അമ്പത്തിരണ്ടു വര്‍ഷത്തെ ഏകാന്ത തടവുവാസത്തിനിടെ അനേകായിരങ്ങളെ ത്രില്ലടിപ്പിച്ച ലോലിത എന്ന കൊലയാളിത്തിമിംഗലത്തിനു മോചനം. കൊലാളിത്തിമിംഗലം എന്നെല്ലാം പറയുമെങ്കിലും ഡോള്‍ഫിന്‍ കുടുംബത്തിലുള്ള ഓര്‍ക്കയാണ് ലോലിത. ആരേയും കൊന്നിട്ടുമില്ല. സ്വാഭാവിക ആവാസവ്യവസ്ഥയയായ കടലില്ല, കൃത്രിമ ജലാശയത്തിലാണ് ലോലിത 52 വര്‍ഷം കഴിച്ചുകൂട്ടിയത്. ഫ്ളോറിഡയിലുള്ള മയാമി സീ ക്വേറിയത്തിലായിരുന്നു ലോലിത. സീക്വേറിയത്തില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി അനേകായിരം സന്ദര്‍ശകരെ സന്തോഷിപ്പിച്ചും വിസ്മയിപ്പിച്ചുമാണ് ലോലിത ഇത്രയുംകാലം കഴിച്ചുകൂട്ടിയത്. മെരുക്കി വളര്‍ത്തി അഭ്യാസിയാക്കിയ ഈ ഓര്‍ക്ക 57-ാം വയസിലാണു കടലിലേക്കുതന്നെ മടങ്ങുന്നത്. കടലിലെ നോര്‍ത്ത് പസഫിക് സമുദ്രമാണ് ഓര്‍ക്കകളുടെ പ്രധാന ആവാസ വ്യവസ്ഥ. അവിടെ സാലിഷ് സമുദ്രത്തിലേക്കാണു ലോലിതയെ മോചിപ്പിക്കുക. ലോലിത എന്ന ഓര്‍ക്കയെ കടലിലേക്കു മോചിപ്പിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും മൃഗസ്നേഹികളും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നു. ആഴക്കടലില്‍ ആയിരം അടി വരെ നീന്താന്‍ കഴിയുന്ന സമുദ്ര ജീവിയാണിത്. 1970 ലാണ് നാലു വയസുണ്ടായിരുന്ന ലോലിതയെ തെക്കു പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ നിന്ന് പിടികൂടിയത്. പിന്നീട് അഭ്യാസ പ്രകടനങ്ങള്‍ക്കു തീവ്ര പരിശീലനം നല്കി. വര്‍ഷങ്ങളോളം കാണികളെ അത്ഭുതപ്പെടുത്തി. ലോലിതയുടെ അഭ്യാസപ്രകടനങ്ങള്‍ക്ക് ആരാധകരേറെയാണ്. സീ അക്വേറിയത്തെ ദി ഡോള്‍ഫിന്‍ കമ്പനി ഏറ്റെടുത്തതോടെയാണ് മോചിപ്പിക്കാന്‍ തീരുമാനമായത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan