കവിയും യുവവിപ്ലവകാരിയുമായിരുന്ന കാലിയേവിന്റെ ചരിത്രമോ ഭാവനയോ കണ്ടെത്താത്ത പില്‍ക്കാലത്തെ ജീവിതാഖ്യാനമാണ് ഇത്. വിപ്ലവത്തിന്റെ ഉച്ചാവസ്ഥയില്‍ ദൗത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ട് മനഃസാക്ഷിയുടെ വനാന്തരത്തില്‍ പുണ്യപാപബോധങ്ങള്‍ക്കിടയിലൂടെ നടത്തുന്ന പലായനം: സ്വത്വാന്വേഷണം. മിത്രങ്ങളാലും ശത്രുക്കളാലും ഒരേപോലെ വേട്ടയാടപ്പെടുന്ന വിഭ്രമാവസ്ഥയിലെ പോരാളിയായും ഭീരുവായും റെനഗേഡായും ഇരയായും രക്ഷകനായും ഉള്ള വേഷപ്പകര്‍ച്ചകള്‍. ആയിരത്തൊന്നു രാവുകളിലെന്നപോലെയുള്ള വിസ്മയാനുഭവ പരമ്പരകള്‍. പിറന്ന നാട്ടിലേക്കുള്ള തിരിച്ചുവരവില്‍ തനിക്കും മുമ്പിലുള്ള തന്റെ പ്രതിമയ്ക്കുമിടയിലെ സ്വത്വവിഭ്രമം. സാത്വികത രൗദ്രമായും രൗദ്രം സാത്വികതയായും താന്‍ അപരനായും അപരന്‍ താനായും പുണ്യം പാപമായും പാപം പുണ്യമായും നിറംപകര്‍ന്നാടുന്ന വൈരുദ്ധ്യങ്ങളിലെ ദ്വന്ദ്വത്തെയും ദ്വന്ദ്വത്തിലെ വൈരുദ്ധ്യങ്ങളെയും അനുഭവിപ്പിക്കുന്ന മാജിക്കല്‍ റിയലിസത്തിന്റെ കാവ്യാഖ്യായിക. ‘രൗദ്രസാത്വികം’. പ്രഭാവര്‍മ്മ. ഡി സി ബുക്‌സ്. വില: 230 രൂപ.