അമേരിക്കയിലെ മുന്‍സിപ്പല്‍ കോട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ജഡ്ജി ഫ്രാങ്ക് കാപ്രിയോയെ മകളും അച്ഛനും അമ്മയും അടങ്ങുന്ന ഇന്ത്യന്‍ കുടുംബം സന്ദര്‍ശിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി. സഹാനുഭൂതിയോടെ കേസുകള്‍ മനസ്സിലാക്കി സൗമ്യമായി വിധി പ്രസ്താവിച്ച് പ്രശസ്തനായ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. അദ്ദേഹത്തിന്റെ ‘കോട്ട് ഇന്‍ പ്രൊവിഡന്‍സ്’ ഷോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ശരണ്യ എന്ന പെണ്‍കുട്ടിയും മാതാപിതാക്കളുമാണ് ജഡ്ജിയെ കാണാന്‍ അമേരിക്കയില്‍ എത്തിയത്. താങ്കളുടെ വീഡിയോകള്‍ കാണാറുണ്ടെന്നും നേരില്‍ കാണാന്‍ അതിയായ ആഗ്രഹമുള്ളതുകൊണ്ടാണു വന്നതെന്നും ശരണ്യയും അമ്മയും ഫ്രാങ്ക് കാപ്രിയോയോട് പറഞ്ഞു. തന്റെ കോടതി നടപടികളെ കുറിച്ച് ഇന്ത്യക്കാര്‍ക്ക് എന്താണ് അഭിപ്രായമെന്ന് ജഡ്ജി ചോദിച്ചു. ശരണ്യയുടെ മറുപടി ഇങ്ങനെയായിരുന്നു- ‘ഞങ്ങള്‍ക്ക് കോടതി നടപടികള്‍ അറിയില്ല. എന്നാല്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ കുറേ വര്‍ഷങ്ങളെടുക്കുമെന്നറിയാം. അതില്‍നിന്നു വിഭിന്നമായി എല്ലാവരുടേയും വാദം കേട്ട് അതിവേഗം നീതി നല്കുന്ന താങ്കളുടെ രീതി നല്ലൊരു മാതൃകയാണ്. ശരണ്യ പറഞ്ഞു. താന്‍ പാവപ്പെട്ടവനായാണ് വളര്‍ന്നതെന്നും കഷ്ടപ്പാടുകള്‍ എന്താണെന്ന് അറിയാമെന്നും ഫ്രാങ്ക് കാപ്രിയോ പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പം എത്തിയ ശരണ്യയോടു കുടുംബ ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തന്നെ കാണാന്‍ വന്നതിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ഇന്ത്യയില്‍നിന്നു നിരവധി പേര് തന്നെ കാണാന്‍ വന്നിട്ടുണ്ടെന്നും ഫ്രാങ്ക് കാപ്രിയോ പറഞ്ഞു.
അമേരിക്കന്‍ ജഡ്ജിയും ഇന്ത്യക്കാരി ശരണ്യയും
