വരാനിരിക്കുന്ന ഐഫോണ്‍ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ടാറ്റാ ഗ്രൂപ്പ്. ഐഫോണ്‍ 15, 15 പ്ലസ് എന്നീ മോഡലുകളാകും ടാറ്റ നിര്‍മിക്കുക. കമ്പനി ആപ്പിളുമായി നിര്‍മ്മാണ കരാറില്‍ ഒപ്പിട്ടിട്ടു. ഇതോടെ ആപ്പിളിന്റെ ഇന്ത്യയിലെ നാലാമത്തെ ഐഫോണ്‍ നിര്‍മ്മാണ പങ്കാളിയായി ടാറ്റ മാറി. ടാറ്റയുമായുള്ള പങ്കാളിത്തത്തില്‍ മൊത്തം ഐഫോണുകളുടെ എത്ര ശതമാനം ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. അതേസമയം, വിസ്ട്രോണ്‍, ഫോക്സ്‌കോണ്‍, പെഗാട്രോണ്‍ എന്നിങ്ങനെ ആപ്പിളിന് നിലവില്‍ ഇന്ത്യയില്‍ മൂന്ന് നിര്‍മ്മാണ പങ്കാളികളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായതിനാലാണ് ആപ്പിള്‍ നാലാമത്തെ നിര്‍മാണ പങ്കാളി എന്ന നിലയില്‍ ടാറ്റയുമായി കാരാറിലെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് രണ്ട് തരത്തില്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഗുണമായേക്കും. ഒന്ന്, പൊതുവെ ഐഫോണുകള്‍ ഇന്ത്യയില്‍ വൈകിയാണ് എത്താറുള്ളത്. ഇന്ത്യയില്‍ നിര്‍മിക്കുന്നത് കൊണ്ട് ഷിപ്‌മെന്റുകള്‍ വൈകുന്ന പ്രശ്‌നം വരുന്നില്ല. അതുകൊണ്ട് തന്നെ ഐഫോണ്‍ 15 ആദ്യം തന്നെ നമുക്ക് വാങ്ങാന്‍ കഴിഞ്ഞേക്കും. അതുപോലെ ഇന്ത്യയിലെ നിര്‍മ്മാണം ഐഫോണ്‍ 15 സീരീസിന്റെ വില കുറയ്ക്കാനും സഹായിക്കും. ഇന്ത്യയില്‍ ഇലക്ട്രോണിക് മേഖലയിലുള്ള സാന്നിധ്യം വിപുലീകരിക്കാന്‍ ശ്രമിക്കുന്ന ടാറ്റയ്ക്ക് ഇത് ഗണ്യമായ ഉത്തേജനം നല്‍കും.