2022-23 ല്‍ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാല്‍) 267.17 കോടി രൂപ അറ്റാദായം. ഓഹരി ഉടമകള്‍ക്ക് 35 ശതമാനം ലാഭവിഹിതം ശുപാര്‍ശ ചെയ്തു. വിമാനത്താവള കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും ലാഭവിഹിതമാണിത്. സിയാല്‍ ഗ്രൂപ് ഓഫ് കമ്പനികളുടെ മൊത്തവരുമാനം 1000 കോടിയാക്കി ഉയര്‍ത്താനുള്ള പദ്ധതികള്‍ നടപ്പാക്കാനും ബോര്‍ഡ് തീരുമാനിച്ചു. 2022-23ല്‍ മൊത്തവരുമാനം 770.90 കോടിയായി ഉയര്‍ന്നു. പ്രവര്‍ത്തന ലാഭം 521.50 കോടിയാണ്. 2022-23ല്‍ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. 61,232 വിമാന സര്‍വീസുകളും സിയാല്‍ കൈകാര്യം ചെയ്തു. ഉപകമ്പനികളുടെയും സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. സെപ്റ്റംബറില്‍ അഞ്ച് മെഗാ പദ്ധതികള്‍ക്ക് തുടക്കമിടാനും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ടെര്‍മിനല്‍-3 വികസനത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനത്തിന് കല്ലിടല്‍, പുതിയ കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം, ഗോള്‍ഫ് ടൂറിസം പദ്ധതി, ടെര്‍മിനല്‍-2ല്‍ ട്രാന്‍സിറ്റ് അക്കമഡേഷന്‍ നിര്‍മാണോദ്ഘാടനം, ടെര്‍മിനല്‍-3 ന്റെ മുന്‍ഭാഗത്ത് കമേഴ്സ്യല്‍ സോണ്‍ നിര്‍മാണോദ്ഘാടനം എന്നിവയാണ് സെപ്റ്റംബറില്‍ നിശ്ചയിച്ചിട്ടുള്ളത്. ഇവയില്‍ ടെര്‍മിനല്‍-3ന്റെ വികസനത്തിന് മാത്രം 500 കോടിയിലധികം രൂപയാണ് കണക്കാക്കപ്പെടുന്നത്. 25 രാജ്യങ്ങളില്‍നിന്നായി 22,000 ഓഹരി ഉടമകളാണ് സിയാലിനുള്ളത്.