ഇന്ത്യയില്‍ 10 ലക്ഷം കാറുകള്‍ നിര്‍മിച്ച് കിയ. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ നിര്‍മാണശാലയില്‍ നിന്നാണ് കിയ 10 ലക്ഷം കാറുകള്‍ പുറത്തിറക്കിയത്. ഇതോടെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ 10 ലക്ഷം പൂര്‍ത്തിയാക്കുന്ന വാഹന നിര്‍മാതാക്കള്‍ എന്ന പേരും കിയയ്ക്കും സ്വന്തമായി. 10 ലക്ഷം തികച്ചുകൊണ്ട് ചെറു എസ്‌യുവി സെല്‍റ്റോസിന്റെ പുതിയ പതിപ്പാണ് അനന്തപൂര്‍ ശാലയില്‍ നിന്ന് പുറത്തുവന്നത്. 7.5 ലക്ഷം യൂണിറ്റ് പ്രദേശിക വില്‍പനയും 2.5 ലക്ഷം യൂണിറ്റ് കയറ്റുമതിയും ചേര്‍ന്നാണ് നിര്‍മാണം 10 ലക്ഷം പിന്നിട്ടത്. ഇതില്‍ 532450 സെല്‍റ്റോസും 332450 യൂണിറ്റ് സോണറ്റും 120516 യൂണിറ്റ് കരന്‍സും 14584 യൂണിറ്റ് കാര്‍ണിവലുമുണ്ട്. 2019 ലാണ് സെല്‍റ്റോസുമായി കിയ ഇന്ത്യന്‍ വിപണിയില്‍ അറങ്ങേറിയത്. വിപണിയിലെത്തി ആദ്യ 46 മാസത്തില്‍ തന്നെ സെല്‍റ്റോസിന്റെ വില്‍പന 5 ലക്ഷം യൂണിറ്റ് പിന്നിട്ടു. 2019 ല്‍ പ്രവര്‍ത്തനം ആരംഭിച്ച അനന്തപൂര്‍ ശാലയ്ക്കു വര്‍ഷം മൂന്നു ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ശേഷിയുണ്ട്.