എടവണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതെന്ന സംശയം ബലപ്പെട്ടു. ഇദ്ദേഹത്തിന്റെ ശരീരത്തിൽ മൂന്നിടത്ത് വെടിയേറ്റ പാടുകൾ കണ്ടെത്തി. നെഞ്ചിലടക്കം മൂന്നിടത്താണ് വെടിയേറ്റത്. തലക്ക് പിന്നിൽ അടിയേറ്റുണ്ടായ പരിക്കും കണ്ടെത്തി. റിദാൻ ബാസിൽ എന്ന എടവണ്ണ സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. യുവാവിനെ കഴിഞ്ഞ ദിവസം കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയിരുന്നു. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എടവണ്ണ, വണ്ടൂർ, നിലമ്പൂർ സ്റ്റേഷനുകളിലെ സിഐമാരും പൊലീസുകാരും സ്ഥലത്തെത്തി. പ്രദേശത്ത് വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു.