പുസ്തകവ്യാപാരി എന്നതിലുപരി ഗ്രന്ഥങ്ങള്‍ സൃഷ്ടിക്കുന്ന സംസ്‌കാരത്തെക്കുറിച്ച് ബോദ്ധ്യമുള്ള റോജര്‍ മിഫ്ലിന്‍, തന്റെ പുസ്തകശാലയുടെ വ്യത്യസ്തതയെ വിശേഷിപ്പിക്കുന്നത് പ്രേതബാധയുള്ള പുസ്തകശാലയെന്നാണ്. ഏറെ വൈകാതെ അസാധാരണമായ സംഭവവികാസങ്ങള്‍ക്കു വേദിയാകുകയാണ് അവിടം. തോമസ് കാര്‍ലൈലിന്റെ നോവലിന്റെ പ്രതി ആ കടയില്‍നിന്ന് കാണാതാവുകയും ഇടയ്ക്കിടെ പ്രത്യക്ഷമാവുകയും ചെയ്യുകയെന്ന അഭൂതപൂര്‍വ്വമായ സംഭവം ഉണ്ടാകുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണം വെളിച്ചംവീശുന്നത് ഞെട്ടിക്കുന്ന സംഭവഗതികളിലേക്കാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷം സമാധാന ഉടമ്പടി ഒപ്പിടാനായി ഫ്രാന്‍സിലേക്കു പോകുന്ന പുസ്തകപ്രിയനായ അമേരിക്കന്‍ പ്രസിഡന്റ് വില്‍സനെ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നിന്റെ കവറിനുള്ളില്‍ ബോംബ് ഒളിച്ചുവെച്ച്, കപ്പല്‍ കാബിനില്‍വെച്ച് വധിക്കാനുള്ള ആ പദ്ധതിയാണ് കഥയുടെ കേന്ദ്രബിന്ദു. ഒപ്പം ഹൃദയഹാരിയായ ഒരു പ്രണയത്തിന്റെ തുടിപ്പുമുണ്ട്; ഒരു പുസ്തകശാലായുടമസ്ഥന്റെ പുസ്തകങ്ങളോടുള്ള അളവറ്റ അഭിനിവേശത്തിന്റെ ജീവസ്സുറ്റ ചിത്രവും. ‘പ്രേതബാധയുള്ള പുസ്തകശാല’. ക്രിസ്റ്റഫര്‍ മോര്‍ളി. പരിഭാഷ : സി. വി. സുധീന്ദ്രന്‍. മാതൃഭൂമി ബുക്‌സ്. വില 255 രൂപ.