night news hd 1

 

കണ്ണൂരില്‍ ട്രെയിന്‍ കംപാര്‍ട്ടുമെന്റ് കത്തിച്ചത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭിക്ഷാടനം തടഞ്ഞതിലുള്ള വിരോധംമൂലമെന്ന് പ്രതി കൊല്‍ക്കത്ത സ്വദേശി പ്രസൂണ്‍ ജിത് സിക്ദര്‍. നാല്‍പതുകാരനായ ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ കണ്ണൂര്‍ സിറ്റി ഇന്‍സ്പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്തില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന ഇയാള്‍ കുറച്ചുനള്‍ മുമ്പാണ് കേരളത്തിലെത്തിയതെന്ന് ഉത്തര മേഖല ഐ ജി നീരജ് കുമാര്‍ ഗുപ്ത വിശദീകരിച്ചു.

സുപ്രീം കോടതി തടഞ്ഞ രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്ന് കേന്ദ്ര നിയമ കമ്മീഷന്റെ ശുപാര്‍ശ. തടവു ശിക്ഷയുടെ കാലാവധി വര്‍ധിപ്പിക്കണം. കര്‍ശന വ്യവസ്ഥകളോടെ മാത്രമേ നിയമം നടപ്പാക്കാവൂവെന്നും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. സുപ്രീം കോടതി കഴിഞ്ഞവര്‍ഷം മെയില്‍ നിയമം താല്‍കാലികമായി മരവിപ്പിച്ചിരുന്നു.

മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെന്‍ഷനിലെ ഒരു മാസത്തെ പെന്‍ഷന്‍ ഈ മാസം എട്ടു മുതല്‍ വിതരണം ചെയ്യും. 64 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

ആറാം തിയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുല്‍ ഗാന്ധി നിരീക്ഷണം കോണ്‍ഗ്രസിന്റെ അനുഭവത്തില്‍നിന്നുള്ളതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സമൂഹത്തെ ശരിയായ വഴിയിലൂടെ നയിച്ചത് മുസ്ലീം ലീഗാണെന്നു പി.കെ. കുഞ്ഞാലിക്കുട്ടി.

കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന നടിയുടെ പരാതി കള്ളപ്പരാതിയാണെന്ന് ആരോപിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ഡിജിപിക്കു പരാതി നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ യുവതി കള്ളക്കെണി ഒരുക്കിയതാണെന്നാണ് പരാതി. അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സവാദ് പുറത്തിറങ്ങിയാല്‍ സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ അറിയിച്ചു.

റബറിനു 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കേരള കര്‍ഷക സംഘം സമരത്തിന്. ആറാം തീയതി താമരശ്ശേരിയില്‍ സമരസായാഹ്നം സംഘടിപ്പിക്കുമെന്ന് കേരള കര്‍ഷകസംഘം അറിയിച്ചു. തലശേരി ആര്‍ച്ച്ബിഷപ്പ് ഉന്നയിച്ച ആവശ്യം ഏറ്റെടുത്താണു സമരം.

കൊലക്കേസിലെ പ്രതികളെ വെറുതേ വിട്ടതിനെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ, തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ഉത്തരവിട്ട ജില്ലാ ജഡ്ജിയോട് ഹൈക്കോടതി വിശദീകരണം തേടി. കൊല്ലം മൈലക്കാട് ജോസ് സഹായന്‍ വധക്കേസുമായി ബന്ധപ്പെട്ട തൊണ്ടി മുതലുകളാണ് നശിപ്പിക്കുന്നത്. കൊല്ലപ്പെട്ടയാളുടെ ഭാര്യ നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണത്തിന് സഹകരണവകുപ്പ് പ്രത്യേകസംഘത്തെ നിയോഗിച്ചു. കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ മുന്‍ പ്രസിഡന്റ് കെ കെ എബ്രഹാം കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചു. ജയിലില്‍നിന്നാണ് കെപിസിസി പ്രസിഡന്റിനു രാജി കത്തയച്ചത്.

മലപ്പുറം പുളിക്കലില്‍ റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യക്ക് ഇടയാക്കിയ പ്ലാസ്റ്റിക് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്. സ്റ്റോപ് മെമോ കൊടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

തൃശൂര്‍ കട്ടിലപ്പൂവം സ്‌കൂളിനു മുന്നില്‍ മധുരം വിതരണം ചെയ്യാന്‍ എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഐ.എന്‍.ടി.യുസി പ്രവര്‍ത്തക മര്‍ദിച്ചു.

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം 98. 310 പേര്‍ക്ക് പരിക്കേറ്റു. തീവയ്പിന് 4014 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആയുധങ്ങള്‍ താഴെവയ്ക്കണണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭ്യര്‍ത്ഥനക്കു പിന്നാലെ 140 പേര്‍ ആയുധങ്ങള്‍ നല്കിയെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ ഭാവി തുലാസില്‍. മണിപ്പൂര്‍ കലാപത്തെ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്തില്ലെന്ന് ബിജെപി എംഎല്‍എമാര്‍ അടക്കമുള്ളവര്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കു പരാതി നല്‍കി. കുകി മെയ്തി വിഭാഗക്കാരായ എംഎല്‍എമാരടക്കം മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്.

ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെ ഒമ്പതാം തിയതിക്കകം അറസ്റ്റു ചെയ്യണമെന്ന അന്ത്യശാസനവുമായി കര്‍ഷക സംഘടനാ നേതാക്കള്‍. ഇല്ലെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഷക സമരത്തിന് സമാനമായ സമരം വീണ്ടും ആരംഭിക്കും. ഖാപ് പഞ്ചായത്തിനു ശേഷമാണ് കര്‍ഷക സംഘടനാ നേതാക്കള്‍ സമരം പ്രഖ്യാപിച്ചത്.

ഗുസ്തി താരങ്ങളുടെ ആരോപണം നേരിടുന്ന ബിജെപി എംപി പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ യശസ്സൃസുയര്‍ത്തിയവര്‍ തെരുവില്‍ നീതിക്കായി യാചിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായി 1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ താരങ്ങള്‍. കപില്‍ദേവ് അടക്കമുള്ള താരങ്ങളാണ് പിന്തുണ പ്രഖ്യാപിച്ചത്. ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണ്. മെഡല്‍ ഗംഗയില്‍ ഒഴുക്കാനുള്ള നീക്കം പോലുള്ള കടുത്ത നടപടികളിലേക്ക് താരങ്ങള്‍ പോകരുതെന്നും ഇതിഹാസ താരങ്ങള്‍ ആവശ്യപ്പെട്ടു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ അഞ്ച് ഗ്യാരന്റികളും നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ ഒന്നു മുതല്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായിരിക്കും. തൊഴിലില്ലാത്ത വീട്ടമ്മമാര്‍ക്കു മാസം 2000 രൂപ, ബിപിഎല്‍ കുടുംബങ്ങള്‍ക്കും അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കും 10 കിലോ ധാന്യം, സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കര്‍ണാടക ആര്‍ടിസി ബസില്‍ സൗജന്യ യാത്ര. തൊഴില്‍ രഹിതരായ ബിരുദധാരികള്‍ക്ക് 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നല്‍കും.

പാകിസ്താന്റെ പണപ്പെരുപ്പം 38 ശതമാനമായി. പണപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും ശ്രീലങ്കയെ മറികടന്നിരിക്കുകയാണ് പാക്കിസ്ഥാന്‍. അന്താരാഷ്ട്ര നാണയ നിധി നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കാതെയാണ് പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫിന്റെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *