അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാം അവതരിപ്പിച്ച് ജീപ്പ് ഇന്ത്യ. പ്രമുഖ വാഹന ലീസിങ് കമ്പനിയായ എഎല്‍ഡി ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് ജീപ്പ് ഇന്ത്യ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ജീപ്പ് കോംപസിലും മെറിഡിയന് എസ്യുവികളിലുമാണ് ജീപ്പ് അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാം കൊണ്ടുവന്നിരിക്കുന്നത്. ഈ പദ്ധതി പ്രകാരം പരമാവധി നാലു വര്‍ഷ കാലയളവില്‍ ജീപ്പിന്റെ വാഹനം തിരിച്ചു നല്കിയാല് വാഹനത്തിന്റെ എക്സ്ഷോറൂം വിലയുടെ 55 ശതമാനം വരെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പദ്ധതിയുടെ ആനുകൂല്യം ഉറപ്പിക്കണമെങ്കില്‍ പ്രതിവര്‍ഷം 20,000 കിലോമീറ്ററില്‍ കൂടുതല്‍ വാഹനം ഓടരുതെന്നും നിബന്ധനയുണ്ട്. ബൈ ബാക്ക് ഓഫറിനു പുറമേ എക്സ്റ്റെന്‍ഡഡ് വാറന്‍ഡി, പ്രതിവര്‍ഷ അറ്റകുറ്റ പണികള്‍, റോഡ്സൈഡ് അസിസ്റ്റന്‍സ്, ഇന്‍ഷുറന്‍സ്(ആദ്യ വര്‍ഷം) എന്നിവയും ജീപ്പിന്റെ അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു. ജീപ് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ പ്രതിമാസ തിരിച്ചടവ് പദ്ധതികള്‍ ഉപയോഗപ്പെടുത്തിയും ഇതില്‍ അംഗമാവാം. താരതമ്യേന കുറഞ്ഞ പ്രതിമാസ തിരിച്ചടവാണ് മറ്റൊരു സവിശേഷത. 39,999 രൂപമുതലുള്ള പ്രതിമാസ തിരിച്ചടവ് പദ്ധതികള്‍ അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാമിന്റെ ഭാഗമായുണ്ട്.