തികഞ്ഞ കമ്യുണിസ്റ്റായ വട്ടക്കുട്ടായില്‍ ചേട്ടായിയുടേയും, രാഷ്ട്രീയത്തെ അടിമുടി എതിര്‍ക്കുന്ന മകന് ബെന്നിയുടേയും കഥ പറയുന്ന ‘തീപ്പൊരി ബെന്നി’യുടെ രസികന്‍ ട്രെയിലര്‍ പുറത്തിറങ്ങി. നടന് ജഗദീഷും അര്ജുന് അശോകനുമാണ് ചിത്രത്തില്‍ അച്ഛനും മകനുമായെത്തുന്നത്. സെപ്റ്റംബര്‍ 22നാണ് സിനിമയുടെ റിലീസ്. അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെയും അവരുടെ ജീവിതത്തിലെ തമാശകളുടേയും കഥ പറയുന്ന ചിത്രമൊരുക്കുന്നത് വന്‍വിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ജോജി തോമസും, ‘വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്നാണ്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്നത്. ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായ പൊന്നില എന്ന കഥാപാത്രമായെത്തുന്നത്. ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.