പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേള്ളനം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റ് സമ്മേളനം. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു പാര്‍ലമെന്റ് സമ്മേളനം വിളിച്ചെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി വെളിപെടുത്തിയത്. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. പാര്‍ലമെന്റ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒറ്റയടിക്കു നടത്തണമെന്നാണു ബില്ലിലെ നിര്‍ദേശം.
അച്ചു ഉമ്മനെ ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ച സിപിഎം അനുഭാവിയും സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളി തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. നന്ദകുമാറിനെതിരേ പോലീസ് കേസെടുത്തിരിക്കേയാണ് ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ചത്.
വിഴിഞ്ഞം ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ നവീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല. സാഗര്‍ പരിക്രമയുടെ ഭാഗമായി സന്ദര്‍ശിച്ചപ്പോഴാണ് മന്ത്രി വിഴിഞ്ഞത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
സെക്രട്ടേറിയറ്റ് തമ്പുരാന് കോട്ടയായി തുടരുന്നുവെന്നു ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. പ്രധാന ക്ഷേത്രങ്ങളിലെ പൂജാരിമാരായി ബ്രാഹ്മണരെ നിയമിക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ സര്‍ക്കുലര്‍ നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കേയാണു സ്വാമിയുടെ വിമര്‍ശനം.
നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് കൊടുക്കാന്‍ കേന്ദ്ര വിഹിതം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കര്‍ഷകര്‍ക്കുള്ള സംഭരണവില നല്കാന് ഒരു രൂപയുടെ പ്രൊപ്പോസല്‍ പോലും കേരളത്തില്‍നിന്ന് കേന്ദ്രത്തിനു നല്‍കിയിട്ടില്ല. സംസ്ഥാനം ക്ലെയിം ചെയ്താല്‍ 20 ദിവസത്തിനകം പണം നല്‍കുമെന്നും കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാകരന്തലജെയുടെ ഓഫീസ് അറിയിച്ചെന്നും അദ്ദേഹം വെളിപെടുത്തി.
ഇന്ത്യ മുന്നണിയുടെ അധ്യക്ഷസ്ഥാനത്തു കോണ്‍ഗ്രസ് നേതാവുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ദേശീയതലത്തിലാണ് മുന്നണിയുടെ പ്രസക്തി. പ്രധാനമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി.
ഓണാഘോഷത്തിനു സമാപനം കുറിച്ചുകൊണ്ട് തൃശൂരില്‍ നാളെ പുലിക്കളി. ഉച്ചയ്ക്കു രണ്ടു മുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ടില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. വൈകുന്നേരം നാലോടെ ആരംഭിക്കുന്ന പുലിക്കളി അഞ്ചരയോടെ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. ദീപാലംകൃതമായ നിശ്ചലദൃശ്യങ്ങളും ഉണ്ടാകും. രാത്രി എട്ടോടെയാണു സമാപിക്കുക.
സംസ്ഥാനത്തെ 2021 -22 വര്‍ഷത്തെ മികച്ച നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയറായി താമരശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി രോഹിന് പ്രമോദ് തെരഞ്ഞെടുക്കപ്പെട്ടു. താമരശേരി കാരാടി പുത്തന്‍പുരയില്‍ പി.കെ പ്രമോദിന്റെയും ജഷിന പ്രമോദിന്റെയും മകനാണ്.
കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ് അട്ടൂരിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ സംസ്ഥാനത്തിന് പുറത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഈ മാസം 22 മുതലാണു കാണാതായത്.
ഗൗതം അദാനിക്കെതിരെ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ടിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കേ അദാനിയുടെ ഇടപാടുകളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വിദേശ മാധ്യമങ്ങളില്‍ അദാനിക്കെതിരായി വന്ന വാര്‍ത്ത അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് തിരിച്ചടിയാണ്. ജി 20 യോഗം നടക്കാനിരിക്കെ ഇന്ത്യയുടെ പ്രതിഛായ മോശമാക്കി. രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
വൈഎസ്ആര്‍ തെലുങ്കാന പാര്‍ട്ടി അധ്യക്ഷയും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഢിയുടെ മകളും മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഢിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിള കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സോണിയാഗാന്ധിയുമായും രാഹുല്‍ഗാന്ധിയുമായും ശര്‍മിള സംസാരിച്ചു. കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം.
ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെ ആദ്യ വനിതാ ചെയര്‍പേഴ്ണും സിഇഒയുമാി ജയവര്‍മ സിന്‍ഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. അനില്‍കുമാര്‍ ലഹോട്ടി വിരമിച്ച ഒഴിവിലാണു നിയമനം.
ആറു മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അന് നെയാദി അടക്കമുള്ളവര്‍ ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തും. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ അറിയിച്ചതാണ് ഇക്കാര്യം. നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീഫന്‍ ബോവന്, വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആന്‍ഡ്രി ഫെദീവ് എന്നിവരാണ് അല്‍ നെയാദിക്കൊപ്പം ഭൂമിയിലേക്കു മടങ്ങുന്നത്.
ദക്ഷിണാഫ്രിക്കയിലെ സെന്‍ട്രല്‍ ജോഹന്നാസ്ബര്‍ഗിലെ അഞ്ചു നില കെട്ടിടത്തില്‍ തീപിടിച്ച് 60 പേര് കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ പത്തിലേറെ കുട്ടികളും ഉള്‍പ്പെടുന്നു.