ഒഡിഷയിലെ ബാലസോറില്‍ 261 പേര് മരിച്ച ട്രെയിന്‍ ദുരന്ത പ്രദേശം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദനാജനകം, വാക്കുകളില്ലെന്നു നരേന്ദ്ര മോദി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്കു മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മരിച്ചവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അപകട സ്ഥലവും പരിക്കേറ്റവര്‍ ചികില്‍സയിലുള്ള ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ എന്‍ഡിആര്‍എഫ് സംഘത്തിനു നന്ദി പറയുകയും ചെയ്തു.
ഒഡിഷ ട്രെയിന്‍ ദുരന്തത്തിനു കാരണം ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റി ഗുഡ്സ് ട്രെയിനില്‍ ഇടിച്ചുകയറിയതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. തെറ്റായ സിഗ്നലാകാം കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റി ഓടാന്‍ കാരണമായതെന്നാണ് നിഗമനം.
ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനമായ ‘കവച്’ ഒഡീഷയില്‍ അപകടത്തില്‍പ്പെട്ട ട്രെയിനുകളില്‍ ഇല്ലാതിരുന്നെന്നു റിപ്പോര്‍ട്ട്. ട്രെയിനുകളുടെ യാത്ര ഒരു കേന്ദ്രത്തിലിരുന്നു നിരീക്ഷിക്കാനും ഒരു മേഖലയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരം അങ്ങോട്ടെത്തുന്ന മറ്റു ട്രെയിനുകള്‍ക്കു ലഭ്യമാക്കാനും സഹായിക്കുന്ന സംവിധാനമാണ് ‘കവച്’.
എഐ കാമറകളുടെ കൂട്ടവേട്ട തിങ്കളാഴ്ച മുതല്‍. മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്കു ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കുമെന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
പ്രീ പ്രൈമറി, പ്രൈമറി വിദ്യാലയങ്ങളെ കൂടുതല്‍ ആധുനികവല്‍ക്കരിക്കുമെന്ന് മന്ത്രി വി ശിവന് കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണന്തല ഗവണ്മെന്റ് ഹൈസ്കൂളില്‍ നിര്‍മ്മിച്ച വര്‍ണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി കൊച്ചി കോര്പറേഷന്. സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും വിലക്കിയിരിക്കേയാണ് അനുമതി തേടിയിരിക്കുന്നത്. ഇതേസമയം, മാലിന്യ നീക്കം പരാജയപ്പെട്ടിരിക്കേ, മാലിന്യം നീക്കം ചെയ്യാന്‍ കൂടുതല്‍ സ്വകാര്യ കമ്പനികളില്‍നിന്ന് താല്പര്യപത്രം ക്ഷണിച്ചു.
ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ തീവയ്പു കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. അടിക്കടി ഉണ്ടാകുന്ന തീവയ്പ് ദുരൂഹമാണെന്നും സുധാകരന്.
കോണ്‍ഗ്രസ് ജില്ലാ തലത്തിലുള്ള പുനസംഘടന പൂര്‍ത്തിയായി വരികയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. മൂന്നു ജില്ലകളില്‍ മാത്രമാണ് ബ്ലോക്ക് പ്രസിഡന്റ് നിയമനം ബാക്കിയുള്ളത്. അത് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കെ സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയില്‍ യാചകവേഷം അണിയാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണ്‍. ഇറച്ചി കടയില്‍ എല്ലിന് കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥ അപമാനകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം ലഭിച്ചു. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
വയനാട്ടില്‍ ഇടിമിന്നലേറ്റു യുവതി മരിച്ചു. അലക്കി ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെ മിന്നലേറ്റ മേപ്പാടി ചെമ്പോത്തറ കല്ലുമല കൊല്ലിവെയില്‍ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്.
ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ യുവാവിന് പത്തു വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തൊണ്ടര്‍നാട് കുഞ്ഞോം ഉദിരചിറ പുത്തന്‍വീട്ടില്‍ ഷിജിന് കുമാറിനെ (ഉണ്ണി-28)യാണ് കല്‍പ്പറ്റ സ്പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ചത്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തേണ്ടിയിരുന്ന ഗോവ- മുംബൈ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടനം മാറ്റിവച്ചു. ഒഡീഷയിലെ ബാലസോറിലെ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടനം മാറ്റിയത്. ഇതേസമയം,
ആഡംബര ട്രെയിനുകളായ വന്ദേഭാരത് ഉദ്ഘാടനം ചെയ്യാന്‍ ഓടിനടക്കുന്ന പ്രധാനമന്ത്രി റെയില്‍വേയില്‍ അടിസ്ഥാന സുരക്ഷാ സംവിധാനം സജ്ജമാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നു പ്രതിപക്ഷം.
ട്രെയിന്‍ ദുരന്തത്തില്‍ കണ്ടെടുത്ത മൃതദേഹങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ്. മൃതദേഹങ്ങള്‍ ഗുഡ്സ് ഓട്ടോയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ശ്രീനിവാസ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചത്.
ഒഡിഷ ട്രെയിന്‍ ദുരന്തംമൂലം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുകയും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതോടെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. എന്നാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്കു നിര്‍ദേശം നല്കി.
കല്യാണത്തിനു മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പടണമെന്ന ആവശ്യം നിരസിച്ച കാമുകിയെ കൊല്ലാന്‍ ശ്രമിച്ച കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ സബര്‍ബന്‍ ബാന്ദ്രയില്‍ നിരവധി പേര് നോക്കി നില്‍ക്കെയാണ് ആക്രമണം. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28 കാരനായ ആകാശ് മുഖര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന് അബ്ദുള്ളയും സൗദിയിലെ ആര്‍ക്കിടെക്ടായ റാജ്വ അല്‍ സെയ്ഫും തമ്മില്‍ വിവാഹിതരായി. ആഡംബര വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.