ഏവിയേഷന്‍ മേഖലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിനു പിന്നാലെ കുതിച്ചു പൊങ്ങി ഇന്‍ഡിഗോ ഓഹരികള്‍. എയര്‍ബസുമായി അഞ്ഞൂറ് എ320 വിമാനങ്ങള്‍ക്കുള്ള കരാര്‍ നല്‍കിയതോടെയാണ് വിപണിയില്‍ ഇന്‍ഡിഗോ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് എയറോസ്‌പേസ് കമ്പനിയായ എയര്‍ബസുമായി ഒറ്റയടിക്ക് 500 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ഇന്‍ഡിഗോ നല്‍കിയത്. ഇതോടെ ആകെ 1330 ഓര്‍ഡറുകള്‍ കമ്പനി നല്‍കി കഴിഞ്ഞു. വാര്‍ത്ത വന്നതോടെ വിപണിയില്‍ മൂന്നു ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന 2490 രൂപ നിരക്കിലെത്തിയിരിക്കുകയാണ് ഓഹരി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഓഹരിയുടെ റിട്ടേണ്‍ 115% ആണ്. മൂന്നു വര്‍ഷത്തില്‍ 138.04% ഉയര്‍ന്ന ഓഹരി കഴിഞ്ഞ മൂന്നു മാസത്തിനിടെ 31.67% നേട്ടമുണ്ടാക്കി. കഴിഞ്ഞയാഴ്ച മാത്രം നിക്ഷേപകന്റെ ലാഭം 4.53% ആണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി 3.01% ഉയര്‍ന്നപ്പോള്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരി 7.99% നേട്ടമുണ്ടാക്കി. മാര്‍ച്ച് മാസത്തില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ വിപണിമൂല്യത്തില്‍ (94,196 കോടി) മുന്നിലുള്ള ഇന്‍ഡിഗോയില്‍ മാത്രം മാര്‍ച്ചു മാസത്തില്‍ യാത്ര ചെയ്തത് 73.17 ലക്ഷം യാത്രക്കാരാണ്. നിലവില്‍ നേട്ടത്തില്‍ തുടരുന്ന ഓഹരിക്ക് വിവിധ ബ്രോക്കറേജുകള്‍ 3000 രൂപ ടാര്‍ജറ്റായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.