പ്രമേഹ രോഗനിയന്ത്രണത്തില്‍ ഇനി ദന്താരോഗ്യവും നിര്‍ണായകമാകുമെന്ന് പുതിയ പഠനങ്ങള്‍. നന്നായി ചവയ്ക്കാന്‍ കഴിയുന്ന ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് നന്നായി ചവയ്ക്കാന്‍ സാധിക്കാത്ത പ്രമേഹ രോഗികളെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ നില മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് ബുഫലോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. പ്ലസ് വണ്‍ ജേണലിലാണ് പഠനം ഫലം പ്രസിദ്ധീകരിച്ചത്. തുര്‍ക്കിയിലെ ഇസ്താംബുളിലെ ഒരു ഔട്ട് പേഷ്യന്റ് ക്ലിനിക്കല്‍ ചികിത്സ തേടിയ 94 ടൈപ്പ് 2 പ്രമേഹ രോഗികളിലാണ് പഠനം നടത്തിയത്. ഇവരെ രണ്ടായി തിരിച്ചു. ആദ്യ ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് നന്നായി ഭക്ഷണം ചവയ്ക്കാന്‍ സാധിക്കുന്ന വിധത്തില്‍ പല്ലുകള്‍ കൃത്യമായ സ്ഥാനങ്ങളിലായിരുന്നു. രണ്ടാമത്തെ ഗ്രൂപ്പില്‍പ്പെട്ടവരുടെ പല്ലുകളില്‍ ചിലത് ഇല്ലാത്തതിനാലോ ക്രമം തെറ്റിയതിനാലോ അവര്‍ക്ക് ശരിയായ ചവയ്ക്കാന്‍ സാധിക്കുമായിരുന്നില്ല. ആദ്യത്തെ ഗ്രൂപ്പിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ലിറ്ററിന് 7.48 മില്ലിമോള്‍സ്(134.6 മില്ലിഗ്രാം പെര്‍ ഡെസിലിറ്റര്‍) ആയിരുന്നപ്പോള്‍ രണ്ടാമത്തെ സംഘത്തിന് ഇത് ലിറ്ററിന് 9.42 മില്ലിമോള്‍സ്(169.6 മില്ലിഗ്രാം പെര്‍ ഡെസിലിറ്റര്‍) ആയിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഭക്ഷണത്തില്‍ നിന്ന് ശരീരത്തിനാവശ്യമായ പോഷണങ്ങള്‍ വലിച്ചെടുക്കുന്ന ദഹനപ്രക്രിയ വായിലെ ചവയ്ക്കലില്‍ നിന്ന് ആരംഭിക്കുന്നു. ഭക്ഷണം ശരിയായി ചവച്ചരച്ച് കഴിക്കുമ്പോഴാണ് നന്നായി ഉമിനീര്‍ ഇതില്‍ കലരുകയും ഫൈബര്‍ ഉള്‍പ്പെടെയുള്ള പോഷണങ്ങള്‍ ശരീരത്തിന് ശരിയായി ലഭിക്കുകയും ചെയ്യുന്നത്. ഇത് പ്രമേഹത്തെ കുറയ്ക്കും. നന്നായി ചവയ്ക്കുന്നത് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ഹൈപോതലാമസിനെ ഉദ്ദീപിപ്പിച്ച് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുമെന്നും ഗവേഷകര്‍ പറയുന്നു. കുറച്ച് ഭക്ഷണം കഴിക്കുന്നത് അമിതഭാരത്തിനും അത് വഴി പ്രമേഹത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു.