വ്യായാമം ശരീരത്തിന് എത്രത്തോളം പ്രധാനമാണെന്നത് വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതില് പ്രധാനസ്ഥാനമാണ് വ്യായാമത്തിനുള്ളത്. വ്യായാമം പലസമയങ്ങളില്‍ ചെയ്യുന്നവരുണ്ട്. ചിലര്‍ രാവിലെകളിലാണ് വര്‍ക്കൗട്ടിന് സമയം കണ്ടെത്തുന്നതെങ്കില്‍ ചിലര്‍ക്ക് സൗകര്യപ്രദം വൈകുന്നേരങ്ങളാണ്. പുതിയ പഠനം പറയുന്നതനുസരിച്ച് ഉച്ചസമയത്തെ വ്യായാമമാണ് രാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതിനേക്കാള്‍ ഫലപ്രദം. ഇത് അകാലമരണം തടയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യത കുറവുള്ള സമയവുമാണ് ഉച്ചതിരിഞ്ഞുള്ള സമയമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വ്യായാമം ചെയ്യുന്നവര്‍ വര്‍ക്കൗട്ടൊന്നും ചെയ്യാത്ത ആളുകളെ അപേക്ഷിച്ച് കൂടുതല്‍ കാലം ജീവിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. ദിവസത്തിലെ ഏത് മണിക്കൂറില്‍ വ്യായാമം ചെയ്താലും ഒന്നും ചെയ്യാത്തതിനേക്കാള്‍ പ്രയോജനം ലഭിക്കുമെന്നാണ് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. രാവിലെകളില്‍ വ്യായാമം ചെയ്യുന്നവരില്‍ ഹൃദ്രോഗസാധ്യതയും പക്ഷാഘാത സാധ്യതയും കുറവായിരിക്കുമെന്നാണ് മറ്റൊരു പഠനത്തില്‍ പറയുന്നത്. രാവിലെ അഞ്ചു മുതല്‍ എട്ടുവരെയുള്ള സമയത്ത് വ്യായാമം ചെയ്തവരില്‍ രോഗസാധ്യത പതിനൊന്നു ശതമാനവും എട്ടുമുതല്‍ 11 വരെയുള്ള സമയത്തു വ്യായാമം ചെയ്തവരില്‍ പതിനാറു ശതമാനവും കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി.