മുഖ്യമന്ത്രി വീട്ടില്‍ ഇരിക്കേണ്ടി വരും, പുറത്തിറങ്ങാന്‍ പറ്റില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കു താന്‍ പഴയ വിജയനല്ലാത്തതു കൊണ്ടാണ് മറുപടി പറയാത്തതെന്ന് മുഖ്യമന്ത്രി. ‘പഴയ വിജയനായിരുന്നെങ്കില്‍ പണ്ടേ ഞാനതിന് മറുപടി പറഞ്ഞേനെ, അതല്ലാല്ലോ. ആ മറുപടിയല്ല ഇപ്പോള്‍ ആവശ്യം. മുഖ്യമന്ത്രി കസേരയില്‍ അല്ലെങ്കില്‍ തന്റെ മറുപടി മറ്റൊന്നാകും. അത് സുധാകരനോട് ചോദിച്ചാ മതി’- മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കസേരയില്‍ മറ്റൊരാള്‍ ഇരുന്നാലും വാഹനവ്യൂഹം ഇങ്ങനെ തന്നെയായിരിക്കും. അതിനെ തന്റെ ദൗര്‍ബല്യമായി കാണേണ്ട. മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുന്ന വഴികളില്‍ കറുത്ത വസ്ത്രമണിഞ്ഞവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ കറുത്ത ഷര്‍ട്ട് ധരിച്ച് നിയമസഭയില്‍. ഷാഫി പറമ്പില്‍ അടക്കമുള്ളവരാണ് കറുപ്പണിഞ്ഞ് എത്തിയത്. എറണാകുളത്തു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പോലീസ് നടപടിയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടി ഷാഫി നാട്ടീസ് നല്‍കി. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എത്തിയത്. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാലും പ്രതിഷേധം സഭാ ടിവി മറച്ചുവയ്ക്കുന്നതിനാലും പൊതുജനങ്ങള്‍ക്ക് കാണാനാവില്ല.
കറുപ്പിനോട് വിരോധമില്ലെന്നു മുഖ്യമന്ത്രി. ചിലര്‍ വാഹനങ്ങള്‍ക്കു മുന്നിലേക്കു ചാടി വീണ് അപകടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന കരിങ്കൊടി പ്രതിഷേധങ്ങളെ മുഖ്യമന്ത്രി തള്ളി. കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിനു വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
നിയമസഭയില്‍ ബഹളംവച്ച ഭരണപക്ഷാംഗങ്ങള്‍ക്കെതിരേ പൊട്ടിത്തെറിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സംസാരിക്കുന്നതിനിടെ ബഹളം വച്ചതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.
ഇറാനില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ ക്ലാസ് മുറികളില്‍ പെണ്‍കുട്ടികള്‍ക്കു നേരെ വിഷവാതക പ്രയോഗം. ഇറാന്‍ ആരോഗ്യ ഉപമന്ത്രി യോനസ് പനാഹി ഇക്കാര്യം സ്ഥിരീകരിച്ചു. ക്വാം നഗരത്തിലെ സ്‌കൂളുകളില്‍ ചില വ്യക്തികളാണ് പെണ്‍കുട്ടികള്‍ക്കു നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയതെന്ന് യോനസ് നാഹി പറഞ്ഞു.
കേന്ദ്രത്തിലെ നരേന്ദ്രമോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് കേരളത്തിലെ പിണറായി വിജയന്റേതെന്ന് ഷാഫി പറമ്പില്‍ നിയമസഭയില്‍. താടിയില്ല, ഹിന്ദി സംസാരിക്കില്ല, കോട്ടിടില്ല എന്നീ വ്യത്യാസങ്ങള്‍ മാത്രമേയുള്ളൂ. നികുതിക്കൊള്ളയും ജനവിരുദ്ധതയും ഒരുപോലെയാണെന്നും ഷാഫി.
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ മറ്റൊരു ദിവസത്തേക്കു മാറ്റണമെന്ന് രവീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. രവീന്ദ്രന്‍ നിയമസഭയില്‍ എത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കു ബജറ്റിനു പുറത്തുനിന്ന് തുക കണ്ടെത്തേണ്ടി വരുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജിഎസ്ടി കുടിശിക 750 കോടി രൂപ കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തി. നഷ്ടപരിഹാരം അഞ്ചു വര്‍ഷം കൂടി നീട്ടണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട് ക്ഷേമ പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കും. കരാരുകാരുടെ കുടിശിക തീര്‍ക്കാന്‍ നടപടി എടുത്ത് വരുന്നു. ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
റോഡു വികസനത്തിനു സ്ഥലം വിട്ടുകൊടുക്കാതിരുന്ന അഭിഭാഷകന്റെ ബൈക്കും കാറും സിപിഎമ്മുകാരായ അക്രമികള്‍ അടിച്ചു തകര്‍ത്തു. അഭിഭാഷകനായ മുരളി പള്ളത്തിന്റെ ബൈക്കും കാറുമാണ് തകര്‍ത്തത്. പയ്യന്നൂര്‍ – പെരുമ്പ മാതമംഗലം റോഡിന് സിപിഎമ്മുകാരാണ് സ്ഥലമേറ്റെടുക്കുന്നത്. ഇതിനതിരെ മുരളി പള്ളത്തിന്റെ നേതൃത്വത്തില്‍ അന്‍പതോളം പദേശവാസികള്‍ നല്‍കിയ ഹര്‍ജിയില്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു.
കൃഷി പഠിക്കാന്‍ സര്‍ക്കാര്‍ സംഘത്തിനൊപ്പം ഇസ്രയേലില്‍ പോയശേഷം മുങ്ങിയ മലയാളി കര്‍ഷകന്‍ ബിജു കുര്യന്‍ തിരിച്ചെത്തി. വിശുദ്ധ നാടുകള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ തീര്‍ത്ഥ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയതാണെന്നു ബിജു പറഞ്ഞു. ഇസ്രയേല്‍ പോലീസോ മറ്റേതെങ്കിലും ഏജന്‍സിയോ തന്നെ അന്വേഷിച്ചു വന്നിട്ടില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നല്‍കിയതെന്നും ബിജു പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാര്‍ച്ച് അഞ്ചിനു കൊച്ചിയിലും തൃശൂരിലും ബിജെപി സമ്മേളനങ്ങളില്‍ പ്രസംഗിക്കും. വൈകുന്നേരം അഞ്ചിനു തേക്കിന്‍കാട് മൈതാനിയില്‍ പ്രസംഗിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശൂര്‍ ജില്ലയില്‍ എത്തുന്നതിനു തൊട്ടടുത്ത ദിവസം കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിലേക്ക് ഓടിയെത്തുന്നതു ഭയന്നിട്ടാണെന്ന് മരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാര്‍ച്ച് 4, 5, 6 തീയതികളിലാണ് സിപിഎം മാര്‍ച്ച് തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്. കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ ആരും എത്തിയില്ലെന്നും റിയാസ്.
കേരള കലാമണ്ഡലത്തിലും പിന്‍വാതില്‍ നിയമന വിവാദം. സര്‍ക്കാര്‍ അനുമതിയും അംഗീകാരവുമില്ലാതെ ഏഴ് പേരെ മൂന്ന് ഘട്ടങ്ങളിലായി പിന്‍വാതിലിലൂടെ നിയമിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സാംസ്‌കാരിക വകുപ്പിനു കത്ത് നല്‍കി.
തൃശൂര്‍ പൂരം പ്രദര്‍ശന നഗരിക്ക് 20 കോടി രൂപ വാടക വേണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടെന്ന് പൂരം കമ്മിറ്റി നേതാക്കള്‍. പൂരം പ്രദര്‍ശനത്തിലൂടെ പിരിഞ്ഞു കിട്ടുന്നതിനേക്കാള്‍ തുകയാണ് വാടക ആവശ്യപ്പെടുന്നതെന്നാണ് ആരോപണം. പ്രദര്‍ശനത്തില്‍നിന്നുള്ള വരുമാനമാണ് പൂരത്തിന്റെ ചെലവുകള്‍ക്കായി വിനിയോഗിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ. സുദര്‍ശനന്‍.
ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ഹൃദ്രോഗം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ആന്റിജിയോഗ്രാമിനു വിധേയനാക്കി.
തൃശൂര്‍ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉല്‍സവത്തിനു തിടമ്പേറ്റിയത് റോബോട്ട് ആന. കേരളത്തില്‍ ആദ്യമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആന ഉത്സവത്തിനു തിടമ്പേറ്റുന്നത്. മേളത്തിനൊത്തു തലയും ചെവിയും വാലും ആട്ടി റോബോട്ട് ആനയുടെ അരങ്ങേറ്റം കൗതുമായിു. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാലു പേര്‍ ആനപ്പുറത്തേറി. ‘പെറ്റ ഇന്ത്യ’യാണ് ആനയെ ക്ഷേത്രത്തിനു നടയിരുത്തിയത്. 11 അടിയാണ് ആനയുടെ ഉയരം. 800 കിലോ ഭാരമുണ്ട്. അഞ്ച് ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്.
ഉത്സവത്തിനിടെ ക്ഷേത്ര മൈതാനിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. കളര്‍കോട് പരബ്രഹ്‌മം വീട്ടില്‍ അഭിജിത്തി(21) നെയാണ് പിടികൂടിയത്. ഒന്നാം പ്രതിയായ ആലപ്പുഴ പാലസ് വാര്‍ഡ് മുക്കവലക്കല്‍ നെടുചിറയില്‍ ശ്രീജിത്തിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂര്‍ തട്ടാന്തറ വീട്ടില്‍ സലിം കുമാറിന്റെ മകന്‍ അതുല്‍ ( 26) ആണ് കൊല്ലപ്പെട്ടത്.
വിഴിഞ്ഞത്ത് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. കോട്ടപ്പുറം കരിമ്പള്ളിക്കര ദില്‍ഷന്‍ ഹൗസില്‍ പ്രിന്‍സി(32) യെയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അന്തോണിദാസ് (രതീഷ്-36) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കല്യാണത്തിനു ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ യുവാവിനെ വെട്ടിക്കൊന്നു.
കോട്ടയം കറുകച്ചാലില്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
മൊബൈല്‍ ടവറുകളുടെ ബാറ്ററികള്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയില്‍. ആര്യനാട് പെരുംകുളം ചക്കിപ്പാറ ലിനില്‍രാജ് ഭവനില്‍ ഷമീര്‍ (26), വെമ്പായം കട്ടയ്ക്കാല്‍ പുത്തന്‍ കെട്ടിയില്‍ വീട്ടില്‍ ജമീര്‍ (24), നെടുമങ്ങാട് പരിയാരം എ.എസ് ഭവനില്‍ അനന്തു (31) എന്നിവരെയാണ് പോത്തന്‍കോട് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം വെട്ടുതുറ കോണ്‍വെന്റില്‍ കന്യാസ്ത്രീ പരിശീലനം നേടുന്ന യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുപൂര്‍ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്.
കോഴിപ്പോര് നടത്തിയതിന് പാലക്കാട് ചിറ്റൂരില്‍ ഏഴു പേര്‍ പിടിയിലായി. അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയില്‍ കോഴിപ്പോര് നടത്തിയവരില്‍നിന്ന് ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാലു ബൈക്കുകളും പൊലീസ് കണ്ടെടുത്തു.
എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍(25), അരവിന്ദ് കുമാര്‍ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെയാണ് പിടികൂടിയത്.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചു നല്‍കിയ പത്രപരസ്യത്തില്‍ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളുടെ ചിത്രമില്ലെന്ന് മനീഷ് തിവാരി. പാക്കിസ്ഥാന്‍ രൂപീകരണത്തിനെതിരെ പോരാടിയ നിരവധി മുസ്ലിം നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്നും തിവാരി ചൂണ്ടിക്കാട്ടി.
അഗ്‌നിപഥ് പദ്ധതിക്കെതിരായ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. പദ്ധതിയില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കര്‍ണാടകയില്‍ മുന്‍മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ മത്സരിച്ചില്ലെങ്കില്‍ ബിജെപിക്കു ക്ഷീണമാകുമെന്ന് മകന്‍ വിജയേന്ദ്ര. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് യെദിയൂരപ്പ പിന്‍മാറുകയാണെന്നും മക്കള്‍ മല്‍സരിക്കുമെന്നും യെദിയൂരപ്പ നേരത്തെ പ്രഖ്യാപിച്ചിരിക്കേയാണ് അച്ഛനും സീറ്റുവേണമെന്ന് മകന്‍ ആവശ്യപ്പെട്ടത്.
വില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ഉള്ളികൃഷി നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ നൈതാലെ ഗ്രാമത്തിലെ കര്‍ഷകനായ 33കാരന്‍ സുനില്‍ ബൊര്‍ഗുഡെ വിളവെടുക്കാന്‍ പാകമായ 20 ടണ്‍ ഉള്ളികൃഷിയാണു നശിപ്പിച്ചത്.
ഇറ്റലിയില്‍ ബോട്ടപകടത്തില്‍ കുഞ്ഞുങ്ങളുള്‍ ഉള്‍പ്പെടെ 59 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. കൊലാബ്രിയ തീരത്താണ് അഭയാര്‍ത്ഥികളുമായി തുര്‍ക്കിയില്‍നിന്നു വന്ന ബോട്ട് തകര്‍ന്നത്.