ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങ്ങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. പഞ്ചാബ് പൊലീസിന് ഇന്റലിജന്‍സ് വീഴ്ചയുണ്ടായതായും കോടതി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചോദിച്ചു. അമൃത്പാൽ സിങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റം ചുമത്തിയെന്നും സർക്കാർ ഇക്കാര്യം ഹൈക്കോടതിയിൽ വ്യക്തമാക്കിയതായും അഭിഭാഷകൻ പറഞ്ഞു.അതേസമയം സംസ്ഥാനത്തെ സമാധാന സാഹചര്യം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. അറസ്റ്റിലായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പഞ്ചാബില്‍ ഏർപ്പെടുത്തിയ ഇൻ്റര്‍നെറ്റ് – എസ്എംഎസ് നിരോധനം ചില മേഖലകളില്‍ മാത്രമാക്കി ചുരുക്കി.