സംസ്ഥാനത്തു കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. എരുമേലിയില്‍ രണ്ടു പേരും കൊല്ലത്ത് ഒരാളുമാണു മരിച്ചത്. എരുമേലി കണമലയില്‍ കാട്ടുപോത്ത് രണ്ടുപേരെ കുത്തിക്കൊന്നു. പുറത്തേല്‍ ചാക്കോച്ചന്‍ (70) , പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണു മരിച്ചത്. കണമല അട്ടിവളവില്‍ ഇന്ന് രാവിലെയാണ് ആക്രമണം. വനപാലകര്‍ക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കൊല്ലത്ത് പ്രവാസിയായ ആയുര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് (64) ആണ് മരിച്ചത്. റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ പിറകില്‍നിന്ന് പാഞ്ഞത്തി ആക്രമിക്കുകയായിരുന്നു.
തീവ്രവാദ കേസിലെ പ്രതിയുടെ സഞ്ചാരവിവരം ചോര്‍ന്നെന്ന് ആരോപിച്ച് ഐജി പി. വിജയനെ സസ്‌പെന്‍ഡു ചെയ്തതിനു പിറകില്‍ ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതയുദ്ധം. വിജയന് കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഫോണില്‍ വിളച്ചെന്നതിന്റെ പേരിലാണു നടപടിയെടുത്തത്. സേനയെ പല മേഖലയില്‍ പ്രശസ്തിയിലേക്ക് നയിച്ച പി വിജയനെ സസ്‌പെന്‍ഡു ചെയ്ത നടപടിയില്‍ പോലീസിലെ വലിയൊരു വിഭാഗത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവ് സരുണ്‍ സജിക്കെതിരെ വനംവകുപ്പ് കള്ളക്കേസെടുത്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനെ സര്‍വീസില്‍ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബി രാഹുലിനെയാണ് തിരിച്ചെടുത്തത്. ഉപ്പുതറ പൊലീസെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്കു മുഖ്യമന്ത്രിമാരെയല്ല, പാര്‍ട്ടി അധ്യക്ഷരെയാണു ക്ഷണിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ അസ്വാഭാവികതയില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കര്‍ണാടകയില്‍ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ജനങ്ങളില്‍ വലിയ എതിര്‍പ്പ് ഉണ്ടായതുകൊണ്ട് അവിടത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയാ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഇ കെ നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീന്‍ സെര്‍വര്‍ തകരാറിലായതാണ് കാരണം. കഴിഞ്ഞ മാസം ഒരാഴ്ചയിലേറെയാണ് റേഷന്‍ വിതരണം തടസപ്പെട്ടത്.
അമൃത ആശുപത്രി കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വനിതാ ഡോക്ടര്‍ മരിച്ചു. ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ. ലക്ഷ്മി വിജയന്‍ (32) ആണ് മരിച്ചത്.
സ്വകാര്യ റിസോര്‍ട്ടില്‍ ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു. യുക്രൈന്‍ സ്വദേശിനിയായ ഒലീനാ ട്രോഫി മെന്‍കോ എന്ന 40 കാരിയാണ് മരിച്ചത്. ചൊവ്വരയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ആയൂര്‍വേദ ചികിത്സക്ക് 19 അംഗ വിദേശ സംഘം കഴിഞ്ഞ ആറിനാണ് എത്തിയത്.
കോഴിക്കോട് വാഹനാപകടത്തില്‍ ഒഞ്ചിയം നെല്ലാച്ചേരി ചാരി താഴക്കുനി സുബിന്‍ ബാബു (30) മരിച്ചു. വടകര കണ്ണൂക്കര ദേശീയപാതയില്‍മടപ്പളളിക്കും കേളുബസാറിനുമിടയിലായിരുന്നു അപകടം.
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം അവണാകുഴി പേരിങ്ങോട്ടുകോണം വരിക്കപ്ലവിള വീട്ടില്‍ ലീല (65)യെ കൊലപ്പെടുത്തിയ മകന്‍ ബിജുവിനെ (40) അറസ്റ്റു ചെയ്തു.
നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. തിരുവനന്തപുരത്ത് മാരായമുട്ടം പുറകോട്ടുകോണം ചെമ്മണ്ണുവിള റോഡരികത്ത് വീട്ടില്‍ സാബുവി(46)നെയാണ് മാരായമുട്ടം പൊലീസ് പിടികൂടിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം ഇന്നു മുതല്‍. ജപ്പാന്‍, ഓസ്‌ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലാണു സന്ദര്‍ശനം. ജപ്പാനിലെ ഹിറോഷിമയില്‍ നടക്കുന്ന ജി ഏഴ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ജപ്പാനില്‍ നടക്കും. പാപ്പുവ ന്യൂ ഗിനിയിലെ പോര്‍ട്ട് മോറസ്ബിയില്‍ ഇന്ത്യ പസിഫിക് ഐലന്റ്‌സ് ഉച്ചകോടിയിലും പങ്കെടുക്കും. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പ്രവാസികളുടെ സ്വീകരണത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും പങ്കെടുക്കും.