night news hd 16

 

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ പരാതിയില്‍നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിന്‍മാറിയത് ശക്തമായ സമ്മര്‍ദ്ദം താങ്ങാനാകാതെയെന്ന് ഗുസ്തി താരം സാക്ഷി മാലിക്. പെണ്‍കുട്ടിയുടെ കുടുംബത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയാണ് മൊഴി മാറ്റിയതും പരാതി പിന്‍വലിച്ചതും. കുറ്റപത്രം കണ്ടശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ബ്രിജ് ഭൂഷണെതിരെ കൃത്യമായ തെളിവുകളുണ്ട്. സാക്ഷി മാലിക് വ്യക്തമാക്കി.

പറക്കുന്ന വിമാനത്തിന്റെ മുന്‍വശത്തിടിച്ചു ചില്ലു തകര്‍ന്ന് കോക്പിറ്റിനകത്തേക്കു പതിച്ച പക്ഷിയില്‍നിന്ന് ഇറ്റിറ്റുവീണ ചോരയില്‍ കുളിച്ച് പൈലറ്റ്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലാണ് സംഭവം. പൈലറ്റ് മനസാന്നിദ്ധ്യം വിടാതെ വിമാനത്തെ ലാന്‍ഡ് ചെയ്യിച്ചു. സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ ബ്രേക്കിംഗ് ഏവിയേഷന്‍ ന്യൂസ് ആന്‍ഡ് വീഡിയോസ് പങ്കുവച്ചു. വീഡിയോ കാണാം: https://twitter.com/i/status/1669238324324646912

വിദ്യാര്‍ത്ഥികളുടെ ഹാജരും പഠനപുരോഗതിയും രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ അറിയിക്കുന്ന കൈറ്റിന്റെ ‘സമ്പൂര്‍ണ പ്ലസ് ‘ ആപ്പ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. നിലവില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘സമ്പൂര്‍ണ’ സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടലിന്റെ തുടര്‍ച്ചയായി കൈറ്റ് തയ്യാറാക്കിയ ‘ സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്’ ആണ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തത്.

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റും നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജയിച്ചാല്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമായിരിക്കും. തോറ്റാല്‍ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുമെന്നും വിഡി സതീശന്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഒരുപാടു മാറി. ഗ്രൂപ്പുകളുടെ അതിപ്രസരം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാധ്യമങ്ങളെയും പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് പ്രസിഡന്റിനേയും വേട്ടയാടി മുഖ്യമന്ത്രിയുടെ അഴിമതിക്കും എസ്എഫ്ഐ നേതാക്കളുടെ ക്രമക്കേടുകള്‍ക്കും സംരക്ഷണ കവചമാകാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഴിമതി സര്‍ക്കാരിനെതിരേയുള്ള പോരാട്ടത്തില്‍നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കി ജില്ലയ്ക്കരികിലേക്കു ട്രെയിന്‍ സര്‍വീസ്. ഇടുക്കി ജില്ലാ അതിര്‍ത്തിക്കടുത്ത ബോഡിനായ്ക്കന്നുരില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി. മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പുതിയ ട്രെയിന്‍ സര്‍വീസ് പ്രയോജനമാകും. ബോഡി നായ്ക്കന്നൂര്‍ – മധുര മീറ്റര്‍ ഗേജ് റെയില്‍പ്പാത ബ്രോഡ്ഗേജാക്കാനായി 2010 ല്‍ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. 13 വര്‍ഷം നീണ്ട പണി പൂര്‍ത്തിയാക്കിയാണ് ബോഡിനായ്ക്കന്നൂരില്‍നിന്നു ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനീഷ് കോടിയേരിയുടെ ഹര്‍ജി ബെംഗളൂരു കോടതി തള്ളി. കേസില്‍ ബിനീഷ് കോടിയേരി പ്രതിയായി തുടരും.

മദ്യപിച്ച് ഒരു വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പോലീസുകാരനെ മര്‍ദിച്ചതിനു സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലായിരുന്നു സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറി സെല്‍വരാജ്, സെല്‍വരാജന്റെ സഹോദരന്‍ സുന്ദരന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യുയുസി ആള്‍മാറാട്ട കേസിലെ പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഷൈജു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. കേസ് 20 നു പരിഗണിക്കും.

അരിക്കൊമ്പനെ കേരളത്തിലേക്കു തിരികെയെത്തിക്കണമെന്ന എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ആനയെ എവിടേക്കു വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നും കോടതി പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്‌ക്കന്റെ കീഴ്ചുണ്ട് കടിച്ചുപറിച്ചു. പരിക്കുകളോടെ തിമിരി കുതിരംചാലിലെ കെകെ മധുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തര്‍ക്കത്തിനിടെ സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ നേതാവ് കുഴഞ്ഞു വീണു മരിച്ചു. ഷൊര്‍ണൂര്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി. സിന്ധുവിന്റെ ഭര്‍ത്താവും ഓട്ടോ തൊഴിലാളി യൂണിയന്‍ യൂണിറ്റ് നേതാവുമായ നെടുങ്ങോട്ടൂര്‍ കാപ്പില്‍ വീട്ടില്‍ പുഷ്പരാജനാണ് കുഴഞ്ഞു വീണു മരിച്ചത്.

തലശേരി റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ സിഗ്‌നല്‍ കേബിള്‍ മുറിച്ച് മോഷ്ടിച്ചു വില്‍ക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയിലായി. തമിഴ്‌നാട് വില്ലുപുരം സ്വദേശി ചിന്ന പൊന്നുവും ചങ്ങാതിയായ സേലം സ്വദേശി പെരുമെയുമാണു പിടിയിലായത്. ആക്രി പെറുക്കി ജീവിക്കുന്നവരാണ് ഇരുവരും.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറക്കാന്‍ സീറോമലബാര്‍ സിനഡ് നിയോഗിച്ച മെത്രാന്‍ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ. സിനഡ് തീരുമാനിച്ചതും മാര്‍പാപ്പ അംഗീകരിച്ചതുമായ വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി മാത്രമേ ബസിലിക്കയില്‍ അനുവദിക്കൂ. എന്നാല്‍ ജനാഭിമുഖ കുര്‍ബാനയേ അനുവദിക്കൂവെന്ന് പാരീഷ് കൗണ്‍സില്‍ നിലപാടെടുത്തതോടെ ബസിലിക്ക തുറക്കുന്നത് അനിശ്ചിതത്വത്തിലായി.

കണ്ണൂര്‍ ബേബി ബീച്ചിനടുത്ത് യുവതി കടലില്‍ ചാടി. താവക്കര സ്വദേശിനിയും ജ്വല്ലറി ജീവനക്കാരിയുമായ റോഷിതയാണ് കടലില്‍ ചാടിയത്. ആത്മഹത്യ ചെയ്യുകയാണെന്നു വാട്സ്ആപ് സ്റ്റാറ്റസില്‍ സൂചന നല്‍കിയ ശേഷമാണ് റോഷിത കടലില്‍ ചാടിയത്.

ബാലികയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 51 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് പിന്നോക്ക വിഭാഗക്കാരിയെ പീഡിപ്പിച്ച ഷോളയൂര്‍ സ്വദേശി 55 കാരനായ അഗസ്റ്റിനെ ശിക്ഷിച്ചത്.

ഒടുവില്‍ തമിഴ്‌നാട്ടില്‍ ഗവര്‍ണറുമായി താത്കാലിക സന്ധി. അറസ്റ്റിലായ മന്ത്രി സെന്തില്‍ വി. ബാലാജിയുടെ വൈദ്യുതി വകുപ്പ് മന്ത്രി തങ്കം തെന്നരശനും എക്‌സൈസ് മുത്തുസ്വാമിക്കും കൈമാറാന്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി അനുമതി നല്‍കി. അറസ്റ്റിലായ മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്നു നീക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓസ്‌കര്‍ ജേതാവായ ഹോളിവുഡ് താരം അല്‍ പാച്ചിനോ 83 ാം വയസില്‍ പിതാവായി. 29 കാരിയായ കാമുകിയും നിര്‍മ്മാതാവുമായ നൂര്‍ അല്‍ഫലായാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. റോമന്‍ പാച്ചിനോ എന്നാണ് പേരിട്ടത്. അല്‍ പാച്ചിനോയ്ക്കു മറ്റു രണ്ടു ബന്ധങ്ങളിലായി മൂന്നു കുട്ടികള്‍ വേറെയുണ്ട്.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *