അയണും സിങ്കും ഫൈബറും അധികമുള്ള ഭക്ഷണക്രമവും നിത്യവുമുള്ള ചായ കുടിയും മഞ്ഞളിന്റെ ഉപയോഗവുമെല്ലാം ഇന്ത്യയിലെ കോവിഡ് തീവ്രതയും മരണനിരക്കും കുറച്ചതായി പഠന റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്കാലത്ത് ഉയര്‍ന്ന ജനസംഖ്യയുള്ള ഇന്ത്യയുടെ കോവിഡ് മരണനിരക്ക് ജനസംഖ്യ കുറഞ്ഞ പല പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് 5-8 മടങ്ങ് കുറവായിരുന്നു. ഇതിന് പിന്നില്‍ ഇന്ത്യക്കാരുടെ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ടെന്ന് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇന്ത്യയ്ക്കു പുറമേ ബ്രസീല്‍, ജോര്‍ദാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സൗദി അറേബ്യ എന്നിവിടങ്ങളിലെയും ശാസ്ത്രജ്ഞര്‍ ഗവേഷണത്തില്‍ പങ്കെടുത്തു. പശ്ചിമ ബംഗാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് ഒമിക്‌സ് ആന്‍ഡ് അപ്ലൈഡ് ബയോടെക്‌നോളജിയിലെ സെന്റര്‍ ഫോര്‍ ജീനോമിക്‌സ് ആന്‍ഡ് അപ്ലൈഡ് ജീന്‍ ടെക്‌നോളജിയും ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സസിലെ പോളിസി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ചും ഗവേഷണത്തിന് നേതൃത്വം നല്‍കി. ഇന്ത്യന്‍ ഭക്ഷണങ്ങളിലെ പലതരം ഘടകങ്ങള്‍ ശരീരത്തിനുള്ളിലെ സൈറ്റോകീന്‍ പ്രവാഹത്തെ അമര്‍ത്തി രോഗതീവ്രത കുറയ്ക്കുന്നുണ്ടാകാമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. നിത്യവും ചായ കുടിക്കുന്ന ഇന്ത്യന്‍ ശീലം ഇന്ത്യക്കാരുടെ ശരീരത്തിലെ നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ തോത് ഉയര്‍ത്തുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ചായയിലെ കറ്റേച്ചിനുകള്‍ രക്തത്തിലെ ട്രൈഗ്ലിസറൈഡ് തോതും കുറയ്ക്കുന്നു. കറികളിലും മറ്റും മഞ്ഞള്‍ ചേര്‍ക്കുന്ന ശീലം ഇന്ത്യക്കാരുടെ പ്രതിരോധശേഷി ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ 2023 ഏപ്രില്‍ 26 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ 4.49 കോടി പേര്‍ക്ക് കോവിഡ് ബാധിക്കുകയും 5,31,369 പേര്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍ ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ഇന്ത്യയിലെ മരണനിരക്ക് പല രാജ്യങ്ങളെയും അപേക്ഷിച്ച് കുറവാണ്. 11,21,819 പേര്‍ മരണപ്പെട്ട അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്.