മെഡിമിക്സ്, മേളം, സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റല്‍ തുടങ്ങിയവയുടെ മാതൃകമ്പനിയും പ്രമുഖ മലയാളി വ്യവസായി ഡോ.എ.വി. അനൂപ് സാരഥിയുമായ എ.വി.എ ചോലയില്‍ ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തേക്കും ചുവടുവയ്ക്കുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ നീല്‍ഗിരി ഡയറി ഫാം ലിമിറ്റഡിനെ എ.വി.എ ഗ്രൂപ്പ് ഏറ്റെടുക്കും. ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡില്‍ നിന്ന് 67 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. നീല്‍ഗിരി ഡയറി ഫാമിന്റെ മുഴുവന്‍ ബിസിനസ് പ്രവര്‍ത്തനങ്ങളും ചെന്നൈ ആസ്ഥാനമായ എ.വി.എ ഗ്രൂപ്പ് ഏറ്റെടുക്കും. ഇതുപ്രകാരം നീല്‍ഗിരീസ് സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഫ്രാഞ്ചൈസി ശൃംഖല, ഡയറി ഉത്പന്നങ്ങളുടെ ശേഖരണം, സംസ്കരണം, പാക്കേജിംഗ്, വിപണനം, ബേക്കറി ഉത്പന്നങ്ങള്‍, അതിവേഗം വിറ്റഴിയുന്ന ഉപയോക്തൃ ഉത്പന്നങ്ങള്‍ തുടങ്ങിയവ എ.വി.എ ഗ്രൂപ്പിന്റെ സ്വന്തമാകും. മൂന്ന് ഘട്ടങ്ങളിലായാണ് ഏറ്റെടുക്കല്‍ തുക കൈമാറുകയെന്നാണ് സൂചന. കടബാദ്ധ്യതയാല്‍ ബുദ്ധിമുട്ടുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിന് നീല്‍ഗിരി ബ്രാന്‍ഡിന്റെ വില്പന ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലെ ഫ്യൂച്ചര്‍ കണ്സ്യൂമറിന്റെ നിയന്ത്രണത്തിലാണ് നിലവില്‍ നീല്‍ഗിരി. ഫ്യൂച്ചര്‍ കണ്സ്യൂമറിന്റെ മൊത്തം വിറ്റുവരവില്‍ 10.40 ശതമാനം നീല്‍ഗിരി ബ്രാന്‍ഡില്‍ നിന്നാണ്.