കെഎസ്ആര്‍ടിസിയില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ യൂണിയനുകള്‍ അട്ടിമറിക്കുകയാണെന്നു മാനേജ്‌മെന്റ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ കുറ്റപ്പെടുത്തല്‍. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ 50 കോടിരൂപ വേണം. കഴിഞ്ഞ വര്‍ഷം ജനുവരിയ്ക്കുശേഷം വിരമിച്ച 978 പേര്‍ക്ക് ആനുകൂല്യം നല്‍കാനുണ്ട്. 23 പേര്‍ക്കേ നല്‍കാനായിട്ടുള്ളൂ. ആനുകൂല്യം നല്‍കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണം. സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിച്ചാലേ നല്‍കാനാകൂ. വിരമിച്ചവരില്‍ 924 പേര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നുണ്ട്. 38 പേര്‍ക്കാണ് ആനുകൂല്യം നല്‍കാത്തത്. സത്യവാങ്മൂലത്തില്‍ പറയുന്നു.
ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലു കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുത്തത്.
പ്രണയം നിരസിച്ച യുവതിയെ തീകൊളുത്തി കൊല്ലാന്‍ പെട്രോളുമായി എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. താമരശേരിയില്‍ കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത് (24)നെയാണ് പിടികൂടിയത്. യുവതിയുടെ വീട്ടിലേക്ക് അരുണ്‍ജിത്ത് വരുന്നതു കണ്ട അമ്മ വാതില്‍ അടച്ചു. നാട്ടുകാരെ വിവരം അറിയിച്ചതോടെ ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോളും, ലൈറ്ററും കണ്ടെടുത്തു.
നാളെ വാലന്റൈന്‍സ് ഡേ. പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്കു സമ്മാനങ്ങളും ആശംസകളും കൈമാറും. പശുപുണരല്‍ ആഹ്വാനം പിന്‍വലിച്ചതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍.
ഇടുക്കിയിലെ കാട്ടാന ശല്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സൃഷ്ടിച്ചതല്ലെന്നും കോണ്‍ഗ്രസ് എന്തിനാണു സമരം ചെയ്യുന്നതെന്നും സിപിഎം നേതാവ് എം എം മണി എംഎല്‍എ. കാട്ടാനശല്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സോണിയാഗാന്ധി ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല. ആനയെ പിടിക്കാന്‍ വി.ഡി സതീശനെ ഏല്‍പിക്കാമെന്നും എം എം മണി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിച്ചെന്നും മാപ്പു പറയണമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. അമിത് ഷാ പ്രസ്താവന തിരുത്തണമെന്നും റിയാസ് ആവശ്യപ്പെട്ടു.
കാന്താര സിനിമയുടെ ഗാനത്തിന്റെ പകര്‍പ്പാവകാശ കേസില്‍ സിനിമയുടെ സംവിധായന്‍ ഋഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ എന്നിവര്‍ ഇന്നും കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യാന്‍ ഇന്നലേയും വിളിച്ചുവരുത്തിയിരുന്നു.
കുട്ടനാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവ് യുദ്ധം. രണ്ടുപേര്‍ക്കു പരിക്ക്. രാമങ്കരി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശരവണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജപ്തി ഭീഷണിയെത്തുടര്‍ന്ന് പാലക്കാട് മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. കള്ളിക്കാട് കെഎസ്എം മന്‍സിലില്‍ അയ്യൂബ് (60) ആണ് ജീവനൊടുക്കിയത്. മരുമകന്റെ ബിസിനസ് ആവശ്യത്തിനായി സ്വകാര്യ ബാങ്കില്‍നിന്നു വായ്പയെടുത്തതിന് ഒരു കോടി 38 ലക്ഷം രൂപ തിരിച്ചടയ്ക്കാത്തതിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്.
ഷാര്‍ജയില്‍ മലയാളി യുവാവിനെ പാക്കിസ്ഥാന്‍കാരന്‍ കുത്തിക്കൊന്നു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. പാകിസ്ഥാന്‍ സ്വദേശി അറസ്റ്റിലായി. ഷാര്‍ജയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജറായിരുന്നു ഹക്കീം. ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപത്തെ കഫറ്റീരിയില്‍ സുഹൃത്തുക്കളും പാകിസ്ഥാന്‍ സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിനിടെ പാകിസ്ഥാന്‍കാരന്‍ കുത്തുകയായിരുന്നു.
കൊല്ലം കോര്‍പറേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ബ്ലേഡു മാഫിയയുടെ കൊള്ളപ്പലിശയ്ക്ക് ഇരയായാണു ജീവനൊടുക്കിയതെന്ന് ആത്മഹത്യാകുറിപ്പ്. കൊല്ലം കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്ന കടയ്‌ക്കോട് സ്വദേശി വി ബിജുവിന്റെ ആത്മഹത്യാ കുറിപ്പിലാണ് ഈ വിവരം. ഉദ്യോഗസ്ഥരില്‍നിന്നു പണം പലിശക്കു വാങ്ങിയിരുന്നുവെന്നും അഞ്ചിരട്ടിയിലധികം തിരിച്ചടച്ചിട്ടും ബ്ലേഡ് മാഫിയ സംഘം മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് ആത്മഹത്യാ കുറിപ്പിലെ ആരോപണം.
ഗര്‍ഭിണിയായ യുവതിക്ക് അമിതമായി ഇന്‍സുലിന്‍ നല്‍കിയെന്ന് ആരോപിച്ച് നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിക്കു നേരെ ആക്രമണം. പൂവാര്‍ റോയല്‍ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് ആക്രമണം.
കൊച്ചിയില്‍ ബസുകളില്‍ പരിശോധനയുമായി പൊലീസ്. മദ്യപിച്ച് ബസോടിച്ച ആറു ഡ്രൈവമാരെ കസ്റ്റഡിയിലെടുത്തു. രണ്ടു കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരെയും നാലു സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെയുമാണു പിടികൂടിയത്. 20 ലേറെ ബസുകളും കസ്റ്റഡിയിലെടുത്തു.
കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് വന്‍ കഞ്ചാവ് വയനാട് തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റില്‍ പിടികൂടി. കഞ്ചാവുമായെത്തിയ കോഴിക്കോട് മാവൂര്‍ പടാരുകുളങ്ങര സ്വദേശി രാജീവിനെ എക്‌സൈസ് അറസ്റ്റു ചെയ്തു.
അദാനി ഗ്രൂപ്പിന്റെ പിന്‍വലിച്ച ഫോളോ-ഓണ്‍ പബ്ലിക് ഇഷ്യുവിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സെബി ഈ ആഴ്ച പുറത്തുവിടും. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ബുധനാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും.
കേന്ദ്രസര്‍ക്കാരിനു കീഴില്‍ കെട്ടിടങ്ങള്‍ പൊളിക്കല്‍ ഭീഷണിയുമായി ഡല്‍ഹി വികസന അതോറിറ്റി. മലയാളികള്‍ അടക്കം അനേകര്‍ക്കാണു വീട് നഷ്ടമാകുന്നത്. നൂറിലധികം മലയാളി കുടുംബങ്ങള്‍ക്കും വീടുവിട്ടിറങ്ങാന്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിയമപരമായ രേഖകളുണ്ടായിട്ടും അനധികൃത കെട്ടിടമെന്ന് ആരോപിച്ചാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. കോര്‍പറേഷന്‍ ഭരണം നഷ്ടപ്പെട്ടതിനു ബിജെപിയുടെ പ്രതികാരമാണു കെട്ടിടം പൊളിക്കല്‍ എന്നാണ് ആരോപണം.
ത്രിപുരയെ രക്ഷിക്കാന്‍ ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനേ കഴിയൂവെന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉനാകോടി ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ വിജയ സങ്കല്‍പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. കോണ്‍ഗ്രസ്, സിപിഎം, തിപ്രമോത്ത എന്നീ മൂന്നു ഭീഷണികളാണ് ത്രിപുരയിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്‌റോ ഇന്ത്യ ഷോ ബെംഗളുരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എയ്‌റോ ഇന്ത്യ വെറും ഷോ അല്ല, ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയെ വിമര്‍ശിച്ച കത്തോലിക്കാ ബിഷപ് റൊളാന്‍ഡോ അല്‍വാരസിന് 26 വര്‍ഷം ജയില്‍ ശിക്ഷ. ദേശദ്രോഹക്കുറ്റം ചുമത്തി പൗരത്വം റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റില്‍ റൊളാന്‍ഡോ അല്‍വാരസിനെ അറസ്റ്റ് ചെയ്തു വീട്ടുതടങ്കലിലാക്കിയിരുന്നു. ബിഷപ്പിനൊപ്പം അറസ്റ്റിലായ നാലു വൈദികര്‍ക്കും മൂന്നു വൈദിക വിദ്യാര്‍ഥികള്‍ക്കും 10 വര്‍ഷം വീതം ജയില്‍ശിക്ഷയും വിധിച്ചിട്ടുണ്ട്.