*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം*
https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/
◾മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്നു ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും. ഡല്‍ഹി ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലിനു ശേഷം അടുത്തയാഴ്ച അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഡല്‍ഹി ഓര്‍ഡിനന്‍സിനേയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും.
◾പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളംമൂലം ഇരുസഭകളും ഉച്ചവരെ നിര്‍ത്തി വച്ചു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ കറുത്ത വസ്ത്രം ധരിച്ചിട്ടോ ഒരു പ്രയോജനവുമില്ലെന്നും മോദി തന്നെ 2024 ലും ഇന്ത്യ ഭരിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പരിഹസിച്ചു.
◾കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലെ മൈക്ക് തകരാറിലായതു പൊലീസ് കേസെടുത്തതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. മൈക്ക് തകരാറായത് അന്വേഷിക്കണ്ടേ, അതില്‍ എന്താണ് തെറ്റെന്ന് ഇ.പി ജയരാജന് ചോദിച്ചു. വിഐപി സെക്യൂരിറ്റി ചട്ടപ്രകാരമുള്ള നടപടി മാത്രമാണ് പൊലീസ് ചെയ്തതെന്നും ജയരാജന് പറഞ്ഞു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന് സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾സ്പീക്കര്‍ ഷംസീറിനുനേരെ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം നേതാവ് പി ജയരാജന്. ഷംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകുമെന്ന് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു.
◾കൊല്ലം പരവൂരില്‍ 75 വയസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയ സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനിയും അഭിഭാഷകയുമായ നിത്യ ശശിയും പരവൂര്‍ കലയ്ക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്. തിരുവനന്തപുരം പട്ടത്തെ മുന്‍ സൈനികനും കേരള സര്‍വ്വകലാശാല ജീവനക്കാരനുമായിരുന്നയാളെയാണ് കെണിയില്‍ കുടുക്കിയത്.
◾ഒന്നര വര്‍ഷം മുമ്പു കാണാതായ പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ കൊലപ്പെടുത്തിയതാണെന്നു പോലീസ്. ഭാര്യയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. മൃതദേഹം കുഴിച്ചുമൂടിയെന്നു സംശയിക്കുന്ന പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് പരിശോധന നടത്തും.
◾യുഡിഎഫ് സ്വതന്ത്ര അംഗവും രണ്ടു കോണ്‍ഗ്രസ് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെ ചങ്ങനാശേരി നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍പേഴ്സണ്‍ സന്ധ്യ മനോജിനെതിരേ ഇടതുമുന്നണി നല്കിയ അവിശ്വാസം പാസായി. 37 അംഗ കൗണ്‍സിലില്‍ 19 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിന് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരേ കേസ്. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐ എ.സി പ്രമോദിനെതിരെ അമ്പലപ്പുഴ സ്വദേശിനി നല്കിയ പരാതിയില്‍ മലപ്പുറം കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്.
◾മദ്യനയം കള്ളു വ്യവസായത്തെ തകര്‍ക്കുമെന്നു എഐടിയുസി. റിസോര്‍ട്ടുകളിലും റസ്റ്റോറന്റുകളിലും കള്ളുചെത്ത് അനുവദിക്കരുതെന്നും എഐടിയുസി ആവശ്യപ്പെട്ടു. രജിസ്ട്രേഡ് തൊഴിലാളികള്‍ക്കു മാത്രമേ കള്ളു ചെത്താന്‍ അവകാശമുള്ളൂവെന്നും എഐടിയുസി.
◾കാസര്‍കോഡ് ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലെ ഒപ്പ് തന്റേതല്ലെന്ന് നടനും അഭിഭാഷകനുമായ അഡ്വ. ഷുക്കൂര്‍. തട്ടിപ്പിന് ഇരയായവര്‍ക്കൊപ്പം നിന്ന തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും അഡ്വ. ഷുക്കൂര്‍ ആരോപിച്ചു. വ്യാജ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിന് ഷുക്കൂര്‍ ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു.
◾ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിനു ഫയല്‍ ചെയ്ത കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങള്‍ക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹൗളിംഗ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
◾കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ കഥകളി ആസ്വദിച്ച് രാഹുല്‍ ഗാന്ധിയും എംടി വാസുദേവന്‍നായരും. ആര്യവൈദ്യശാലയില്‍ ചികിത്സയിലാണ് ഇരുവരും. ആര്യ വൈദ്യശാലയുടെ ധന്വന്തരി ക്ഷേത്രത്തിന് സമീപമുള്ള അഗ്രശാലയിലായിരുന്നു കഥകളി. കോട്ടക്കല്‍ പിഎസ് വി നാട്യ സംഘമാണ് ദക്ഷയാഗം കഥകളി അവതരിപ്പിച്ചത്.
◾തൃശൂര്‍ പടിയൂര്‍ കെട്ടിച്ചിറയില്‍ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. കല്ലേറ്റുങ്കര സ്വദേശി പ്രണവി (18) നെയാണ് കാണാതായത്. സുഹൃത്തിനൊപ്പം വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് അപകടം.
◾തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ പെട്ടു വള്ളം മറിഞ്ഞു. മത്സ്യതൊഴിലാളിയെ രക്ഷിച്ചു. ഷിബു എന്ന മത്സ്യ തൊഴിലാളിക്കു മുഖത്തും കാലിലും പരിക്കേറ്റിട്ടുണ്ട്.
◾തൃശൂരില്‍ പെരിങ്ങല്‍ക്കുത്ത് കെഎസ്ഇബി ക്വാര്‍ട്ടേഴ്സില്‍ ആദിവാസി യുവതി മരിച്ച നിലയില്‍. ആനപ്പാന്തം കോളണിയിലെ ഗീത (40) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു.
◾കാസര്‍കോട് കറന്തക്കാട് വിദ്യാര്‍ത്ഥികളുമായി സ്കൂളിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു.
◾പൊലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്തു സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്ത പൊലീസുകാരോടു വിശദീകരണം തേടി. പത്തനംതിട്ട ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ പോലീസുകാരോടാണ് ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടിയത്.
◾ജാര്‍ഖണ്ഡില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവച്ചു കൊന്നു. ദലിത് ശോഷണ്‍ മുക്തി മഞ്ച് നേതാവായ സുഭാഷ് മുണ്ടയെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെ ബൈക്കുകളിലെത്തിയ അക്രമികള്‍ റാഞ്ചി ജില്ലയിലെ ദലദല്ലി ഭാഗത്തുള്ള ഓഫീസില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു.
◾രാജസ്ഥാനിലെ സിക്കാറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനു പ്രസംഗിക്കാന്‍ അനുവദിച്ചിരുന്ന മൂന്നു മിനിറ്റ് സമയം പ്രധാനമന്ത്രിയുടെ ഓഫീസ് റദ്ദാക്കി. പ്രധാനമന്ത്രിയെ ട്വിറ്ററിലൂടെ മാത്രമേ സ്വാഗതം ചെയ്യുന്നുള്ളൂവെന്നും പ്രസംഗത്തില്‍ സംസ്ഥാനത്തിനുവേണ്ടി ആവശ്യപ്പെടാനിരുന്ന പദ്ധതികള്‍ ഉടനേ അനുവദിക്കണണെന്നും അശോക് ഗെലോട്ട് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനാലാണ് ഒഴിവാക്കിയതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്.
◾സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വം അവധിയും നല്‍കുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്. സിവില്‍ സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾വിന്‍ഡീസിനെതിരായ ഇന്ത്യയുടെ മൂന്നുമത്സരങ്ങളടങ്ങിയ ഏകദിന ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ബ്രിഡ്ജ്ടൗണില്‍ നടക്കുന്ന മത്സരം വൈകീട്ട് ഏഴു മുതലാണ്. സഞ്ജു സാംസണ് ടീമില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
◾രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്വകാര്യ ബാങ്കായ ആര്.ബി.എല്‍ ബാങ്കില്‍ 10 ശതമാനം ഓഹരി വാങ്ങുന്നു. ഓട്ടോമൊബൈല്‍, ഐ.ടി, ബാങ്ക്-ഇതര ധനകാര്യ സ്ഥാപനം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ബിസിനസുകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള സ്ഥാപനമാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര നേതൃത്വം നല്കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ബാങ്കിംഗ് മേഖലയിലും സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. നിലവില്‍ ആര്.ബി.എല്ലിന്റെ 3.5 ശതമാനം ഓഹരികള്‍ മഹീന്ദ്രയുടെ കൈവശമാണ്. ഏറ്റെടുക്കലിനു ശേഷം ഇന്‍വെസ്റ്റ്മെന്റ് ഫണ്ടായ മേപ്പിളിനൊപ്പം ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമയായി മഹീന്ദ്ര മാറും. ബാങ്കിന്റെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ ഏറ്റെടുക്കണമെങ്കില്‍ മഹീന്ദ്രയ്ക്ക് റീസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. 2023 ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ ലാഭം 43.2% ഉയര്‍ന്ന് 288 കോടി രൂപയായി. ഉയര്‍ന്ന പലിശ വരുമാനവും കുറഞ്ഞ നീക്കിയിരുപ്പുമാണ് ഇതിന് സഹായകമായത്. ഓഹരി സ്വന്തമാക്കുന്ന വര്‍ത്തകള്‍ക്കു പിന്നാലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓഹരികള്‍ 7 ശതമാനം ഇടിഞ്ഞു. വിപണി മൂല്യത്തില്‍ 12,000 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. അതേ സമയം, കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ആര്.ബി.എല്‍ ബാങ്കിന്റെ ഓഹരി വില 44 ശതമാനം ഉയര്‍ന്നു. ജൂണ്‍ 26 ന് 166 രൂപയായിരുന്ന ഓഹരി ഇപ്പോള്‍ 246 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 1.7 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്.
◾മെറ്റയുടെ ത്രെഡ്സ് ആപ്പിന് പിന്നാലെ ഇലോണ്‍ മസ്കിന്റെ മൈക്രോബ്ലോഗിങ് ആപ്പായ ട്വിറ്ററിന് മുട്ടന്‍ പണിയുമായി ചൈനീസ് ഷോര്‍ട്ട് വിഡിയോ ആപ്പായ ടിക് ടോക്. ട്വിറ്റര്‍ പോലെ ടെക്സ്റ്റ് ഒണ്‍ലി പോസ്റ്റുകള്‍ പങ്കുവെക്കാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ടിക് ടോകും. തിങ്കളാഴ്ചയായിരുന്നു കമ്പനി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. പുതിയ ഫീച്ചറിലൂടെ ടിക് ടോക്ക് ഉപയോക്താക്കള്‍ക്ക് അവരുടെ പോസ്റ്റുകള്‍ക്ക് വ്യത്യസ്തമായ കളര്‍ ബാക്ക്ഗ്രൗണ്ടുകളും സ്റ്റിക്കറുകളും ഹാഷ്ടാഗുകളും ഉപയോഗിക്കാനും മറ്റുള്ള ഉപയോക്താക്കളെ ടാഗ് ചെയ്യാനും കഴിയും. 1000 അക്ഷരങ്ങളുള്ള പോസ്റ്റുകള്‍ മാത്രമാകും പങ്കുവെക്കാന്‍ സാധിക്കുക. ട്വിറ്ററിനും (ഇപ്പോള്‍ ‘എക്സ്’) മെറ്റയുടെ ത്രെഡ്സിനും വെല്ലുവിളിയേകാനാണ് ടിക് ടോക് പുതിയ സവിശേഷതയിലൂടെ ലക്ഷ്യമിടുന്നത്. ട്വിറ്റര്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധി മുതലെടുക്കാനാണ് മെറ്റയെ പോലെ ടിക് ടോകിന്റെയും ശ്രമം. പരസ്യദാതാക്കള്‍ പലരും സൈറ്റില്‍ നിന്ന് പിന്‍വാങ്ങിയതോടെ ട്വിറ്റര്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണിപ്പോള്‍. തങ്ങളുടെ പരസ്യ വരുമാനം 50% കുറഞ്ഞതായി ട്വിറ്റര്‍ ജൂലൈയില്‍ അറിയിച്ചിരുന്നു.
◾നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും വൈറല്‍ ആയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ഇപ്പോഴിതാ ജയിലറിനുവേണ്ടി അനിരുദ്ധ് ഒരുക്കിയ മൂന്നാമത്തെ ഗാനവും പുറത്തെത്തിയിരിക്കുകയാണ്. ‘ജൂജൂബി’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സൂപ്പര്‍ സുബു ആണ്. ധീ, അനിരുദ്ധ് രവിചന്ദര്‍, അനന്തകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നു. രജനിയും മോഹന്‍ലാലും ആദ്യമായാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന് എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിനാണ്. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ കൃഷ്ണന്, വിനായകന്, ശിവ്രാജ് കുമാര്‍, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ആര്‍ഡിഎക്സ’് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ‘ഹലബല്ലൂ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മഞ്ജു മഞ്ജിത്ത് ആണ്. സാം സി എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബെന്നി ദയാല്‍, രഞ്ജിത്ത് കെ ഗോവിന്ദ്, നരേഷ് അയ്യര്‍, സാം സി എസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫാമിലി ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഓണത്തിന് തിയറ്ററുകളില്‍ എത്തും.
◾മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഈ വര്‍ഷം അവസാനത്തോടെ മൂന്ന് പുതിയ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ രണ്ടെണ്ണം മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്മെന്റിലാണ്. കോപാക്ട് എസ് യുവി രംഗത്ത് തരംഗമാകാന്‍ ലക്ഷ്യമിട്ടാണ് മൂന്നാമത്തെ വാഹനം. അര്‍ബന്‍ ക്രൂയിസര്‍ നിര്‍ത്തലാക്കിയതിന്റെ വിടവ് ഈ നാല് മീറ്ററില്‍ താഴെയുള്ള കോപാക്ട് എസ്യുവി നികത്തുമെന്നാണ് കണക്കുകൂട്ടല്‍. മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ പേരും ലോഗോയും മാറ്റി റീബാഡ്ജ് ചെയ്ത പതിപ്പായിരിക്കും ഇത്. ഫ്രോങ്ക്സിനെ അപേക്ഷിച്ച് ഫ്രണ്ട്, റിയര്‍ പ്രൊഫൈലുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാകും ഇത് അവതരിപ്പിക്കുക. 1.2-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 90 പിഎസ് പെട്രോള്‍ എഞ്ചിനും 1.0-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 100 പിഎസ് പെട്രോള്‍ എഞ്ചിനും ഉള്‍പ്പെടെയുള്ള പവര്‍ട്രെയിന്‍ ഓപ്ഷനുകളിലായിരിക്കാം മോഡല്‍ പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം പുറത്തിറക്കാന്‍ പോകുന്ന രണ്ടു എംപിവികളില്‍ ഒന്ന് ടൊയോട്ട റൂമിയോണ്‍ ആണ്. മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണിത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 103 പിഎസ് പെട്രോള്‍ എഞ്ചിനും ഏഴ് സീറ്റര്‍ ഇന്റീരിയറും ഓള്-ബ്ലാക്ക് ലേഔട്ടില്‍ ഉണ്ടായിരിക്കും. ടൊയോട്ട റൂമിയോണിന് എര്‍ട്ടിഗയേക്കാള്‍ അല്‍പ്പം ഉയര്‍ന്ന വില പ്രതീക്ഷിക്കാം. ടൊയോട്ടയുടെ നിരയിലെ രണ്ടാമത്തെ എംപിവി പുതിയ വെല്‍ഫയര്‍ ആയിരിക്കും. വെല്‍ഫയര്‍ അതിന്റെ 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിന്‍ നിലനിര്‍ത്തുന്നു. പരമാവധി പവര്‍ 250 പിഎസ് ആണ്.
◾യുക്തിചിന്തയും വിശ്വാസവും തമ്മിലുള്ള നിരന്തരസംഘര്‍ഷങ്ങളുടെയും സമരങ്ങളുടെയും കഥ. വിശ്വാസനിരാസം ജീവിതവ്രതമാക്കിയ വ്യക്തിക്ക് ജീവിതത്തിന്റെ പ്രത്യേക സന്ധിയില്‍ ഒരു കോര്‍പ്പറേറ്റ് ദൈവത്തിന്റെ സഹായം സ്വീകരിക്കേണ്ടിവരുന്നു. സ്വയം അംഗീകരിക്കാനാകാത്ത ചുവടുമാറ്റവും തുടര്‍ന്നുണ്ടാകുന്ന അനുഭവങ്ങളും സൃഷ്ടിക്കുന്ന സംഘര്‍ഷവഴികളിലേക്ക് വായനക്കാരനെ നയിക്കുന്ന രചന. ‘ഏഴാമത്തെ ദൂതന്’. എബ്രഹാം മാത്യു. മാതൃഭൂമി ബുക്സ്. വില: 240 രൂപ.
◾കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും വവ്വാലുകള്‍ക്കിടയില്‍ നിപ വൈറസ് പരന്നിട്ടുള്ളതായി പഠനത്തില്‍ കണ്ടെത്തി. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളിലാണ് നിപ വൈറസ് ആന്റിബോഡികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വൈറസ് ഈ പ്രദേശങ്ങളിലെ വവ്വാലുകള്‍ക്കിടയില്‍ പരന്നിരുന്നതിന്റെ തെളിവാണ് ഇത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ പൂണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് സര്‍വേ നടത്തുന്നത്. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിപ വൈറല്‍ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താനായില്ല. മുന്‍പ് കേരളത്തിലെ കോഴിക്കോട് ജില്ലയിലും അസമിലെ ധുബ്രി ജില്ലയിലും പശ്ചിമബംഗാളിലെ മ്യാനഗുരി, കൂച്ച് ബെഹര്‍ എന്നിവിടങ്ങളിലുമായിരുന്നു രാജ്യത്ത് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നത്. മനുഷ്യരിലേക്ക് വൈറസ് പകരാന്‍ ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഈ സ്ഥലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സര്‍വേയിലൂടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് സാധിക്കും. ഇന്ത്യയിലെ ആദ്യ നിപ വൈറസ് പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത് 2001 ജനുവരി-ഫെബ്രുവരിയില്‍ പശ്ചിമബംഗാളിലെ സിലിഗുരിയിലായിരുന്നു. അന്ന് വൈറസ് ബാധിക്കപ്പെട്ട 66 പേരില്‍ 45 പേര് മരണപ്പെട്ടു. അമേരിക്കയിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ സഹായത്തോടെ 2006ലാണ് ഈ രോഗവ്യാപനം നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. 2007 ഏപ്രിലില്‍ പശ്ചിമബംഗാളിലെ നാദിയ ജില്ലയിലായിരുന്നു നിപയുടെ രണ്ടാം പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ കോഴിക്കോട് 2018 മെയ് മാസമായിരുന്നു നിപയുടെ അടുത്ത ആക്രമണം. വൈറസ് ബാധിച്ച 18 പേരില്‍ 16 പേരും മരണപ്പെട്ടു. ദക്ഷിണേന്ത്യയിലെ ആദ്യ നിപ വൈറസ് വ്യാപനവും ഇതായിരുന്നു. ഏറ്റവും അവസാനം ഇന്ത്യയില്‍ നിപ റിപ്പോര്‍ട്ട് ചെയ്തത് 2021 ഓഗസ്റ്റ്-സെപ്റ്റംബറില്‍ കോഴിക്കാടാണ്. ഒരാള്‍ ഇത് മൂലം മരണപ്പെട്ടു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.94, പൗണ്ട് – 106.37, യൂറോ – 91.22, സ്വിസ് ഫ്രാങ്ക് – 95.64, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.85, ബഹറിന്‍ ദിനാര്‍ – 217.40, കുവൈത്ത് ദിനാര്‍ -267.05, ഒമാനി റിയാല്‍ – 212.82, സൗദി റിയാല്‍ – 21.84, യു.എ.ഇ ദിര്‍ഹം – 22.31, ഖത്തര്‍ റിയാല്‍ – 22.50, കനേഡിയന്‍ ഡോളര്‍ – 62.22.