night news hd 18

 

ലിവ് ഇന്‍ ടുഗെതര്‍ റിലേഷനുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ലിവ് ഇന്‍ ബന്ധങ്ങള്‍ തടയുകയാണോ ഹര്‍ജിക്കാരന്റെ ലക്ഷ്യമെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ ചിഹ്നമാണെന്ന് മുസ്ലിംലീഗ് സുപ്രീം കോടതിയില്‍. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ലീഗിന്റെ വാദം. ബിജെപി, ശിവസേന, ശിരോമണി അകാലിദള്‍ ഉള്‍പ്പെടെ 27 രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനദ്രോഹ നടപടികളെ വിമര്‍ശിച്ചാല്‍ ഇന്ത്യയെ വിമര്‍ശിക്കലാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മോദിയെ ഇന്ത്യയെന്നു ചിത്രീകരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുല്‍. കോഴിക്കോട് മുക്കത്ത് യുഡിഎഫ് ബഹുജന കണ്‍വഷനും കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ വേദിയില്‍ സ്ത്രീകള്‍ക്ക് ഇടം നല്‍കാതിരുന്നതിനെ രാഹുല്‍ സംഘാടകരെ വിമര്‍ശിച്ചു.

തിരുവനന്തപുരം വഞ്ചിയൂരില്‍ നടുറോഡില്‍ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടന്ന വിവരം അറിയിച്ചിട്ടും നടപടിയെടുക്കാതിരുന്ന പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജയരാജ്, സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വഞ്ചിയൂരിലെ ലൈംഗികാതിക്രമ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അതിക്രമത്തിനിരയായ സ്ത്രീ പോലീസില്‍ പരാതി എഴുതിക്കൊടുക്കാതിരുന്നതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പോലീസിനെ ന്യായീകരിച്ചു. എന്നാല്‍ പരാതിക്കാരിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടി ശരിയല്ലെന്നും സതീദേവി പറഞ്ഞു.

വഞ്ചിയൂരില്‍ മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെ ഉണ്ടായ ലൈംഗികാതിക്രമ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയാണു സംഭവിച്ചതെന്ന് ആര്‍എംപി നേതാവ് കെകെ രമ എംഎല്‍എ. ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കും. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പൊലീസിനെ ന്യായീകരിച്ചതു തെറ്റാണെന്നും രമ.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷന്‍ റിപോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഡാമില്‍ സ്വതന്ത്ര സമിതി അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്ന സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കൊച്ചി കോര്‍പ്പറേഷനു മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തില്‍ തന്റെ പ്രസംഗത്തിനെതിരെ കലാപശ്രമത്തിനു കേസെടുത്തത് അല്‍പ്പത്തരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സമാന രീതിയില്‍ കേസെടുത്തിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ എത്ര കേസുകള്‍ എടുക്കേണ്ടിവരുമായിരുന്നു. പോലീസിനെക്കൊണ്ട് കേസെടുപ്പിച്ച് വിരട്ടി മൂലയ്ക്കിരുത്താമെന്നതു മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. സുധാകരന്‍ പറഞ്ഞു.

പട്ടികജാതി സംവരണം അട്ടിമറിച്ച ദേവികുളം സിപിഎം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നീതിക്കായി നിയമപോരാട്ടത്തിലൂടെ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഡി. കുമാറിനെ കെപിസിസി പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും സുധാകരന്‍.

ദേവികുളം എം.എല്‍.എ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിന്നാക്ക സമുദായങ്ങളെ എല്‍ഡിഎഫും യുഡിഎഫും ചതിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോടതി വിധിയിലൂടെ പുറത്തുവന്നതെന്നും സുരേന്ദ്രന്‍.

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കുമുള്ള നഷ്ടപരിഹാരം നല്‍കാനും അനുബന്ധ ചെലവുകള്‍ക്കുമായി 19 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം ജീവപര്യന്തം തടവിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിനും എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. ജീവപര്യന്തം ശിക്ഷാവിധി റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ഹര്‍ജിയിലെ ആവശ്യം. ഇതേസമയം നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഒമ്പതു വര്‍ഷമായി ജയിലില്‍ കഴിയുന്ന നിഷാമിന് ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ജാമ്യം നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും അഭിഭാഷകന്‍ ഹാരീസ് ബീരാനും കോടതിയില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി എന്റോള്‍ ചെയ്തു. ഇന്നലെ 1,528 അഭിഭാഷകരാണ് എന്റോള്‍ ചെയ്തത്.

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന അരിക്കൊമ്പനെ ഈ മാസം 25 നു മയക്കു വെടിവയ്ക്കുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ രമേശ് ബിഷ്‌ണോയ്. പിടികൂടാനുള്ള മുഴുവന്‍ സംഘങ്ങളും എത്തിയ ശേഷം 24 ന് മോക്ക് ഡ്രില്‍ നടത്തും.

ബെംഗളുരു ശോഭ ഡെവലപ്പേഴ്‌സില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ശോഭ ഗ്രൂപ്പുമായി ഇടപാടുണ്ടായിരുന്ന ഫാരിസ് അബുബക്കറിന്റെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നേരത്തേ ഗുരുഗ്രാമില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്‌സിന്റെ 201 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.

കെ റെയില്‍ വിരുദ്ധ സമരം കേരളത്തെ അമ്പതു വര്‍ഷം പിന്നോട്ടടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്തിനെയും എതിര്‍ക്കുന്ന ചില പരിസ്ഥിതി വാദികളും പ്രതിപക്ഷവുമാണ് വികസനത്തിനെതിരെ സമരം ചെയ്യുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

കേരള ലോട്ടറിയുടെ സമ്മര്‍ ബമ്പര്‍ സമ്മാനമായ പത്തു കോടി രൂപ ആസാം സ്വദേശിക്ക്. സിനിമ സീരിയല്‍ താരം രജനി ചാണ്ടിയുടെ സഹായിയായ ആല്‍ബര്‍ട്ട് ടിഗയ്ക്കാണ് 10 കോടിയുടെ ബമ്പറടിച്ചത്.

പത്രം വിതരണം ചെയ്യുന്നതിനിടെ ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ട് പത്രവിതരണക്കാരനായ യുവാവ് മരിച്ചു. കറുകച്ചാല്‍ പത്തനാട് പരുത്തിമൂട് പതിയ്ക്കല്‍ ജിത്തു ജോണി എന്ന 21 കാരനാണ് മരിച്ചത്.

ലഹരി മരുന്നുമായി യുവതിയെ എറണാകുളത്ത് പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ് എടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ 52 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്.

തന്റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയിരുന്നവര്‍ കബളിപ്പിച്ചതിനാല്‍ പുതിയ ചാനല്‍ ആരംഭിച്ചെന്ന് നടി മീനാക്ഷി അനൂപ്. തന്റെ ചാനലിനായി ലഭിച്ച യൂട്യൂബ് പ്ലേ ബട്ടണ്‍ പോലും തനിക്കു തന്നില്ലെന്ന് മീനാക്ഷി ആരോപിച്ചു. പുതിയ ചാനലിലൂടെയാണ് മീനാക്ഷിയും കുടുംബവും തട്ടിപ്പുകാര്യം വെളിപെടുത്തിയത്.

കര്‍ണാടകത്തില്‍ തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് മൂവായിരം രൂപ തൊഴിലില്ലായ്മാ വേതനം നല്‍കുമെന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം. ബെലഗാവിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് പ്രഖ്യാപനം. തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങള്‍ക്കും ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങള്‍ നേരത്തേ കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരുന്നു. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണു കര്‍ണാടകയിലെ ബിജെപി സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

പൊലീസ് വെടിവയ്പില്‍ മദ്യക്കടത്തുകാരന്‍ കൊല്ലപ്പെട്ടു. ബീഹാറിലെ ദര്‍ഭംഗ, മുസാഫര്‍പൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളായ ബൂത്‌നാഗ്ര ഗ്രാമത്തിലാണ് പൊലീസും മദ്യകടത്തുകാരും തമ്മില്‍ വെടിവയ്പുണ്ടായത്. പ്രിന്‍സ് സിംഗ് എന്നയാളാണു കൊല്ലപ്പെട്ടത്.

റെയില്‍വേ സ്റ്റേഷനിലെ ടിവിയില്‍ പരസ്യത്തിനിടെ അശ്ലീല സിനിമാ ദൃശ്യങ്ങള്‍. ബിഹാറിലെ പാറ്റ്‌ന റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പോലീസ് കേസെടുത്തിട്ടുണ്ട്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ചയാകുമെന്നാണു റിപ്പോര്‍ട്ട്.

ഓണ്‍ലൈനില്‍ കുട്ടികളുടെ ഫോട്ടോകള്‍ പോസ്റ്റു ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലെന്ന് ഫ്രാന്‍സില്‍ പുതിയ നിയമം. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണു പുതിയ നിയമം. കുട്ടികളുടെ അനുമതി ഇല്ലാതെ അവരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളടക്കം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാനാവില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *