വില പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 10,000 ബുക്കിങ് പിന്നിട്ട് റെക്കോഡിട്ട് ട്രയംഫ് സ്പീഡ് 400. ജൂലൈ അഞ്ചിന് രണ്ടു ബൈക്കുകള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും അതില്‍ സ്പീഡ് 400 ന്റെ വില മാത്രമാണ് പ്രഖ്യാപിച്ചത്. ബുക്ക് ചെയ്യുന്ന ആദ്യ 10000 ഉപഭോക്താക്കള്‍ക്ക് 2.23 ലക്ഷം രൂപയും തുടര്‍ന്നുള്ള ഉപഭോക്താക്കള്‍ക്ക് 2.33 ലക്ഷം രൂപയുമാണ് വില. സ്‌ക്രാംബ്ലര്‍ 400 എക്‌സിന്റെ വില പിന്നീട് പ്രഖ്യാപിക്കും. മികച്ച ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് നിര്‍മാണം ഉയര്‍ത്തുമെന്നാണ് ബജാജ് അറിയിക്കുന്നത്. ട്രയംഫിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്ക് ബജാജുമായി സഹകരിച്ചാണ് നിര്‍മിക്കുന്നത്. ട്രയംഫ് ടിആര്‍ സീരിസില്‍ പെട്ട 398 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തില്‍. 8000 ആര്‍പിഎമ്മില്‍ 40 എച്ച്പി കരുത്തും 6500 ആര്‍പിഎമ്മില്‍ 37.5 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കും. ട്യൂബുലര്‍ സ്റ്റീലില്‍ നിര്‍മിച്ച സ്പൈന്‍-പെരിമീറ്റര്‍ ഹൈബ്രിഡ് ഫ്രെയിമാണ് വാഹനത്തിലുള്ളത്. 17 ഇഞ്ച് വീലുകളാണ് സ്പീഡ് 400 സീരിസില്‍. മെറ്റ്സെലര്‍ സോഫ്റ്റ് കോംപൗണ്ട് ടയറുകളാണ്.