ്ട്. മഹാമാരികളടക്കം പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് അണുബാധ പടരാതിരിക്കാനും നാം ഓരോരുത്തരേയും ആരോഗ്യത്തോടെ നിലനിര്‍ത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് കൈ കഴുകല്‍. ശൗചാലയങ്ങള്‍ ഉപയോഗിച്ചതിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും കൈകഴുകല്‍ ശീലമാക്കുന്നത് കുട്ടികള്‍ക്ക് വയറിളക്കം വരാനുള്ള സാധ്യത 40% ല്‍ കൂടുതല്‍ കുറയ്ക്കുമെന്ന് യൂണിസെഫിന്റെ പഠനങ്ങള്‍ തെളിയിക്കുന്നു. കോവിഡ് -19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൈകഴുകുന്നത് കോവിഡ് അണുബാധയ്ക്കുള്ള സാധ്യത 36 ശതമാനം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍ കൈ കഴുകല്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. ഭക്ഷണം കഴിക്കുന്നതിനും പാചകം ചെയ്യുന്നതിന് മുന്‍പ്, ശൗചാലയങ്ങള്‍ ഉപയോഗിച്ചതിനു ശേഷം, രോഗികളുമായുള്ള സമ്പര്‍ക്കത്തിന് ശേഷം, വളര്‍ത്തു മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാല്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, പേന, പണം തുടങ്ങിയവ ഉപയോഗിച്ചതിനു ശേഷം. വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു. 4 ശതമാനം ക്ലോര്‍ഹെക്സിഡിന്‍ അടങ്ങിയ ആന്റിസെപ്റ്റിക് സോപ്പുകള്‍ ഉപയോഗിക്കുക. കൈകള്‍ കുറഞ്ഞത് 40 സെക്കന്‍ഡ് നേരത്തേക്ക് കഴുകുക. കുട്ടികളെ ചെറിയ പ്രായം മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതാണ്.