night news hd 25

 

ബിജെപി സര്‍ക്കാര്‍ കയറ്റുമതിയിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കുമ്പോള്‍ കേരളത്തിലെ ചിലര്‍ സ്വര്‍ണക്കള്ളക്കടത്തു നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ ബിജെപിക്കുവേണ്ടി സംഘടിപ്പിച്ച യുവം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ വികസന, തൊഴില്‍ പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. കേരളത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനു മാത്രമാണു ശ്രമം. മുന്‍കാല സര്‍ക്കാരുകള്‍ കുംഭകോണങ്ങള്‍ നടത്തിയപ്പോള്‍ ബിജെപി സര്‍ക്കാര്‍ യുവാക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മതത്തിന്റേയും ഭാഷയുടേയും സംസ്‌കാരത്തിന്റേയും പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ പരാജയപ്പെടുത്തണം. അദ്ദേഹം പറഞ്ഞു.

യുവാക്കളിലാണു തന്റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കള്‍ക്ക് ഒരുപാടു മുന്നേറ്റങ്ങള്‍ നയിക്കാനാകും. ഇന്ത്യ ലോകത്തിന്റെ യുവശക്തിയാണ്. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ ബിജെപിക്കുവേണ്ടി സംഘടിപ്പിച്ച യുവം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും ദര്‍ബല സമ്പദ് വ്യവസ്ഥയായിരുന്ന ഇന്ത്യ ഇപ്പോള്‍ ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായി വളര്‍ന്നു. ആത്മനിര്‍ഭര്‍ ഭാരത് വിജയകരമാക്കിയത് ഇന്ത്യയിലെ യുവാക്കാളുടെ സ്റ്റാര്‍ട്ടപ്പുകള്‍കൂടിയാണ്. ഇപ്പോള്‍ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനസ്ഥാനത്തേക്ക് ഇന്ത്യ വളര്‍ന്നു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രിയ മലയാളി സുഹൃത്തുക്കളേ, നമസ്‌കാരം എന്നു മലയാളത്തിലാണു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്. തുടര്‍ന്ന് ഹിന്ദിയിലായി പ്രസംഗം. ആദിശങ്കരനും ശ്രീനാരായണ ഗുരുവും അടക്കമുള്ള മഹത് പ്രതിഭകളേയും നമ്പി നാരായണനേയും ഈ വര്‍ഷം പത്മ പുരസ്‌കാരം വരെ നേടിയവരെയും അനുസ്മരിച്ചുകൊണ്ടാണു നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്. മൊബൈല്‍ ഫോണുകളിലെ ടോര്‍ച്ച് ലൈറ്റ് ഓണ്‍ ചെയ്ത് ഭാരത് മാതാകീ ജയ്, വന്ദേ മാതരം വിളികള്‍ മുഴക്കിച്ചുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രസംഗം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷനായി.

റോഡിലിറങ്ങി നടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. കസവുമുണ്ടും ജൂബയും ഷാളും ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്. വെണ്ടുരുത്തി പാലം മുതല്‍ നടന്നു തുടങ്ങിയ മോദിയെ റോഡിനിരുവശവും കാത്തുനിന്ന് ജനക്കൂട്ടം മഞ്ഞപ്പൂക്കള്‍ വിതറിയാണ് വരവേറ്റത്. കാത്തുനിന്ന ജനങ്ങളെ മോദി കൈകളുയര്‍ത്തി അഭിവാദ്യം ചെയ്തു. ഏറെ സമയം കാറിന്റെ ഡോര്‍ തുറന്ന് തുങ്ങിനിന്നുകൊണ്ടും നരേന്ദ്രമോദി റോഡ് ഷോയില്‍ പങ്കെടുത്തു.

കൊച്ചിയില്‍ യുവം പരിപാടിയില്‍ പദ്മ പുരസ്‌കാര ജേതാക്കള്‍ അടക്കമുള്ള പൗരപ്രമുഖരെ അണിനിരത്തി ബിജെപി. പ്രകാശ് ജാവദേക്കര്‍, സുരേഷ് ഗോപി, നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്യ, ഗായകന്‍ വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍, അനില്‍ ആന്റണി തുടങ്ങിയവരും ബി ജെ പി സംസ്ഥാന നേതാക്കളും എത്തിയിരുന്നു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം വേദിക്കു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അപ്രതീക്ഷിത പ്രതിഷേധം. മോദി ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.എച്ച്. അനീഷിനെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റത്തിനു ശ്രമിച്ചെങ്കിലും പൊലീസ് ഉടനേ ഇയാളെ കസ്റ്റഡിയിലെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി വെല്ലിംഗ്ടണ്‍ ദ്വീപിലെ ഹോട്ടല്‍ താജ് മലബാറില്‍ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തി. നാളെ രാവിലെ പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പോകും. 10.30 ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് തീവണ്ടി ഫ്‌ളാഗ്ഓഫ് ചെയ്യും. 11 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍മെട്രോ അടക്കം 3200 കോടിയുടെ വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും.

ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ‘ഓപ്പറേഷന്‍ കാവേരി’ രക്ഷാദൗത്യം മുന്നേറുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കുന്നതിനായി ഐഎന്‍എസ് സുമേധ എന്ന കപ്പല്‍ സുഖാന്‍ തുറമുഖത്ത് എത്തി. വ്യോമസേനയുടെ സി 130 ജെ എന്ന വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നാളെ നടത്തുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പരീക്ഷ ഉച്ചയ്ക്കുശേഷമാക്കി. രാവിലെ 10.30 മുതല്‍ 12.30 വരെ നടത്താനിരുന്ന മെയിന്‍ പരീക്ഷയാണ് ഉച്ചക്കുശേഷം 2.30 മുതല്‍ 4.30 വരെയാക്കിയത്. പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല.

സംസ്ഥാനത്തു 232 കോടി രൂപ മുടക്കി സ്ഥാപിച്ച കാമറകള്‍ എഐ കാമറകളല്ല, വെറും കാമറകളാണെന്ന് ആരോപണം. കാമറ രംഗത്തെ വിദഗ്ധരാണ് ഇക്കാര്യം ചുണ്ടിക്കാണിക്കുന്നത്. ഇതേസമയം, കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ നേരിട്ട് ടെണ്ടര്‍ വിളിക്കണമെന്ന തീരുമാനം് ലംഘിച്ചാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്. 151 കോടി ക്വോട്ട് ചെയ്ത കമ്പനിക്ക് അഞ്ച് വര്‍ഷത്തെ പരിപാലന ചെലവ് കൂടി അധികം നല്‍കി. 81 കോടിയുടെ അധിക ലാഭമുണ്ടാക്കാന്‍ കൂട്ടുനിന്നെന്നും ചെന്നിത്തല ആരോപിച്ചു.

കോടികള്‍ മുടക്കിയ എഐ ക്യാമറ ഇടപാടിലെ ഉപകരാര്‍ മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഒപ്പുവെച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വകാര്യ കമ്പനിയുമായി കെല്‍ട്രോണ്‍ ഒപ്പുവച്ച കരാറും സ്വകാര്യ കമ്പനി ഏര്‍പ്പെട്ട ഉപകരാറും മന്ത്രിസഭയില്‍നിന്ന് മറച്ചുവച്ചു. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയ എസ്ആര്‍ഐടിക്ക് ഊരാളുങ്കലുമായി ബന്ധമുണ്ടെന്നും കോടികളുടെ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ലാവ്ലിന്‍ കേസ് 33-ാം തവണ മാറ്റിവച്ചതിനു പിറകിലുള്ള നാടകത്തിലെ രഹസ്യം എന്നെങ്കിലും പുറത്തുവരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇത്രയേറെ തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു സുപ്രധാന കേസ് സുപ്രീംകോടതിയുടെ ചരിത്രത്തില്‍ കാണില്ല. ചിലരുമായുള്ള അന്തര്‍ധാരയുടെ പ്രതിഫലനമാണ് ഇവിടെ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോഴിക്കോട് കൊളത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബിനീഷിന്റെ കൊലയാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. ബിനീഷിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നതാണെന്നാണ് ബന്ധുക്കളുടെ പരാതി.

ചിറ്റാരിക്കലില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മുള്ളന്‍ പന്നി ഇടിച്ച് അച്ഛനും മകനും പരിക്കേറ്റു. ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകന്‍ ജോണ്‍സ്, എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഈഗോ തടസമാകില്ല. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള പ്രതിപക്ഷ ഐക്യ ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമെന്ന് മമത ബാനര്‍ജി പറഞ്ഞു.

തമിഴ്‌നാട്ടിലെ ജോലി സമയം 12 മണിക്കൂറായി വര്‍ധിപ്പിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ പിന്‍വലിച്ചു. ഭരണപക്ഷത്തുനിന്നും എതിര്‍പ്പുയര്‍ന്നതാണു കാരണം. നാലു ദിവസം ജോലിയും മൂന്നു ദിവസം അവധിയുമാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.

ട്വിറ്റര്‍ പ്രമുഖ വ്യക്തികളുടെ ബ്ലൂടിക്ക് ബാഡ്ജുകള്‍ പുനഃസ്ഥാപിച്ചു. പണമടയ്ക്കാത്ത എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളിലെയും ബ്ലൂ ചെക്ക് മാര്‍ക്കുകള്‍ ട്വിറ്റര്‍ എടുത്തുകളഞ്ഞിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *