സര്‍ക്കാര്‍ സര്‍വ്വീസിലുള്ള നഴ്സുമാര്‍ക്ക് വേതനത്തോടെ തുടര്‍പഠനം നടത്തുന്നതിനുള്ള ഡെപ്യൂട്ടേഷന് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്വാട്ട അടിസ്ഥാനത്തില്‍ പോസ്റ്റ് ബേസിക് ബിഎസ് സി നഴ്സിംഗ് പഠിക്കാന്‍ അനുവദിച്ചിരുന്ന ഡെപ്യൂട്ടേഷനാണു നിര്‍ത്തലാക്കിയത്.
ഭിന്നശേഷിക്കാര്‍ക്ക് നല്‍കിവരുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള ആധികാരിക രേഖയാക്കി ഉത്തരവിറക്കിയെന്ന് മന്ത്രി ആര് ബിന്ദു. ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ളതടക്കം വിവിധ ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുന്നതിനാണ് യുഡിഐഡി കാര്‍ഡ് ആധികാരിക രേഖയാക്കിയത്. ചില സര്‍ക്കാര്‍ വകുപ്പുകള്‍ യുഡിഐഡി കാര്‍ഡ് ആധികാരികരേഖയായി അംഗീകരിക്കുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് പുതിയ ഉത്തരവെന്ന് മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കു സര്‍ക്കാര്‍ നഴ്സുമാര്‍ക്കു ലഭിക്കുന്ന ശമ്പളം നല്‍കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. ഈ ആവശ്യം ഉന്നയിച്ച് അടുത്ത മാസം 19 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 16 ന് ലോംഗ് മാര്‍ച്ച് നടത്തുമെന്നും യുഎന്‍എ.
കാനഡയിലേക്കു വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ മുംബൈ സ്വദേശികളായ രണ്ടു പേരെ ഡല്‍ഹിയില്‍ നിന്ന് തൃശൂര്‍ അന്തിക്കാട് പൊലീസ് പിടികൂടി. താനെ സ്വദേശികളായ ജോജോ വില്‍ഫ്രഡ് ക്രൂയിസ് (46), സഹോദരന് ജൂലിയസ് വില്‍ഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് പിടിയിലായത്. 12 ലക്ഷം വരെ രൂപയാണ് ഇവര്‍ തൃശൂര്‍, എറണാകുളം ജില്ലകളിലെ 18 പേരില്‍നിന്നായി വാങ്ങിയത്.
ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി വേണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. നിലവില്‍ 28 ന് അവധി ആണ്. 29 കൂടി അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്തയച്ചെന്നും കാന്തപുരം പറഞ്ഞു.
വന്ദേഭാരതിലെ ശുചി മുറിയില്‍ കുടുങ്ങിയ യാത്രക്കാരനെ വാതിലിന്റെ ലോക്ക് മുറിച്ച് പുറത്തെത്തിച്ചു. ഷൊര്‍ണൂരില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ശുചിമുറി തുറന്നത്. ഇയാളെ റെയില്‍വെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വാതില്‍ അകത്തുനിന്ന് അടച്ച് തുറക്കാതിരുന്നതാണെന്നാണ് സംശയം.
തീക്കോയി മംഗളഗിരി മാര്‍മല അരുവിയില്‍ കുടുങ്ങിയ അഞ്ചു വിനോദ സഞ്ചാരികളെ ഫയര്‍ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പാറക്കെട്ടില്‍ നിലയുറപ്പിച്ചവരെയാണു സന്നദ്ധ പ്രവര്‍ത്തകരുടെകൂടി സഹായത്തോടെ രക്ഷിച്ചത്.
കോഴിക്കോട് നടപ്പാതകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചത് വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നതാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. ജില്ലാ കളക്ടറോടു വിശദീകരണം തേടിയിട്ടുണ്ട്.
സിറോ മലബാര്‍ സഭ എറണാകുളം – അങ്കമാലി അതിരൂപതയിലെ സെമിനാരികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അനുസരിക്കാത്ത വൈദികരുടെ പേരു വിവരം 10 ദിവസത്തിനകം അറിയിക്കണമെന്നു സെമിനാരി റെക്ടര്‍ക്കു നിര്‍ദേശം നല്കി.
സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. കളളപ്പണ ഇടപാട് ഉണ്ടോയെന്നാണു പരിശോധിക്കുന്നത്. അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത്, അതിരൂപത സ്വത്തിടപാടുകളുടെ ചുമതലയുളള വൈദികന്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവരില്‍നിന്നും വിവരങ്ങള്‍ തേടും.
കൊച്ചി മഹാരാജാസ് കോളജിനു മുന്നില്‍ ബസ് കണ്ടക്ടറെ ബസില്‍നിന്ന് വലിച്ചിറക്കി എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനം. വിദ്യാര്‍ത്ഥികള്‍ ഇയാളെ നിലത്തിട്ട് ചവിട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഒരാഴ്ച മുമ്പ് വിദ്യാര്‍ത്ഥികളും ഇതേ കണ്ടക്ടറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വിദ്യാര്‍ത്ഥി നേതാവിനെ കണ്ടക്ടര്‍ മര്‍ദ്ദിച്ചിരുന്നെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
കോട്ടയം തിരുവാര്‍പ്പിലെ ബസ് ഉടമക്കെതിരായ സിഐടിയു സമരം പിന്‍വലിച്ചു. തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് കൊടികള്‍ അഴിച്ചുമാറ്റി. കോടതി ഉത്തരവനുസരിച്ച് കൊടി മാറ്റുകയായിരുന്ന ഉടമ രാജ്മോഹനെ സിഐടിയു നേതാവ് മര്‍ദിച്ചിരുന്നു. സംഭവം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. മര്‍ദനമേറ്റ എസ്ഡി റാമിനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താമസ സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത എംബിബിഎസ് വിദ്യാര്‍ഥികളെ ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശി വിനോദ് കുമാര്‍ (27), തമിഴ്നാട് ധര്‍മപുരി സ്വദേശി പാണ്ടിദൊറൈ (27), കൃഷ്ണഗിരി സ്വദേശി വിഗിനരാജ് (28) എന്നിവരാണ് പിടിയിലായത്. സുബ്ബയ്യ മെഡിക്കല്‍ കോളേജിനു സമീപമുള്ള ശിവഗംഗ ലേഔട്ടിലെ വാടക വീട്ടിലാണ് ഇവര്‍ കഞ്ചാവ് കൃഷി ചെയ്തത്.
ഈജിപ്തിലെ പരമോന്നത ബഹുമതിയായ ‘ഓഡര്‍ ഓഫ് ദ നൈല്‍’ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തേഹ് എല്‍ സിസി പ്രധാനമന്ത്രി മോദിക്കു സമ്മാനിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരിക്കുമെന്ന് ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി.
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മഴമൂലമുണ്ടായ വെള്ളക്കെട്ടില്‍നിന്നു രക്ഷപ്പെടാന്‍ വൈദ്യുത തൂണില്‍ പിടിച്ച യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. പ്രീത് വിഹാര്‍ സ്വദേശിയായ സാക്ഷി അഹൂജയാണ് മരിച്ചത്. കുടുംബത്തോടൊപ്പം പുലര്‍ച്ചെ അഞ്ചരയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു ഇവര്‍.