ഒരു കാമറ കൈയില്‍ കിട്ടിയാല്‍ സിംഹം എന്തു ചെയ്യും? മുപ്പത്തെട്ടുകാരനായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ അഹമ്മദ് ഗലാല്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ തീരുമാനിച്ചു. അങ്ങനെ കെനിയയിലെ മസായി മാര നാഷണല്‍ റിസര്‍വ് വനത്തില്‍ അദ്ദേഹം ഒരു ഗോപ്രോ കാമറ സ്ഥാപിച്ചു. സിംഹത്തിനു കടിച്ചെടുക്കാവുന്നത്രയും ഉയരത്തിലാണ് ഈ കാമറ സ്ഥാപിച്ചത്. അലഞ്ഞു നടന്നു ക്യാമറക്കരികിലെത്തിയ സിംഹം ക്യാമറ കടിച്ചെടുത്ത് ഒറ്റയോട്ടം. അഹമ്മദും സംഘവും സിംഹത്തെ പിന്തുടര്ന്നു. സിംഹം കടിച്ചുപിടിച്ചുള്ള ഓട്ടത്തിനിടയില്‍ ക്യാമറയില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങള്‍ എത്രയോ മനോഹരമാണ്. സിംഹത്തിന്റെ മുന്‍കാലുകളുടെ ചടുലവേഗതയും മറ്റുമെല്ലാം ആ കാമറയില്‍ പതിഞ്ഞു. അല്പനേരം കാമറയുമായി ഓടിയ സിംഹം ഓട്ടം നിര്‍ത്തി കാമറ ഉപേക്ഷിച്ചു. പിറകേ എത്തിയിരുന്ന അഹമ്മദ് കാമറ എടുത്തു പരിശോധിച്ചു. സിംഹം കടിച്ചുപിടിച്ചിട്ടും കാമറയ്ക്കു കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. അത്യപൂര്‍വമായ ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. യുഎഇയില്‍ താമസിക്കുന്ന ഈജിപ്തുകാരനായ അഹമ്മദിന്റെ കാമറയിലെ ഈ ദൃശ്യങ്ങള്‍ എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
സിംഹം ഷൂട്ട് ചെയ്ത വീഡിയോ
