നാളെ ബെംഗളുരു പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള.സ്വപ്ന സുരേഷിനെതിരായ വധഭീഷണി കേസിൽ കെ.ആർ പുര പൊലീസ് സ്റ്റേഷനിലാകും അഭിഭാഷകനൊപ്പം വിജേഷ് പിള്ള എത്തുക. തനിക്ക് സമൻസ് കിട്ടിയിട്ടില്ലെന്നും എന്നാൽ പൊലീസ് സ്റ്റേഷനുമായി അഭിഭാഷകൻ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത് എന്നും വിജേഷ് പിള്ള പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കെ ആർ പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഐപിസി 506 വകുപ്പ് ചുമത്തിയാണ് ബെംഗളുരു കൃഷ്ണരാജ പുര പൊലീസ് വിജേഷ് പിള്ളയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് ഇയാളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് വാട്സ്ആപ്പ് വഴി സമൻസ് അയച്ചിരുന്നു.ഇതിനിടെ വിജേഷ് പിള്ളയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഇയാൾ ഒളിവിലാണെന്ന് സംശയിക്കുന്നതായും ബെംഗളുരു പൊലീസ് അറിയിച്ചിരുന്നു. അതേസമയം ഇന്ന് മഹാദേവപുര എസിപി സ്വപ്ന സുരേഷിന്റെ മൊഴി എടുത്തു.പൊലീസ് സംരക്ഷണം വേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
നാളെ ബെംഗളുരു പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള
