yt cover 18

ഡല്‍ഹിയില്‍ ഭരണപരമായ അധികാരം ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനെന്നു സുപ്രീം കോടതി. പോലീസ്, ലാന്‍ഡ്, പബ്ലിക് ഓര്‍ഡര്‍ എന്നിവ ഒഴികേയുള്ള അധികാരങ്ങള്‍ സംസ്ഥാനത്തിനാണെന്നു സുപ്രീംകോടതി വിധിച്ചു. ഗവര്‍ണറും കേജരിവാള്‍ സര്‍ക്കാരും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടത്.

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ സമരം തുടരുമെന്ന് ഐഎംഎ. ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്കി. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ രോഗികള്‍ വലഞ്ഞു. ഡോക്ടര്‍മാര്‍ പ്രതിഷേധ റാലികള്‍ നടത്തി. മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് സമരം തുടരുമെന്നു പ്രഖ്യാപിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അനുഭാവ പൂര്‍വം കേട്ടെന്നും വ്യക്തമായ ഉറപ്പു ലഭിക്കുംവരെ സമരം തുടരുമെന്നും ഐഎംഎ അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇന്നു മൂന്നരയ്ക്ക് അടിയന്തര യോഗം വിളിച്ചു. നിയമ നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി, എ ഡി ജി പിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:

https://youtu.be/4-sqhUbTNeU

മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി. വിശ്വാസ വോട്ടു നേടാതെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവച്ചത്. അതിനാലാണ് ഇടപെടാനാകാത്തത്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിനുള്ള ഗവര്‍ണറുടെ തീരുമാനവും ഷിന്‍ഡെ വിഭാഗത്തിനു വിപ്പ് അനുവദിച്ച സ്പീക്കറുടെ നടപടിയും തെറ്റാണെന്നും കോടതി.

യാത്രാ വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ബേബി കാര്‍ സീറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാണെന്ന് ബാലാവകാശ കമ്മീഷന്‍. 13 വയസില്‍ താഴെയുള്ള കുട്ടികളെ നിര്‍ബന്ധമായും പിന്‍സീറ്റില്‍ മാത്രമേ ഇരുത്താവൂ. രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ബേബി സീറ്റ് ഘടിപ്പിക്കണം. വാഹനത്തില്‍ ചൈല്‍ഡ് ഓണ്‍ ബോര്‍ഡ് എന്ന അറിയിപ്പ് പതിപ്പിക്കുകയും വേണം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സന്ദീപ് അക്രമം നടത്തുമ്പോള്‍ പോലീസ് എന്തു ചെയ്യുകയായിരുന്നെന്ന് ഹൈക്കോടതി. ഇതാണ് സ്ഥിതിയെങ്കില്‍ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല. സംവിധാനത്തിന്റെ പരാജയമാണിതെന്നും കോടതി. ആശുപത്രിയില്‍ സംഭവിച്ചതെല്ലാം ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍ പവര്‍ പോയിന്റ് പ്രസന്റേഷനും സിസിടിവി വീഡിയോകളും സഹിതം വിശദീകരിച്ചതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

വീഴ്ചയുണ്ടായിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍. തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപിന്റെ ഫോണ്‍ സന്ദേശം ലഭിച്ചതനുസരിച്ച് അയാളെ സഹായിക്കാനാണ് പോലീസ് പോയത്. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സഹിതമാണ് പോലീസിന്റെ വിശദീകരണം. പ്രതിയായല്ല, പരാതിക്കാരനെന്ന നിലയിലാണ് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത്. കാലില്‍ പരിക്കേറ്റിരുന്ന സന്ദീപുമായി പുലര്‍ച്ചെ 4:41 ന് പൊലിസ് ആശുപത്രിയിലെത്തിച്ചു. ഒ പി ടിക്കറ്റ് എടുത്തു. 4:53 ന് ഡ്രസിംഗ് മുറിയിലെത്തി. അവിടത്തെ ദൃശ്യങ്ങള്‍ സന്ദീപ് പകര്‍ത്തി വാട്സ് ആപ്പ് ഗ്രൂപ്പിലിട്ടു. പിറകേയാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. പുലര്‍ച്ചെ 4:53 നും 5.03 നും ഇടയിലായിരുന്നു അക്രമസംഭവങ്ങള്‍. ഡ്രസിംഗ് റൂമില്‍ ഡ്രസിംഗിനായി കാല്‍ ശരിക്കു വയ്ക്കാന്‍ സന്ദീപ് വിസമ്മതിച്ചു. നിര്‍ബന്ധിച്ചു കാല്‍ വയ്പിക്കാന്‍ ശ്രമിച്ച ബന്ധു രാജേന്ദ്രനെ ചവിട്ടി വീഴ്ത്തിയ സന്ദീപ്, കത്രിയെടുത്ത് പുറത്തു വന്ന് അയല്‍വാസിയായ ബിനുവിനെ കുത്തി. തടയാന്‍ ശ്രമിച്ച ഹോം ഗാര്‍ഡ് അലക്സിനെ കുത്തി. പ്ലാസ്റ്റിക് കസേര കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച എഎസ്ഐ മണിലാലിനും കുത്തേറ്റു. തടയാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ രാജേഷിനെയും കുത്തി. ഇതിനിടയിലായിരുന്നു വന്ദനയെ ആക്രമിച്ചത്. പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയതു സംബന്ധിച്ച് പോലീസ് തയാറാക്കിയ എഫ്ഐആറില്‍ ഗുരുതര തെറ്റുകള്‍. പ്രതി സന്ദീപ് ആദ്യം ഡോ. വന്ദനയെയാണു കുത്തിയതെന്നാണു എഫ്ഐആറില്‍ പറയുന്നത്. തുടക്കംമുതലേ അക്രമാസക്തനായിരുന്നിട്ടും സന്ദീപ് ശാന്തനായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഡോ. വന്ദന കൊല്ലപ്പെട്ടിട്ടും കൊലപാതക ശ്രമമെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എഫ്ഐആറിലെ തെറ്റുകള്‍ തിരുത്തി വീണ്ടും കോടതിയില്‍ സമര്‍പ്പിക്കും.

ഡോ. വന്ദന ദാസിനു കണ്ണീരില്‍ കുതിര്‍ന്ന അന്ത്യയാത്രാ മൊഴിയേകി കേരളം. മന്ത്രിമാരും പൊതുപ്രവര്‍ത്തകരും ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ബന്ധുക്കളുമെല്ലാം അടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മുട്ടുചിറയിലെ വീട്ടില്‍ സംസ്‌കാര കര്‍മങ്ങള്‍ നടന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് കണ്ണീരുമായി വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

ഡോക്ടറെ കുത്തിക്കൊന്ന പ്രതി സന്ദീപിന്റെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും. ആക്രമണത്തിന് തൊട്ടുമുമ്പ് സന്ദീപ് വീഡിയോ എടുത്ത് ചില സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. പ്രതിയുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തെളിവുകള്‍ ഫോണിലുണ്ടോയെന്നും പരിശോധിക്കും.

പരിചയക്കുറവെന്ന് അധിക്ഷേപിച്ച ആരോഗ്യമന്ത്രിയുടെ പരാമര്‍ശം പോലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ആര്‍ക്കാണു പരിചയക്കുറവെന്നു ജനം വിലയിരുത്തും. കൊല്ലപ്പെട്ട ഡോ വന്ദനദാസിന്റെ വീടു സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സതീശന്‍. ഒരു ക്രിമിനലിനെ ഒരു തയ്യാറെടുപ്പുമില്ലാതെ പെണ്‍കുട്ടിക്കു മുന്നിലേക്കിട്ടു കൊടുത്തു. സന്ദീപിനെ പ്രതിയായല്ല, വാദിയായിട്ടാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് എഡിജിപി പറയുന്നതെന്നും സതീശന്‍ പരിഹസിച്ചു.

വനിതാ ഡോക്ടറെ കൊന്ന പ്രതി സന്ദീപ് സ്‌കൂളില്‍ പ്രശ്നക്കാരനായിരുന്നില്ലെന്ന് പ്രധാനാധ്യാപിക. മാര്‍ച്ച് 31 വരെ സന്ദീപ് സ്‌കൂളിലെത്തിയിരുന്നുവെന്ന് നെടുമ്പന യുപി സ്‌കൂള്‍ പ്രധാനാധ്യാപിക പറഞ്ഞു.

അക്രമത്തിനു തലേന്നു മുതല്‍ പ്രതി സന്ദീപ് പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് കുത്തേറ്റ അയല്‍വാസിയും സിപിഎം പ്രവര്‍ത്തകനുമായ ബിനു. പ്രതിയുടെ കയ്യില്‍ കത്രിക ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. ആദ്യം തന്റെ കഴുത്തിനാണ് കുത്തേറ്റതെന്നും ബിനു പറഞ്ഞു.

ഡോ. വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണ് ഇതെന്നും സനോജ് പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സിനു രോഗിയുടെ ആക്രമണം. രോഗിക്കു മരുന്ന് നല്‍കാനെത്തിയ നഴ്സ് പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിയായ നേഖാ അരുണിന്റെ കൈ രോഗി ബലമായി പിടിച്ചുതിരിച്ച് ഒടിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് 20 നു കരിദിനം ആചരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സംസ്ഥാനത്തെ എല്ലാ സംവിധാനങ്ങളും പരാജയപ്പെട്ടു. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞു. മുഖ്യമന്ത്രിക്ക് വകുപ്പില്‍ ഒരു നിയന്ത്രണവുമില്ല. ഒരാഴ്ച്ച നീളുന്ന സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റ്, കളക്ടറേറ്റ് മാര്‍ച്ചുകള്‍ നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എഐ കാമറ ആരോപണത്തില്‍ ശിഖണ്ഡിയല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാണു മറുപടി പറയേണ്ടതെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മിണ്ടുന്നില്ല. സര്‍ക്കാര്‍ മറുപടി പറഞ്ഞില്ല. എസ്ആര്‍ഐടിയെകൊണ്ട് പറയിച്ചതുകൊണ്ടു പ്രയോജനമില്ലെന്നും ചെന്നിത്തല.

ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കെ മുരളീധരന്‍. ലീഡേഴ്സ് മീറ്റില്‍ സിറ്റിംഗ് എംപിമാര്‍ മത്സരിക്കണമെന്നാണ് നിര്‍ദ്ദേശമുണ്ടായത്. നിയമസഭയിലേക്കു മത്സരിക്കാന്‍ ഇനിയില്ല. പാര്‍ട്ടി പുനസംഘടന ഈ മാസം 30 ന് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ മോക്ക ചുഴലിക്കാറ്റ്. അര്‍ധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കു സാധ്യത.

ട്രെയിന്‍ തീ വയപുകേസില്‍ എന്‍ഐഎ ഒമ്പതിടങ്ങളില്‍ പരിശോധന നടത്തി. പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടിലും സമീപ സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഷാറൂഖ് സെയ്ഫിയുടെ ഫോണിലെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു.

വന്ദേ ഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്ന പി.ടി. ഷീജിഷാണ് സുപ്രീം കോടതിയെയും സമീപിച്ചത്.

അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിനു സമീപം സ്ഫോടനം. ഉഗ്രശബ്ദം കേട്ടതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി. ഇന്നലെ അര്‍ധനരാത്രിയോടെയാണ് സ്ഫോടനമുണ്ടായത്. അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു.

ആധാര്‍ വെരിഫിക്കേഷന്‍ സ്വകാര്യ മേഖലയിലേയ്ക്കു വിട്ടുകൊടുക്കുന്നതു സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരം മേയ് 20 വരെ നീട്ടിയെന്നു കേന്ദ്ര സര്‍ക്കാര്‍. മേയ് അഞ്ചുവരെയാണു സാവകാശം അനുവദിച്ചിരുന്നത്.

തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജനെ ഐടി മന്ത്രിയാക്കി മാറ്റി. വ്യവസായ വകുപ്പ് മന്ത്രിയായ തങ്കം തേനരസാണ് പുതിയ ധനമന്ത്രി. മുഖ്യമന്ത്രി സ്റ്റാലിനും മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനുമെതിരായ ത്യാഗരാജന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിറേകയാണ് ധനമന്ത്രിയെ മാറ്റിയത്.

രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരേ ‘ജന്‍ സംഘര്‍ഷ് യാത്ര’യുമായി കോണ്‍ഗ്രസിലെ യുവനേതാവ് സച്ചിന്‍ പൈലറ്റ്. ബിജെപി ഭരണകാലത്തെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് 125 കിലോമീറ്റര്‍ യാത്ര ഇന്ന് ആരംഭിച്ചത്. കഴിഞ്ഞ മാസം ഇതേ ആവശ്യം ഉന്നയിച്ച് പൈലറ്റ് സത്യഗ്രഹ സമരം നടത്തിയിരുന്നു.

ആശ്രിത നിയമനത്തിന് നിലവില്‍ ലിസ്റ്റിലുള്ള മകനെ മാറ്റി മകളെ നിര്‍ദ്ദേശിക്കാമെന്ന് മുംബൈ ഹൈക്കോടതി വിധി. നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സീനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്യവേ 2014 ല്‍ മരിച്ചയാളുടെ ആശ്രിത ജോലിക്ക് മകന്‍ ഗൗരവ് അപേക്ഷ നല്‍കിയിരുന്നു. ഗൗരവിന് മറ്റൊരു ജോലി ശരിയായതിനാല്‍ അദ്ദേഹത്തിന്റെ സമ്മതത്തോടെ ഗൗരവിന്റെ സഹോദരി ശുഭാംഗി അച്ഛന്റെ ആശ്രിത ജോലി തനിക്കു വേണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് അനുകൂല വിധി.

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഐപിഎല്ലിലെ ഇന്നത്തെ മത്സരം നിര്‍ണായകം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് രാജസ്ഥാന്റെ ഇന്നത്തെ എതിരാളികള്‍. 11 കളികളില്‍ നിന്ന് 10 പോയിന്റുകള്‍ മാത്രമുള്ള രാജസ്ഥാന്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. അത്ര തന്നെ പോയിന്റുള്ള കൊല്‍ക്കത്ത ആറാം സ്ഥാനത്താണ്.

ഐസിസി വരുമാനത്തിന്റെ 38.5 ശതമാനവും ബിസിസിഐക്ക്. ഐസിസി കഴിഞ്ഞ ദിവസം പുറത്തുവിട്ട അടുത്ത നാലു വര്‍ഷത്തേക്കുള്ള വരുമാനം പങ്കിടല്‍ കരാര്‍ അനുസരിച്ച് ഓരോ വര്‍ഷവും ഏകദേശം 1889 കോടി രൂപയാണ് ഇത്തരത്തില്‍ ബിസിസിഐക്ക് ലഭിക്കുക. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ഐസിസി വരുമാനത്തിന്റെ 6.89 ശതമാനം മാത്രമായിരിക്കും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുക. 6.25 ശതമാനം ലഭിക്കുന്ന ഓസ്ട്രേലിയ ആണ് മൂന്നാം സ്ഥാനത്ത്.

തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാര്‍ച്ച് 31ന് അവസാനിച്ച 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 452 ശതമാനം വളര്‍ച്ചയോടെ സര്‍വകാല റെക്കോഡായ 302.33 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2021-22ല്‍ ലാഭം 54.73 കോടി രൂപയായിരുന്നു. അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ ലാഭം മൂന്നാംപാദത്തിലെ 37.41 കോടി രൂപയില്‍ നിന്ന് 101.38 കോടി രൂപയായി കുതിച്ചുയര്‍ന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 23.22 ശതമാനം വര്‍ദ്ധിച്ച് 30,996.89 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 25,155.76 കോടി രൂപയായിരുന്നു. ഇതില്‍ ആകെ വായ്പകള്‍ 14,118.13 കോടി രൂപയാണ്. വളര്‍ച്ച 16.38 ശതമാനം. മുന്‍വര്‍ഷം 12,130.64 കോടി രൂപയായിരുന്നു. നിക്ഷേപം 12,815.07 കോടി രൂപയില്‍ നിന്ന് 14.44 ശതമാനം ഉയര്‍ന്ന് 14,665.63 കോടി രൂപയുമായി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 491.85 കോടി രൂപയില്‍ നിന്ന് 81.70 ശതമാനം ഉയര്‍ന്ന് 893.71 കോടി രൂപയായി. അറ്റ പലിശ വരുമാനം 1,147.14 കോടി രൂപയില്‍ നിന്ന് 60.08 ശതമാനം മെച്ചപ്പെട്ട് 1,836.34 കോടി രൂപയിലെത്തി. കാസ അനുപാതം 7.18 ശതമാനമായി മെച്ചപ്പെട്ടു. നിഷ്‌ക്രിയ ആസ്തി വന്‍തോതില്‍ കുറയ്ക്കാന്‍ സാധിച്ചത് ഇസാഫ് ബാങ്കിന് വലിയ നേട്ടമായിട്ടുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി 7.83 ശതമാനത്തില്‍ നിന്ന് 2.49 ശതമാനമെന്ന സുരക്ഷിതനിലയിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 3.92 ശതമാനത്തില്‍ നിന്ന് 1.13 ശതമാനമായും മെച്ചപ്പെട്ടു. 19.83 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം.

ട്വിറ്ററില്‍ എന്‍ക്രിപ്റ്റഡ് വോയിസ്, വീഡിയോ കോള്‍ സൗകര്യം ഉടനെത്തുമെന്ന് വ്യക്തമാക്കി സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ പങ്കിടാതെ തന്നെ ട്വിറ്ററിലൂടെ ആരുമായും ആശയവിനിമയം നടത്താന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം, ‘ട്വിറ്റര്‍ 2.0 ദി എവ്രിത്തിംഗ് ആപ്പ്’ മസ്‌ക് അവതരിപ്പിച്ചിരുന്നു. ഇതില്‍ എന്‍ക്രിപ്റ്റഡ് ഡയറക്ട് മെസേജുകള്‍ (ഡി.എം), ലോംഗ്ഫോം ട്വീറ്റുകള്‍, പേയ്‌മെന്റുകള്‍ എന്നീ സവിശേഷതകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്ലാറ്റ്‌ഫോമിലുള്ള ആര്‍ക്കും വോയ്‌സ്, വീഡിയോ കോളുകള്‍ ചെയ്യാവുന്ന സൗകര്യം ഉടന്‍ വരുന്നു എന്നും ഫോണ്‍ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കാതെ തന്നെ ലോകത്തെവിടെയുമുള്ള ആളുകളുമായി സംസാരിക്കാനാകുമെന്നും മസ്‌ക് ട്വീറ്റില്‍ പറഞ്ഞു. ട്വിറ്ററിലെ കോള്‍ ഫീച്ചര്‍ മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയ്‌ക്കൊപ്പം ട്വിറ്ററിനെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ട്വിറ്ററില്‍ കോളിംഗ് ഫീച്ചര്‍ അവതരിപ്പിക്കുന്നത് വ്യക്തിഗത ഇടപെടലുകള്‍ക്കായി ആപ്പില്‍ തന്നെ തുടരാന്‍ ഉപയോക്താക്കളെ അനുവദിക്കും.

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗംഭീര കളക്ഷനുമായി ബോക്‌സോഫീസില്‍ കുതിക്കുകയാണ് ജൂഡ് ആന്തണിയുടെ ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. മെയ് 5ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 50 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ റീമേക്കിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കാന്‍ തമിഴകം ഒരുങ്ങുന്നുവെന്നാണ് അഭ്യൂഹങ്ങള്‍. 2015ലെ ചെന്നൈ വെള്ളപ്പൊക്കം പ്രമേയമാക്കി ചിത്രം റീമേക്ക് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. തമിഴിലെ മുന്‍നിര നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയ്‌ന്മെന്റ്‌സ് ആണ് ചിത്രം ഒരുക്കാന്‍ ഒരുങ്ങുന്നത്. കാര്‍ത്തി, ചിമ്പു, ജയം രവി, ധനുഷ് തുടങ്ങിയവരാകും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുക. മെയ് 12ന് ആണ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം രാജ്യ വ്യാപകമായി റിലീസിനെത്തുന്നത്. അതേസമയം, ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രം ആകാന്‍ പോവുകയാണ് 2018 ചിത്രം. റിലീസ് ചെയ്ത് 7 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്.

സുരേഷ് ഗോപി-ബിജു മേനോന്‍ കോമ്പോ വീണ്ടും. വലിയൊരു ഇടവേളയ്ക്ക് ശേഷം ഇരുതാരങ്ങളും ഒന്നിക്കുന്ന സിനിമ ‘ഗരുഡന്‍’ നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മേജര്‍ രവിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ അമ്പതോളം ആഡ് ഫിലിമുകള്‍ ഒരുക്കി പ്രശസ്തനാണ്. കടുവ എന്ന ചിത്രത്തിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോ, ‘കാപ്പ’ സിനിമയുടെ പ്രമോ ഗാനം എന്നിവ ചിത്രീകരിച്ചതും അരുണ്‍ വര്‍മ്മയാണ്. ലീഗല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാകും ഗരുഡന്‍. നിയമത്തിന്റെ തലനാരിഴ കീറി മുറിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പുതുമയും, ആകാംക്ഷയും നല്‍കുന്നതായിരിക്കും. നടി അഭിരാമി ഈ ചിത്രത്തില്‍ ഒരു മുഖ്യ കഥാപാത്രമായി എത്തും. സിദ്ദിഖ്, ജഗദീഷ്, ദിലീഷ് പോത്തന്‍, തലൈവാസല്‍ വിജയ്, ദിവ്യാ പിള്ള, മേജര്‍ രവി, ജയിസ് ജോസ്, നിഷാന്ത് സാഗര്‍, രഞ്ജിത്ത് കാല്‍പ്പോള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ മിഥുന്‍ മാനുവലിന്റേതാണ് തിരക്കഥ.

മാരുതി സുസുക്കി ജിംനിയുടെ വില ജൂണ്‍ ആദ്യം പ്രഖ്യാപിക്കും. വില പ്രഖ്യാപിക്കും മുമ്പ് ഏകദേശം 24500 ബുക്കിങ്ങുകളാണ് ജിംനിക്ക് ലഭിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ് നെക്സ വഴിയാണ് ജിംനി വില്‍പനയ്ക്ക് എത്തുക. നിലവിലെ സാഹചര്യം അനുസരിച്ച് മാനുവല്‍ വകഭേദം ലഭിക്കുന്നതിന് ആറുമാസം വരെയും ഓട്ടമാറ്റിക് വകഭേദത്തിന് എട്ടുമാസം വരെയും കാത്തിരിക്കണം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ജിംനിയുടെ പ്രാരംഭ വില 9.99 ലക്ഷം രൂപയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാരുതി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും ഇതു പ്രകാരം സീറ്റ എംടി എന്ന അടിസ്ഥാന വകഭേദത്തിന് 9.99 ലക്ഷ രൂപയും ആല്‍ഫ ഓട്ടമാറ്റിക് എന്ന ഉയര്‍ന്ന വകഭേദത്തിന് 14.33 ലക്ഷം രൂപയുമായിരിക്കും എക്സ്ഷോറൂം വില. കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് മാരുതി ജിംനിയുടെ അഞ്ച് ഡോര്‍ പതിപ്പ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിര്‍മാണം ഏപ്രില്‍ ആരംഭിച്ച് മേയ് മാസത്തില്‍ ജിംനി വിപണിയിലെത്തിയേക്കും. ഒരു മാസം 7000 യൂണിറ്റ് ജിംനികളാണ് ഇന്ത്യന്‍ വിപണിക്ക് നല്‍കുക.

അംബേദ്കറുടെ ജീവിതം വളരെ വ്യക്തതയോടെയും ഉള്‍ക്കാഴ്ചയോടെയും ആദരവോടെയുമാണ് ഈ പുസ്തകത്തില്‍ പറയുന്നത്. 1891 ഏപ്രില്‍ 14-ന് ബോംബെ പ്രസിഡന്‍സിയിലെ മഹര്‍മാരുടെ കുടുംബത്തില്‍ ജനിച്ചതു മുതല്‍ 1956 ഡിസംബര്‍ 6-ന് ഡല്‍ഹിയില്‍വച്ച് മരിക്കുന്നതു വരെയുള്ള ആ മഹാപുരുഷന്റെ ജീവിതത്തെ ശശി തരൂര്‍ വിവരിക്കുന്നു. അധഃസ്ഥിതരെന്ന് അപഹസിക്കുന്ന ഒരു സമൂഹത്തില്‍ അംബേദ്കറിന് നേരിടേണ്ടിവന്ന നിരവധി അപമാനങ്ങളെയും പ്രതിബന്ധങ്ങളെയും പരാമര്‍ശിക്കുന്നതോടൊപ്പം വിവിധ പോരാട്ടങ്ങള്‍, രാഷ്ട്രീയ-ബൗദ്ധിക അതികായരുമായുള്ള അദ്ദേഹത്തിന്റെ തര്‍ക്കങ്ങള്‍ എന്നിവ ഈ കൃതി പങ്കുവയ്ക്കുന്നു. ‘അംബേദ്കര്‍ ഒരു ജീവിതം’. മൂന്നാം പതിപ്പ്. ശശി തരൂര്‍. വിവ: ലിന്‍സി കെ. തങ്കപ്പന്‍. ഡിസി ബുക്സ്. വില 340 രൂപ.

സീഫുഡ് ഭക്ഷണം പല കാരണങ്ങള്‍ കൊണ്ടും ആരോഗ്യത്തിന് നല്ലതാണ്. അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണെന്നതിനപ്പുറം പൂരിത കൊഴുപ്പും കലോറിയും സീഫുഡില്‍ കുറവാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഭാരം ആരോഗ്യകരമായ അളവില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവ നല്ലതാണ്. കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ക്കും സീഫുഡ് അനുയോജ്യമാണ്. സീഫുഡില്‍ തന്നെ ഏറ്റവും സുലഭമായി ലഭിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ചെമ്മീനില്‍ വിറ്റാമിന്‍ ബി 12, സെലിനിയം, ഫോസ്ഫറസ്, കോളിന്‍, കോപ്പര്‍ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ചെമ്മീനില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മെറ്റബോളിസം മെച്ചപ്പെടുത്താനും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും ഇവ സഹായിക്കും. തലച്ചോറിന്റെ അരോഗ്യമടക്കമുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ് ഈ പോഷകങ്ങള്‍. മൂന്ന് ഔണ്‍സ് (ഏകദേശം 85ഗ്രാം) ചെമ്മീനില്‍ 84കലോറി മാത്രമേയൊള്ളു. പ്രോട്ടീനിന്റെ ഒരു മികച്ച ഉറവിടമാണ് ചെമ്മീന്‍. മൂന്ന് ഔണ്‍സ് ചെമ്മീനില്‍ ഏകദേശം 20 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ടിഷ്യുകള്‍ നിര്‍മ്മിക്കുന്നതിനും അവ റിപെയര്‍ ചെയ്യുന്നതിനും നല്ലതാണ്. പേശികളെ ശക്തിപ്പെടുത്താനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ചെമ്മീനില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ വീക്കം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. സ്ഥിരമായി ചെമ്മീന്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചെമ്മീനില്‍ അടങ്ങിയിട്ടുള്ള കോളിന്‍ പോലുള്ള പോഷകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഓര്‍മ്മശക്തിയും വൈജ്ഞാനിക പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ കോളിന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.10, പൗണ്ട് – 103.25, യൂറോ – 89.71, സ്വിസ് ഫ്രാങ്ക് – 91.82, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.27, ബഹറിന്‍ ദിനാര്‍ – 217.80, കുവൈത്ത് ദിനാര്‍ -267.73, ഒമാനി റിയാല്‍ – 213.52, സൗദി റിയാല്‍ – 21.89, യു.എ.ഇ ദിര്‍ഹം – 22.36, ഖത്തര്‍ റിയാല്‍ – 22.55, കനേഡിയന്‍ ഡോളര്‍ – 61.19.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *