sunset 10

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് മെട്രോമാന്‍ ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു മുന്നോട്ടു പോകാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകാതെത്തന്നെ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയില്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. കെ റെയില്‍ കോര്‍പറേഷന്റെ അഭിപ്രായം തേടിയശേഷമാകും ചര്‍ച്ച. കാര്യമായ ഭൂമി ഏറ്റെടുക്കല്‍ ഇല്ലാത്ത പദ്ധതിക്ക് എതിര്‍പ്പുകള്‍ കുറവായിരിക്കും. ബിജെപി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.

ഐഎസ്ആര്‍റോയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി. നാളെ ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരും. കരുത്തനായ റോക്കറ്റ് എല്‍വിഎം 3 ആണ് ചന്ദ്രയാന്‍ മൂന്നിനെ ബഹിരാകാശത്ത് എത്തിക്കുന്നത്. വിക്ഷേപണം കഴിഞ്ഞ് നാല്‍പ്പത് ദിവസത്തിനു ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക.

കൊട്ടാരക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് അഞ്ചു പേര്‍ക്കു പരിക്കേറ്റ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും പൈലറ്റ് വാഹനം ഓടിച്ച പോലീസുകാരനുമെതിരേ കേസ്. ട്രാഫിക് നിയമം ലംഘിച്ച് എത്തിയ പൈലറ്റ് വാഹനത്തിനെതിരേ പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ആംബുലന്‍സ് ഡ്രൈവറെ പൊലിസ് ഭീഷണിപ്പെടുത്തിയതിനു പിറകേയാണ് കേസെടുത്തത്.

ഇന്നും നാളെയും വ്യാപകമായ മഴയ്ക്കു സാധ്യത. മണ്‍സൂണ്‍ പാത്തിക്കു പുറമേ, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നണ്ട്. ഞായറാഴ്ചയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടും.

ബിജെപി യുമായുള്ള അവിഹിത ബന്ധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെ റയിലിലുള്ള ഒത്തുതീര്‍പ്പെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കെ.വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണ്. കെ.വി. തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിര്‍ദ്ദേശപ്രകാരമാണ്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്. ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ഇടത് എംഎല്‍എ പി.വി ശ്രീനിജനില്‍നിന്ന് പണം വാങ്ങിയത് കെപിസിസി സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആന്റോ ജോസഫാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്‍.ആന്റോ ജോസഫും പിവി ശ്രീനിജനും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുവരാതിരിക്കാനാണ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ നിയമനടപടികള്‍ നടത്തുന്നതെന്നും വിപി സജീന്ദ്രന്‍ പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നാലു വയസുകാരിയെ കടിച്ച നായ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ മാസം മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത മാറനല്ലൂര്‍ മലവിള പാലത്തില്‍നിന്ന് നെയ്യാര്‍ കനാല്‍ ഭാഗത്തേക്കുള്ള കോണ്‍ക്രീറ്റ് റോഡ് തകര്‍ന്നു. 50 മീറ്ററോളം ഇടിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ ഉപരോധ സമരം നടത്തി. പോലീസ് സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി.

അമേരിക്കയില്‍ മരിച്ച ബന്ധുവിന്റെ സ്വത്തവകാശിയാണെന്നും പണം കൈമാറാനുള്ള ചെലവിലേക്കെന്നു വിശ്വസിപ്പിച്ച് 24 ലക്ഷം രൂപ തട്ടിയെടുത്ത ഉത്തരേന്ത്യക്കാരനെ ഗുജറാത്തിലെ സൂററ്റില്‍നിന്ന് പോലീസ് പിടികൂടി. മാവേലിക്കര പ്രായിക്കര വിളയില്‍ വീട്ടില്‍ സത്യദേവനെ കബളിപ്പിച്ച 32 കാരനായ ധര്‍മേന്ദ്രകുമാര്‍ സിംഗിനെയാണു പോലീസ് അറസ്റ്റു ചെയ്തത്.

അവയവദാനം വാഗ്ദാനം ചെയ്ത് രോഗികളില്‍നിന്നും ബന്ധുക്കളില്‍നിന്നും പണം തട്ടിയ യുവാവ് പിടിയില്‍. കരള്‍ നല്‍കാമെന്ന പേരില്‍ പണം തട്ടിയതിന് കാസര്‍ഗോഡ് ബലാല്‍ വില്ലേജ് പാറയില്‍ വീട്ടില്‍ സബിന്‍ പി കെ (25) ആണ് ചേരാനല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി സെല്ലിനകത്ത് മരിച്ച സംഭവത്തില്‍ മറ്റൊരു അന്തേവാസി സ്ത്രീ അറസ്റ്റിലായി. കഴിഞ്ഞ നവംബര്‍ 29 നാണ് ശൂരനാട് സ്വദേശി സ്മിത കൊല്ലപ്പെട്ടത്. മറ്റൊരു അന്തേവാസിയായ സജിത മേരിയെയാണ് അറസ്റ്റ് ചെയ്തത്. അസഭ്യം പറഞ്ഞതിലെ ദേഷ്യത്തിന് ഉറങ്ങിക്കിടന്ന സ്മിതയെ പാത്രംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്നു പോലീസ് പറയുന്നു.

കണ്ണൂര്‍ കൂത്തുപറമ്പില്‍ സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ ബന്ധുവായ സൈനികന്‍ അറസ്റ്റില്‍. പിണറായി വെണ്ടുട്ടായി സ്വദേശി അരുണ്‍ കുമാറാണ് പിടിയിലായത്. പന്നിയോറയിലെ ജാനകിയുടെ മുഖത്ത് മുളകുസ്പ്രേ അടിച്ച് വീഴ്ത്തിയാണ് മൂന്ന് പവന്‍ മാല കവര്‍ന്നത്.

വൈക്കത്ത് കള്ളു ഷാപ്പില്‍ പുനലൂര്‍ സ്വദേശി ബിജു ജോര്‍ജിനെ കുത്തിക്കൊന്നത് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന്. കൊലപാതകത്തിനു സുഹൃത്ത് സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ പുന്നപ്ര പറവൂര്‍ കാട്ടുങ്കല്‍ വെളിയില്‍ സുജീഷാണ് മരിച്ചത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലേക്കു തിരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായും പ്രധാനമന്ത്രി എലിസബത്ത് ബോണുമായും ചര്‍ച്ച നടത്തും. ബാസ്റ്റീല്‍ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിലും നാളെ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിക്ക് മക്രോണ്‍, കൊട്ടാരത്തില്‍ പ്രത്യേക വിരുന്ന് ഒരുക്കും.

പാശ്ചാത്യ രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കിടയിലെ പാലമാവുകയാണ് ഇന്ത്യയുടെ ദൗത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമായി വിദേശ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

യമുനാ നദി കര കവിഞ്ഞതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കോളജുകള്‍ അടക്കം എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

ഹരിയാനയില്‍ നിന്ന് മുംബൈയിലേക്കു കൊണ്ടുപോകവേ കാണാതായ ട്രെയിന്‍ എന്‍ജിന്‍ മൂന്നു മാസത്തിനുശേഷം മുംബൈയിലെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയതോടെയാണ് ഒളിപ്പിച്ച കമ്പനിക്കാര്‍തന്നെ എന്‍ജിന്‍ മുംബൈയിലെത്തിച്ചത്. കരാറുകാരന്‍ തുക കൈമാറാത്തതിനെത്തുടര്‍ന്ന് ഉപകരാറുകാരന്‍ ട്രെയിന്‍ എന്‍ജിന്‍ സ്ഥലത്തെത്തിക്കാതെ ഒളിപ്പിക്കുകയായിരുന്നു.

ആന്ധ്രപ്രദേശിലെ അനമയ്യ ജില്ലയിലെ മദനപ്പള്ളിയില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ചാ സംഘം കൊലപ്പെടുത്തി. മദനപ്പള്ളിയിലെ നരീം രാജശേഖര്‍ റെഡ്ഡിയെയാണ് കൊന്ന് പണം അപഹരിച്ചത്. വിളവെടുത്ത പണം കൈവശമുണ്ടെന്ന ധാരണയിലാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.

പാക്കിസ്ഥാന് മുന്നൂറു കോടി ഡോളര്‍ വായ്പ അനുവദിച്ച് ഐഎംഎഫ്. ഇതില്‍ 120 കോടി ഡോളര്‍ ഉടനേ നല്‍കും.

ഇന്ത്യയുടെ വ്യാവസായിക മേഖലയില്‍ ഉണര്‍വ് ശക്തമെന്ന് വ്യക്തമാക്കി മേയില്‍ വ്യാവസായിക ഉത്പാദന സൂചിക 5.2 ശതമാനം വളര്‍ന്നു. ഏപ്രിലില്‍ വളര്‍ച്ച 4.5 ശതമാനമായിരുന്നു. 2022 മേയില്‍ 19.7 ശതമാനമായി വളര്‍ന്നിരുന്നെങ്കിലും അതുപക്ഷേ, കൊവിഡ് പ്രതിസന്ധി മൂലമുള്ള 2021 മേയിലെ നിര്‍ജീവ ഉത്പാദനവുമായി താരതമ്യം ചെയ്യുമ്പോഴുള്ള വളര്‍ച്ചയാണ്. ഇന്ത്യന്‍ വ്യവസായത്തിന്റെ നെടുംതൂണായ മാനുഫാക്ചറിംഗ് മേഖല ഇക്കുറി മേയില്‍ 5.7 ശതമാനം വളര്‍ന്നത് കരുത്തായെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ചൂണ്ടിക്കാട്ടി. ഊര്‍ജോത്പാദനം 0.9 ശതമാനവും ഖനന ഉത്പാദനം 6.4 ശതമാനവും വളര്‍ന്നതും നേട്ടമായി. കൊവിഡ് കാലത്തെ അപേക്ഷിച്ച് വ്യവസായിക രംഗത്തേക്കുള്ള മൂലധന ലഭ്യതയിലെ വര്‍ദ്ധന, പങ്കാളിത്തത്തിലുണ്ടായ വര്‍ദ്ധന എന്നിവ ഐ.ഐ.പി വളര്‍ച്ചയ്ക്ക് സഹായകമായെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഉപയോഗ വിഭാഗങ്ങള്‍ പരിഗണിച്ചാല്‍ കാപ്പിറ്റല്‍ ഗുഡ്‌സ് മേഖല 8.2 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം 1.1 ശതമാനവും വളര്‍ച്ച മേയില്‍ കുറിച്ചിട്ടുണ്ട്. 7.6 ശതമാനമാണ് കണ്‍സ്യൂമര്‍-നോണ്‍ ഡ്യൂറബിള്‍സിന്റെ വളര്‍ച്ച. അടിസ്ഥാനസൗകര്യ/നിര്‍മ്മാണ രംഗത്തെ ഉത്പന്നങ്ങളുടെ വളര്‍ച്ച 14 ശതമാനമാണെന്നതും ഉണര്‍വിന്റെ സൂചനയാണെന്ന് നിരീക്ഷകര്‍ പറയുന്നു.

വിലക്കുറവുള്ള, എന്നാല്‍ ഫീച്ചറുകള്‍ക്കു കുറവില്ലാത്ത പുതിയ സ്മാര്‍ട്ട് വാച്ചും, വയര്‍ലെസ് ഇയര്‍ഫോണും വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ കമ്പനിയായ പിട്രോണ്‍. റിഫ്‌ളെക്ട് എയ്‌സ് എന്ന1.85-ഇഞ്ച് വലിപ്പമുള്ള എച്ഡി ഡിസ്‌പ്ലെയുള്ള വാച്ചാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. വാച്ച് ആമസോണില്‍ പ്രാരംഭ ഓഫറുള്‍പ്പടെ ഇപ്പോള്‍ 1299 രൂപയ്ക്കു വാങ്ങാം. സെന്‍ബഡ്‌സ് ഇവോ ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ് ആണ് മറ്റൊരു ഉല്‍പ്പന്നം. മികച്ച ബാറ്ററി ലൈഫും, കുറ്റമറ്റ ഓഡിയോ പ്രകടനവും ഉണ്ടെന്ന് കമ്പനി പറയുന്നു. അവതരണ സമയത്തെ കിഴിവ് ഉള്‍ക്കൊള്ളിച്ച് 899 രൂപയ്ക്കു വാങ്ങാന്‍ സാധിക്കും. പുതിയ ഡിസൈന്‍ കൂടാതെ പല പ്രൊഫെഷണല്‍ ഗ്രേഡ് ഫീച്ചറുകളും വാച്ചില്‍ ഉണ്ട്. ഐപി68 വാട്ടര്‍ റെസിസ്റ്റന്‍സ് സ്ലീപ് ട്രാക്കിങ് തുടങ്ങിയവ ഇതില്‍ പെടുന്നു. 120 സ്‌പോര്‍ട്‌സ് മോഡുകളും ഉണ്ട്. വാച്ചും ഫോണുമായി ബ്ലൂടൂത് വഴി കണക്ടു ചെയ്തിരിക്കുന്നതിനാല്‍ വാച്ചില്‍ നിന്ന് നേരിട്ടു കോള്‍ ചെയ്യാം. മൂന്നു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 7 ദിവസം വരെ ബാറ്ററി ലഭിക്കാം. ബഡ്‌സിന് 32 മണിക്കൂര്‍ വരെ നേരത്തേക്ക് ബാറ്ററി ലൈഫ് ലഭിക്കും. ഇലട്രോപ്ലെയ്റ്റ് ചെയ്ത ടൈപ്-സി ഫാസ്റ്റ്ചാര്‍ജിങ് കെയ്‌സും ഉള്ളതിനാല്‍ ചാര്‍ജിങ് ഒരു പ്രശ്‌നമായേക്കില്ല. ടച് ഉപയോഗിച്ച് അതീവ കൃത്യതയോടെ ഇയര്‍ബഡ്‌സ് നിയന്ത്രിക്കാനും സാധിക്കും.

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. സിദ്ധ് ശ്രീറാമും ചിന്മയിയും ചേര്‍ന്ന് ആലപിച്ച ഈ പ്രണയഗാനം രചിച്ചിരിക്കുന്നത് ശിവ നിര്‍വാണയാണ്. മലയാളത്തിന്റെ സ്വന്തം ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ നായികാനായകന്മാരുടെ വിവാഹശേഷമുള്ള ഈ ഗാനത്തെ ‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്’ എന്നാണ് ശ്രോതാക്കള്‍ വിലയിരുത്തുന്നത്. ഇതിനുമുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിലെ ‘എന്‍ റോജാ നീയേ’ എന്ന ഗാനവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ആരാധ്യ’യുടെ തമിഴ്, തെലുങ്ക് വെര്‍ഷനുകള്‍ സിദ്ധ് ശ്രീറാമും ചിന്മയിയും ചേര്‍ന്നു പാടിയപ്പോള്‍ ഹിന്ദി വെര്‍ഷന്‍ ജുബിന്‍ നൗട്ടിയാലും പലക് മുച്ചാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത് കെ.എസ് ഹരിശങ്കറും ശ്വേതാ മോഹനും ചേര്‍ന്നാണ്. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ‘ഖുഷി’ സെപ്തംബര്‍ 1ന് തിയറ്ററുകളില്‍ എത്തും. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.

ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി എന്റര്‍ടെയ്നര്‍’കുറുക്കന്റെ’ ട്രെയിലര്‍ എത്തി. കോടതിയില്‍ സ്ഥിരമായി കള്ളസാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണനായി ശ്രീനിവാസന്‍ എത്തുന്നു. മണ്ടനായ എസ്ഐയുടെ വേഷത്തില്‍ വിനീതും മാധ്യമപ്രവര്‍ത്തകനായി ഷൈന്‍ ടോമും എത്തുന്നു. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് കുറുക്കന്റെ സംവിധാനം. വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജിബു ജേക്കബ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മനോജ് റാംസിങ് തിരക്കഥ, സംഭാഷണം എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജ സംഗീതം പകരുന്നു. ജൂലൈ 27 ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ജനപ്രിയ മോഡലായ സ്‌കോര്‍പിയോ ക്ലാസിക്കിന്റെ 1,850 യൂണിറ്റുകള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചതായി രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന ബ്രാന്‍ഡായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇതിന് മുമ്പ്, ജനുവരിയില്‍ സൈന്യം 1,470 യൂണിറ്റ് സ്‌കോര്‍പിയോ ക്ലാസിക്കിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെ 12 യൂണിറ്റുകളിലേക്കാണ് എസ്യുവികള്‍ വിന്യസിക്കേണ്ടത്. സ്‌കോര്‍പിയോയുടെ പുതുക്കിയ പതിപ്പാണ് സ്‌കോര്‍പിയോ ക്ലാസിക്. നിലവില്‍ ടാറ്റ സഫാരി , ടാറ്റ സെനോണ്‍, ഫോഴ്‌സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിപ്‌സി എന്നിവ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നുണ്ട്. സ്‌കോര്‍പിയോ ക്ലാസിക് കൂടി എത്തുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവ് കൂടുതല്‍ വര്‍ധിപ്പിക്കും. സൈന്യത്തിന്റെ ഭാഗമാകുന്ന സ്‌കോര്‍പ്പിയോ സിവിലിയന്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായിരിക്കും. 4×4 പവര്‍ട്രെയിന്‍ സ്‌കോര്‍പിയോ ക്ലാസിക്കുമായി മഹീന്ദ്ര സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനര്‍ത്ഥം ഡ്യൂട്ടിയിലുള്ള എഞ്ചിന്‍ 140 കുതിരശക്തി ഉല്‍പ്പാദിപ്പിച്ചിരുന്ന 2.2 ലിറ്റര്‍ എഞ്ചിന്റെ മുന്‍ തലമുറയായിരിക്കാം. അതേസമയം സായുധ സേനയ്ക്ക് നല്‍കുന്ന മോഡലിന്റെ സവിശേഷതകളൊന്നും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 4×4 ഡ്രൈവ്ട്രെയിനിനൊപ്പം 140 പിഎസ്/320 എന്‍എം സ്റ്റേറ്റ് ട്യൂണും ഇതില്‍ സജ്ജീകരിച്ചിരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിത്യ ജീവിതത്തിന്റെ നിഗൂഢ സ്ഥലങ്ങളില്‍ നിന്ന് ജേക്കബ് എബ്രഹാം കണ്ടെടുക്കുന്ന ഈ കഥകളില്‍ ആഖ്യാനത്തിന്റെ ലാളിത്യം വായനയെ അതി സുന്ദരമായ അനുഭവമാക്കി മാറ്റുന്നു. കാലവും മനുഷ്യനും പ്രകൃതിയും ഈ കഥകളില്‍ ഒരുമിക്കുന്നു. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യന്‍ പുരസ്‌കാരം നേടിയ കഥാകൃത്തിന്റെ പന്ത്രണ്ട് ചെറുകഥകള്‍. ‘മിണ്ടാമഠം’. ജേക്കബ് എബ്രാഹം. ഡിസി ബുക്സ്. വില 171 രൂപ.

റെഡ് മീറ്റും കാര്‍ബ്സുമൊക്കെ അടങ്ങിയ ഭക്ഷണമാണ് ബര്‍ഗര്‍. അതുകൊണ്ടുതന്നെ, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണമായാണ് ബര്‍ഗറിനെ പലപ്പോഴും വിശേഷിപ്പിക്കാറ്. എന്നാല്‍ ചില മാറ്റങ്ങളോടെ ആരോഗ്യകരമായി ബര്‍ഗര്‍ തയ്യാറാക്കുകയാണെങ്കില്‍ സമീകൃത ഭക്ഷണത്തിനൊപ്പം ഇത് ഉള്‍പ്പെടുത്താമെന്ന് ഗവേഷകര്‍ പറയുന്നു. എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്ക് സാധ്യത കൂട്ടും. അതുകൊണ്ട് കലോറിയും കൊഴുപ്പും കുറഞ്ഞ 80 ശതമാനം ലീന്‍ മീറ്റ് ഉപയോഗിച്ച് ബര്‍ഗര്‍ തയ്യാറാക്കാം. ഇങ്ങനെ വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കുന്ന ബര്‍ഗര്‍ പാറ്റി പൂരിത കൊഴുപ്പും കലോറുയും കുറയ്ക്കാന്‍ സഹായിക്കും. വൈറ്റ് ബ്രെഡ് ബണ്‍ ആണ് പൊതുവെ ബര്‍ഗര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. പ്രോസസ് ചെയ്ത ഈ ബണ്ണില്‍ കലോറി കൂടുതലായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. നാരുകളും പോഷകങ്ങളും ഉള്‍പ്പെട്ട മുഴുധാന്യം ഉപയോഗിച്ചുള്ള ബണ്‍ വീട്ടില്‍ തയാറാക്കുന്നത് ആരോഗ്യകരമാണ്. പ്രോസസ് ചെയ്യപ്പെടാത്ത റെഡ്മീറ്റ് ഒരു ദിവസം 85 ഗ്രാം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രോസസ് ചെയ്യാത്ത റെഡ് മീറ്റ് ദിവസവും ചെറിയ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബര്‍ഗര്‍ പാറ്റി തയ്യാറാക്കാന്‍ ഫ്രഷ് ഇറച്ചി ഉപയോഗിക്കുന്നതാണ് നല്ലത്. ഇതില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ ബി12, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.08, പൗണ്ട് – 107.02, യൂറോ – 91.56, സ്വിസ് ഫ്രാങ്ക് – 95.14, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.13, ബഹറിന്‍ ദിനാര്‍ – 217.72, കുവൈത്ത് ദിനാര്‍ -268.03, ഒമാനി റിയാല്‍ – 267.89, സൗദി റിയാല്‍ – 21.87, യു.എ.ഇ ദിര്‍ഹം – 22.34, ഖത്തര്‍ റിയാല്‍ – 22.54, കനേഡിയന്‍ ഡോളര്‍ – 62.36.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *