കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സന്ദീപ് അക്രമം നടത്തുമ്പോള്‍ പോലീസ് എന്തു ചെയ്യുകയായിരുന്നെന്ന് ഹൈക്കോടതി. ഇതാണ് സ്ഥിതിയെങ്കില്‍ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല. സംവിധാനത്തിന്റെ പരാജയമാണിതെന്നും കോടതി. ആശുപത്രിയില്‍ സംഭവിച്ചതെല്ലാം ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍ പവര്‍ പോയിന്റ് പ്രസന്റേഷനും സിസിടിവി വീഡിയോകളും സഹിതം വിശദീകരിച്ചതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം തുടരുമെന്ന് ഐഎംഎ. മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് സമരം തുടരുമെന്നു പ്രഖ്യാപിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അനുഭാവ പൂര്‍വം കേട്ടെന്നും വ്യക്തമായ ഉറപ്പു ലഭിക്കും വരെ സമരം തുടരുമെന്നും ഐഎംഎ അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇന്നു മൂന്നരയ്ക്ക് അടിയന്തര യോഗം വിളിച്ചു. നിയമ നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി, എ ഡി ജി പിമാ തുടങ്ങിയവര്‍ പങ്കെടുക്കും.
ഡല്‍ഹിയില്‍ ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനെന്നു സുപ്രീം കോടതി. പോലീസ്, ലാന്‍ഡ്, പബ്ലിക് ഓര്‍ഡര്‍ എന്നിവ ഒഴികേയുള്ള അധികാരങ്ങള്‍ സംസ്ഥാനത്തിനാണെന്നു സുപ്രീംകോടതി വിധിച്ചു. ഗവര്‍ണറും കേജരിവാള്‍ സര്‍ക്കാരും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടത്.
മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി. വിശ്വാസ വോട്ടു നേടാതെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവച്ചത്. അതിനാലാണ് ഇടപെടാനാകാത്തത്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിനുള്ള ഗവര്‍ണറുടെ തീരുമാനവും ഷിന്‍ഡെ വിഭാഗത്തിനു വിപ്പ് അനുവദിച്ച സ്പീക്കറുടെ നടപടിയും തെറ്റാണെന്നും കോടതി.
യാത്രാ വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ബേബി കാര്‍ സീറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമണെന്ന് ബാലാവകാശ കമ്മീഷന്‍. 13 വയസില്‍ താഴെയുള്ള കുട്ടികളെ നിര്‍ബന്ധമായും പിന്‍സീറ്റില്‍ മാത്രമേ ഇരുത്താവൂ. രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ബേബി സീറ്റ് ഘടിപ്പിക്കണം. വാഹനത്തില്‍ ചൈല്‍ഡ് ഓണ്‍ ബോര്‍ഡ് എന്ന അറിയിപ്പ് പതിപ്പിക്കുകയും വേണം.
വീഴ്ചയുണ്ടായിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍. തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപിന്റെ ഫോണ്‍ സന്ദേശം ലഭിച്ചതനുസരിച്ച് അയാളെ സഹായിക്കാനാണ് പോലീസ് പോയത്. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സഹിതമാണ് പോലീസിന്റെ വിശദീകരണം. പ്രതിയായല്ല, പരാതിക്കാരനെന്ന നിലയിലാണ് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത്. കാലില്‍ പരിക്കേറ്റിരുന്ന സന്ദീപുമായി പുലര്‍ച്ചെ 4:41 ന് പൊലിസ് ആശുപത്രിയിലെത്തിച്ചു. ഒ പി ടിക്കറ്റ് എടുത്തു. 4:53 ന് ഡ്രസിംഗ് മുറിയിലെത്തി. അവിടത്തെ ദൃശ്യങ്ങള്‍ സന്ദീപ് പകര്‍ത്തി വാട്‌സ് ആപ്പ് ഗ്രൂപ്പിലിട്ടു. പിറകേയാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. പുലര്‍ച്ചെ 4:53 നും 5.03 നും ഇടയിലായിരുന്നു അക്രമസംഭവങ്ങള്‍. ഡ്രസിംഗ് റൂമില്‍ ഡ്രസിംഗിനായി കാല്‍ ശരിക്കു വയ്ക്കാന്‍ സന്ദീപ് വിസമ്മതിച്ചു. നിര്‍ബന്ധിച്ചു കാല്‍ വയ്പിക്കാന്‍ ശ്രമിച്ച ബന്ധു രാജേന്ദ്രനെ ചവിട്ടി വീഴ്ത്തിയ സന്ദീപ്, കത്രിയെടുത്ത് പുറത്തു വന്ന് അയല്‍വാസിയായ ബിനുവിനെ കുത്തി. തടയാന്‍ ശ്രമിച്ച ഹോം ഗാര്‍ഡ് അലക്‌സിനെ കുത്തി. പ്ലാസ്റ്റിക് കസേര കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച എഎസ്‌ഐ മണിലാലിനും കുത്തേറ്റു. തടയാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ രാജേഷിനെയും കുത്തി. ഇതിനിടയിലായിരുന്നു വന്ദനയെ ആക്രമിച്ചത്. പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയതു സംബന്ധിച്ച് പോലീസ് തയാറാക്കിയ എഫ്‌ഐആറില്‍ ഗുരുതര തെറ്റുകള്‍. പ്രതി സന്ദീപ് ആദ്യം ഡോ. വന്ദനയെയാണു കുത്തിയതെന്നാണു എഫ്‌ഐആറില്‍ പറയുന്നത്. തുടക്കംമുതലേ അക്രമാസക്തനായിരുന്നിട്ടും സന്ദീപ് ശാന്തനായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഡോ. വന്ദന കൊല്ലപ്പെട്ടിട്ടും കൊലപാതക ശ്രമമെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എഫ്‌ഐആറിലെ തെറ്റുകള്‍ തിരുത്തി വീണ്ടും കോടതിയില്‍ സമര്‍പ്പിക്കും.
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്കി. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ രോഗികള്‍ വലഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ അടക്കം ഡോക്ടര്‍മാര്‍ പ്രതിഷേധ റാലികള്‍ നടത്തി.
ഡോക്ടറെ കുത്തിക്കൊന്ന പ്രതി സന്ദീപിന്റെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും. ആക്രമണത്തിന് തൊട്ടുമുമ്പ് സന്ദീപ് വീഡിയോ എടുത്ത് ചില സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. പ്രതിയുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തെളിവുകള്‍ ഫോണിലുണ്ടോയെന്നും പരിശോധിക്കും.
പരിചയക്കുറവെന്ന് അധിക്ഷേപിച്ച ആരോഗ്യമന്ത്രിയുടെ പരാമര്‍ശം പോലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ആര്‍ക്കാണു പരിചയക്കുറവെന്നു ജനം വിലയിരുത്തും. കൊല്ലപ്പെട്ട ഡോ വന്ദനദാസിന്റെ വീടു സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സതീശന്‍. ഒരു ക്രിമിനലിനെ ഒരു തയ്യാറെടുപ്പുമില്ലാതെ പെണ്‍കുട്ടിക്കു മുന്നിലേക്കിട്ടു കൊടുത്തു. സന്ദീപിനെ പ്രതിയായല്ല, വാദിയായിട്ടാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് എഡിജിപി പറയുന്നതെന്നും സതീശന്‍ പരിഹസിച്ചു.
വനിതാ ഡോക്ടറെ കൊന്ന പ്രതി സന്ദീപ് സ്‌കൂളില്‍ പ്രശ്‌നക്കാരനായിരുന്നില്ലെന്ന് പ്രധാനാധ്യാപിക. മാര്‍ച്ച് 31 വരെ സന്ദീപ് സ്‌കൂളിലെത്തിയിരുന്നുവെന്ന് നെടുമ്പന യുപി സ്‌കൂള്‍ പ്രധാനാധ്യാപിക പറഞ്ഞു.
അക്രമത്തിനു തലേന്നു മുതല്‍ പ്രതി സന്ദീപ് പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് കുത്തേറ്റ അയല്‍വാസിയും സിപിഎം പ്രവര്‍ത്തകനുമായ ബിനു. പ്രതിയുടെ കയ്യില്‍ കത്രിക ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. ആദ്യം തന്റെ കഴുത്തിനാണ് കുത്തേറ്റതെന്നും ബിനു പറഞ്ഞു.
ഡോ. വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണ് ഇതെന്നും സനോജ് പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സിനു രോഗിയുടെ ആക്രമണം. രോഗിക്കു മരുന്ന് നല്‍കാനെത്തിയ നഴ്‌സ് പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിയായ നഴ്‌സ് നേഖാ അരുണിന്റെ കൈ രോഗി ബലമായി പിടിച്ചുതിരിച്ച് ഒടിച്ചു.
എഐക്യാമറ ആരോപണത്തില്‍ ശിഖണ്ഡിയല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാണു മറുപടി പറയേണ്ടതെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മിണ്ടുന്നില്ല. സര്‍ക്കാര്‍ മറുപടി പറഞ്ഞില്ല. എസ്ആര്‍ഐടിയെകൊണ്ട് പറയിച്ചതുകൊണ്ടു പ്രയോജനമില്ലെന്നും ചെന്നിത്തല.
ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് കെ മുരളീധരന്‍. ലീഡേഴ്‌സ് മീറ്റില്‍ സിറ്റിംഗ് എംപിമാര്‍ മത്സരിക്കണമെന്നാണ് നിര്‍ദ്ദേശമുണ്ടായത്. നിയമസഭയിലേക്കു മത്സരിക്കാന്‍ ഇനിയില്ല. പാര്‍ട്ടി പുനസംഘടന ഈ മാസം 30 ന് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ മോക്ക ചുഴലിക്കാറ്റ്. അര്‍ധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് മഴയ്ക്കു സാധ്യത. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കു സാധ്യത.
ട്രെയിന്‍ തീ വയപുകേസില്‍ എന്‍ഐഎ ഒമ്പതിടങ്ങളില്‍ പരിശോധന നടത്തി. പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടിലും സമീപ സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഷാറൂഖ് സെയ്ഫിയുടെ ഫോണിലെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു.
വന്ദേ ഭാരത് എക്സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്ന പി.ടി. ഷീജിഷാണ് സുപ്രീം കോടതിയെയും സമീപിച്ചത്.
അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിനു സമീപം സ്‌ഫോടനം. ഉഗ്രശബ്ദം കേട്ടതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി. ഇന്നലെ അര്‍ധനരാത്രിയോടെയാണ് സ്‌ഫോടനമുണ്ടായത്. അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു.