night news hd 24

 

പരമോന്നത കോടതികളെ പോലും കേന്ദ്രസര്‍ക്കാര്‍ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ കൊളീജിയം സംവിധാനത്തില്‍ പോലും കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ജഡ്ജി നിയമന അധികാരംപോലും കവര്‍ന്നെടുക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ കടുത്ത നിയന്ത്രണത്തിനും സെന്‍സര്‍ഷിപ്പിനും വിധേയമാകുന്നു. അദ്ദേഹം കുറ്റപ്പെടുത്തി. (ജുഡീഷ്യറിയിലും താമരക്കുളം… https://youtu.be/YhKCbGDuIGU )

പൂര്‍ണമായും സോഷ്യലിസത്തെ അടിസ്ഥാനമാക്കിയല്ല പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അങ്ങനെ ചിലര്‍ ചിന്തിക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്ന് കോഴിക്കോട്ട് ജനകീയ പ്രതിരോധ യാത്രയില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. മുതലാളിത്ത ഭരണകൂടത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം. അതിനാല്‍ കടം വാങ്ങി മൂലധന നിക്ഷേപം നടത്തേണ്ടിവരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിലെ ആയുര്‍വേദ, സിദ്ധ, യൂനാനി ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് കേരളത്തില്‍ ഒരു തവണ കൂടി അലോട്ട്‌മെന്റ് നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമെന്നു സുപ്രീം കോടതി. അലോട്ട്‌മെന്റ് അവസാനിച്ചെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതേസമയം പ്രവേശനത്തിനുള്ള തീയതി അടുത്ത മാസം പതിനാല് വരെ കേന്ദ്രം നീട്ടി. പ്രവേശന തീയ്യതി നീട്ടണമെന്നും ഒരു അലോട്ട്‌മെന്റുകൂടി നടത്തണമെന്നും ആവശ്യപ്പെട്ട് പതിനൊന്ന് സ്വാശ്രയ ആയുര്‍വേദ മെഡിക്കല്‍ കോളേജുകളും, സിദ്ധ, യൂനാനി സ്വാശ്രയ കോളജുകളും ഉള്‍പ്പെടുന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കെഎസ്ആര്‍ടിസിയില്‍ തവണകളായി ശമ്പളം നല്‍കാനുള്ള നടപടിയില്‍ വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തില്‍ ബുധനാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നു കെഎസ്ആര്‍ടിസിക്കു നിര്‍ദ്ദേശം നല്‍കി. ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ ജീവനക്കാര്‍ മാനേജ്മെന്റ് നടപടിയില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

കെഎസ്ആര്‍ടിസി സ്വിഫ്റ്റിനുവേണ്ടി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍. 131 സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആദ്യത്തേത് ബെംഗുളുരുവില്‍നിന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാര്‍ച്ച് 15 തീയതിയോടെ എല്ലാ ബസുകളും എത്തും. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ ബഡ്ജറ്റ് ടൂറിസത്തിന് വേണ്ടി ബസുകള്‍ ഉപയോഗിക്കും.

ഗവര്‍ണറുമായി നടന്ന ചര്‍ച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോടു പറയുന്നില്ലെന്ന് മന്ത്രി പി രാജീവ്. ഭരണഘടനാപരമായ ആശയവിനിമയങ്ങളാണു നടന്നത്. വിമര്‍ശനങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ട്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കോടതി റിമാന്‍ഡ് ചെയ്തു. ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്റെ ആവശ്യം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായ വിതരണത്തില്‍ ക്രമക്കേടു നടത്താന്‍ കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കു വിജിലന്‍സ് ശുപാര്‍ശ നല്‍കി. കൊല്ലത്ത് തകരാറില്ലാത്ത വീട് പുനര്‍ നിര്‍മിക്കാന്‍ നാലു ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലൂടെ നല്‍കിയതെന്ന് വിജിലന്‍സ് കണ്ടെത്തി. വര്‍ക്കലയില്‍ ഉദരരോഗത്തിന് ചികിത്സ തേടിയ രോഗിക്ക് ഹൃദ്‌രോഗത്തിനുള്ള പണം നല്‍കി. തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി.

കൊല്ലത്ത് ആറിടത്ത് മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി പ്രതിഷേധം. 33 പേരെ കസ്റ്റഡിയിലെടുത്തു. പൊലീസ് നിയന്ത്രണങ്ങളെ മറികടന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ആര്‍ വൈ എഫ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. കൊട്ടിയത്തും പാരിപ്പളളിയിലും മാടന്‍നടയിലുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ആറു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.

വെണ്ണലയിലെ ക്ഷേത്രത്തില്‍ പോയത് നന്ദകുമാര്‍ ക്ഷണിച്ചിട്ടല്ലെന്ന് കെ.വി തോമസ്. ഇടനിലക്കാരന്‍ ടി.ജി നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ യാദൃശ്ചികമായി പങ്കെടുത്തതാണ്. പല ക്ഷേത്രങ്ങളില്‍നിന്നും തനിക്കു ക്ഷണം കിട്ടാറുണ്ട്. ഇ.പി. ജയരാജന്‍ വരുമെന്നു തനിക്കു അറിയാമായിരുന്നില്ലെന്നും കെ.വി തോമസ് പറഞ്ഞു.

ഹരിഹരവര്‍മ്മ കൊലക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ജിതേഷിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കൊലപാതകത്തിലും മോഷണത്തിലും തനിക്കു നേരിട്ട് പങ്കില്ലെന്നായിരുന്നു ജിതേഷിന്റെ വാദം.

അശ്ലീല വെബ് സീരീസില്‍ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ച് സംപ്രേഷണം ചെയ്‌തെന്ന കേസില്‍ സംവിധായിക ശ്രീല. പി. മണി എന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസ് അറസ്റ്റു ചെയ്തു. ഇവരെ കോടതി ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഇവര്‍ അരുവിക്കര സ്റ്റേഷനില്‍ ഹാജറായത്.

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനും ചിന്ത താമസിച്ചിരുന്ന റിസോര്‍ട്ടിനും എതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി. വധഭീഷണിയുണ്ടെന്ന് ആരോപിച്ചു നല്‍കിയ ഹര്‍ജിയിലാണ് കോടതി കൊട്ടിയം എസ്എച്ച്ഒ ക്കു നിര്‍ദേശം നല്‍കിയത്.

വയോധികനോട് അപമര്യാദയായി പെരുമാറിയ കേസില്‍ സസ്‌പെന്‍ഷനിലായ സിഐ ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം ഇന്‍സ്‌പെക്ടര്‍ പിഎം ലിബിയാണ് കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ലിബിയെ തൃശൂര്‍ ജൂബലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുറ്റം ശുചീകരിക്കുന്നതിനിടെ വീട്ടമ്മയ്ക്കു പാമ്പു കടിയേറ്റു. പൂച്ച മാന്തിയതാകുമെന്നു കരുതിയെങ്കിലും വളര്‍ത്തുനായ കുരച്ചു ബഹളം വച്ചതോടെയാണ് കടിച്ചത് മൂര്‍ഖന്‍ പാമ്പാണെന്ന് മനസിലായത്. അമ്പലപ്പുഴയിലാണ് സംഭവം. പാമ്പു കടിയേറ്റ ആയാപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ വിശ്വകുമാരിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചു.

വീട്ടുകാര്‍ തീര്‍ത്ഥാടനത്തിനു പോയപ്പോള്‍ വീടു കുത്തിത്തുറന്ന് 75 കിലോ കുരുമുളകു മോഷ്ടിച്ച കേസില്‍ വീട്ടുടമയുടെ സഹോദരന്‍ പിടിയില്‍. വാത്തിക്കൂടി പഞ്ചായത്തിലെ രാജമുടി പതിനേഴുകമ്പനി മണലേല്‍ അനില്‍ കുമാറിനെയാണു മുരിക്കാശേരി പൊലീസ് അറസ്റ്റു ചെയ്തത്.

മുഖ്യമന്ത്രി സ്ഥാനത്തേക്കു കോണ്‍ഗ്രസിലെ നേതാക്കള്‍ തമ്മില്‍ മത്സരമുണ്ടെന്ന് കര്‍ണാടകത്തിലെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. താനും ഡി കെ ശിവകുമാറും പരമേശ്വരയുമൊക്കെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുള്ളവരാണ്. എന്നാല്‍ അതിന്റെ പേരില്‍ തമ്മില്‍ത്തല്ലാനില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ തമ്മിലടിയാണെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പരിഹസിച്ചിരുന്നു.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പ. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് യെദിയൂരപ്പയുടെ പ്രഖ്യാപനം. സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്നും ബിജെപിക്കായി പ്രവര്‍ത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ എഴുപത്തഞ്ചാം ജന്മദിനാഘോഷം എടപ്പാടി പളനിസ്വാമിയുടെ പട്ടാഭിഷേകമായി മാറി. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയതിന്റെ ആഹ്ലാദത്തോടെയാണ് ചെന്നൈയില്‍ എത്തിയ ഇപിഎസിനെ സ്വീകരിക്കാന്‍ ആയിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരാണ് റോയാപേട്ടിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എത്തിയത്.

മോദിക്കായി കുഴിമാടം ഒരുങ്ങിയെന്നു മുദ്രാവാക്യം വിളിക്കുന്ന ചിലരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരാശയുടെ പടുകുഴിയില്‍ വീണവരാണ് അങ്ങനെ മുദ്രാവാക്യം വിളിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ എല്ലായിടത്തും മോദിയുടെ താമര വിരിയുമെന്നാണ് ആര്‍പ്പുവിളിക്കുന്നതെന്നും മേഘാലയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *