നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വേനല്‍ക്കാല സമയക്രമം അനുസരിച്ചുള്ള പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുന്നു. മാര്‍ച്ച് 26 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. ഒക്ടോബര്‍ 26 വരെയാണ് പ്രത്യേക സര്‍വീസ്. ഈ സമയക്രമത്തില്‍ രാജ്യാന്തരതലത്തിലെ 332 ഉള്‍പ്പെടെ 1,484 സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്. പ്രധാന വിമാന കമ്പനികളെല്ലാം വേനല്‍കാല സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് അബുദാബിയിലേക്കാണ്. 51 സര്‍വീസുകളാണ് അബുദാബിയിലേക്ക് നടത്തുക. 45 സര്‍വീസുകള്‍ ദുബായിലേക്കും നടത്തുന്നതാണ്. കൂടാതെ, മലേഷ്യയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ അറേബ്യ അബുദാബി ആഴ്ചയില്‍ 10 സര്‍വീസുകളും, എയര്‍ ഏഷ്യ ബര്‍ഹാദ് ക്വാലാലംപൂരിലേക്ക് പ്രതിദിനം 5 സര്‍വീസുകളും അധികമായി ആരംഭിക്കുന്നതാണ്. 63 സര്‍വീസുകളുമായി ഇന്‍ഡിഗോയാണ് രാജ്യാന്തര സര്‍വീസുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. തൊട്ടുപിന്നിലായി, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ്, എയര്‍ അറേബ്യ അബുദാബി, എയര്‍ ഏഷ്യ ബര്‍ഹാദ്, എമിറേറ്റ്‌സ് എയര്‍, എത്തിഹാദ്, ഒമാന്‍ എയര്‍, സൗദി അറേബ്യന്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങിയവയും സിയാലില്‍ നിന്ന് രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നതാണ്.