cover

വോട്ടര്‍മാരെ പെട്ടിയിലാക്കാന്‍ ശ്രമിക്കുന്ന ബജറ്റ്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ജനപ്രിയ വാഗ്ദാനങ്ങള്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും ഈ മാസവും അടുത്ത മാസങ്ങളിലുമായി നടക്കാനിരിക്കുന്ന ഒമ്പതു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണിത്. വോട്ടര്‍മാരെ പാട്ടിലാക്കുന്ന ബജറ്റ്. ആദായ നികുതി ഒഴിവു പരിധിയില്‍ നല്‍കിയ ഇളവാണ് ബജറ്റിലെ മുഖ്യ ആകര്‍ഷണം. ആദായനികുതി വരുമാന പരിധി അഞ്ചു ലക്ഷം രൂപയില്‍നിന്ന് ഏഴു ലക്ഷം രൂപയാക്കി ഉയര്‍ത്തി. പഴയ നികുതി ഘടനയില്‍ മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്കു നികുതിയില്ല. നേരത്തെ ഇതു രണ്ടു ലക്ഷം രൂപയായിരുന്നു. പഴയ സ്‌കീമില്‍നിന്ന് എല്ലാവരും പുതിയ സ്‌കീമിലേക്കു മാറണമെന്നു നിര്‍ബന്ധിക്കാന്‍ ശ്രമിക്കുന്ന നിര്‍ദേശങ്ങളാണു ബജറ്റിലുള്ളത്. പക്ഷേ, പുതിയ സ്‌കീമിലേക്കു മാറുന്നവര്‍ക്കു റിബേറ്റുകള്‍ ബാധകമായിരിക്കില്ല. ആദായ നികുതി സ്ലാബുകള്‍ അഞ്ചായി കുറച്ചു. മൂന്നു മുതല്‍ ആറുവരെ ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനമാണു നികുതി. ആറു മുതല്‍ ഒമ്പതു വരെ ലക്ഷം വരുമാനക്കാര്‍ക്കു പത്തു ശതമാനം. ഒമ്പതു മുതല്‍ 12 വരെ ലക്ഷത്തിനു 15 ശതമാനവും 12 മുതല്‍ 15 വരെ ലക്ഷത്തിന് 20 ശതമാനവും 15 ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമാണു ആദായനികുതി.

ആകര്‍ഷകമായ വാഗ്ദാനങ്ങളെല്ലാം ബജറ്റിലുണ്ട്. എന്നാല്‍ തിളക്കമില്ലാത്ത ചില കാര്യങ്ങളുമുണ്ട്. വ്യവസായ വളര്‍ച്ച 10.3 ശതമാനത്തില്‍നിന്നു 4.2 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നു സാമ്പത്തിക സര്‍വേ പറയുന്നു. കാര്‍ഷിക മേഖലയില്‍ വളര്‍ച്ച നാമമാത്രമായി. വ്യവസായ, കാര്‍ഷിക മേഖലകളിലെ വികസനത്തിന് ഒരു നിര്‍ദേശവും ഇല്ല. തൊഴിലും വരുമാനവും സൃഷ്ടിക്കാനുള്ള ഒരു പദ്ധതിയും ഇല്ല. ലക്ഷക്കണക്കിനു തൊഴിലന്വേഷകരായ ചെറുപ്പക്കാര്‍ക്കു ബജറ്റു  നല്‍കുന്ന വാഗ്ദാനം ഇതാണ്. 47 ലക്ഷം യുവാക്കള്‍ക്ക് മൂന്നു വര്‍ഷം സ്‌റ്റൈപ്പന്‍ഡോടു കൂടി തൊഴില്‍ പരിശീലനം. താഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന. 38,800 അധ്യാപകരെ നിയമിക്കുമെന്ന വാഗ്ദാനവുമുണ്ട്. ബജറ്റില്‍ വളരെ ദോഷകരമായ ചില നീക്കങ്ങളുമുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടേയും നഗരസഭകളുടേയും വരുമാനം വെട്ടിക്കുറച്ചെന്നതാണു പ്രധാനമായ കാര്യം. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം 25,000 കോടി രൂപയോളം വെട്ടിക്കുറച്ചിരിക്കുകയാണ്.  സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയെടുക്കാന്‍ ഒരു വര്‍ഷം കൂടി മാത്രമാണ് അനുമതി. ദേശീയ തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം 73,000 കോടി രൂപയില്‍നിന്ന് 60,000 കോടി രൂപയാക്കി കുറച്ചു. ഇതു തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കും. നഗര വികസനത്തിന് പണം കണ്ടെത്താന്‍ മുന്‍സിപ്പല്‍ ബോണ്ട് എന്ന വായ്പാ പദ്ധതി തുടങ്ങണമെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകത്തിന് 5,300 കോടി രൂപയുടെ പ്രത്യേക സഹായവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു പ്രത്യേക പദ്ധതികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. വോട്ടുതന്നെ ലക്ഷ്യം.

ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വരുമാനമാണ്. മാസം ഒന്നര ലക്ഷം കോടി രൂപയുടെ ജിഎസ്ടി വരുമാനം കേന്ദ്ര സര്‍ക്കാരിനു ലഭിക്കുന്നുണ്ട്. എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ വരുമാനത്തെക്കുറിച്ചു ധനമന്ത്രി നിര്‍മല സീതാരാമന്‍ വശദീകരിക്കുന്നില്ല. കഴിഞ്ഞ തവണത്തെ ബജറ്റ് നിര്‍ദേശങ്ങള്‍ എത്രത്തോളം സാക്ഷാത്കരിച്ചെന്നും വിവരിക്കുന്നല്ല. അന്ത്യോദയ ഗുണഭോക്താക്കള്‍ക്കു പിഎം ഗരീബ് കല്യാണ്‍ യോജന ഒരു വര്‍ഷം കൂടി തുടരുമെന്നതാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകര്‍ഷണം. ഇതിനായി രണ്ടു ലക്ഷം കോടി രൂപ ചെലവിട്ട് 81 കോടി ജനങ്ങള്‍ക്ക് അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം മാസംതോറും നല്‍കും. കാര്‍ഷിക മേഖലയില്‍ ശ്രീ അന്ന പദ്ധതിയാണു മറ്റൊരു വാഗ്ദാനം. ഇന്ത്യ മില്ലറ്റ് ഹബ്ബാകും. ചേളം, റാഗി അടക്കമുള്ള ചെറു ധാന്യങ്ങള്‍ വിളയിച്ചെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യമാകും. ഗ്രീന്‍ ഗ്രോത്ത് വികസനമന്ത്രം. ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്കു മാറാനുള്ള സഹായങ്ങള്‍. കാര്‍ഷിക വായ്പാലക്ഷ്യം 20 ലക്ഷം കോടി രൂപയാക്കും. രാസവളം പ്രയോഗത്തിനു നിയന്ത്രണം. റബര്‍ കര്‍ഷകര്‍ക്ക് ആശ്വസിക്കാം. ഇറക്കുമതി തീരുവ പത്തു ശതമാനത്തില്‍നിന്ന് 25 ശതമാനാക്കി ഉയര്‍ത്തി. അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും. ഇത്തവണ 10 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ട്. മൂലധനക്കമ്മി 6.4 ശതമാനത്തില്‍നിന്ന് 5.9 ശതമാനമാക്കും.

റെയില്‍വേക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തി. പുതിയ 157 നഴ്‌സിംഗ് കോളജുകള്‍. മെഡിക്കല്‍ രംഗത്ത് നൈപുണ്യ വികസന പദ്ധതി. പുതിയ 50 വിമാനത്താവളങ്ങള്‍. പിഎം ആവാസ് യോജനക്ക് 79,000 കോടി രൂപ. ആദിവാസി കളുടെ സമഗ്ര വികസനത്തിന് 15,000 കോടി. 2516 കോടി രൂപ ചെലവിട്ട് 63,000 പ്രാഥമിക സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും. പാന്‍കാര്‍ഡ് തിരിച്ചറിയല്‍ രേഖയാക്കും. ഇ കോര്‍ട്ടുകള്‍ക്കായി ഏഴായിരം കോടി. മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി രൂപ. ബജറ്റ് നിര്‍ദേശങ്ങളനുസരിച്ചു സ്വര്‍ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയ്ക്കു വിലകൂടും. ഇതേസമയം, മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിംഗ് കോയില്‍ എന്നിവയ്ക്കു വില കുറയും. റെയില്‍വേക്ക് 2.40 ലക്ഷം കോടി അനുവദിച്ചെങ്കിലും കേരളത്തിന്റെ കെ റെയില്‍ സംബന്ധിച്ച് പരാമര്‍ശമില്ല. കേരളത്തെക്കുറിച്ച് ഒരു പരാമര്‍ശംപോലും ബജറ്റില്‍ ഇല്ല. രാജ്യത്തിന്റെ അടിത്തറ പാകുന്ന ബജറ്റാണെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും സ്ത്രീ ശക്തീകരണത്തിന്റേയും ബജറ്റാണിതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള വെറും വാഗ്ദാനങ്ങള്‍ മാത്രമുള്ള ബജറ്റെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. തൊഴിലില്ലായ്മ, വിലക്കയറ്റം, വ്യവസായ മേഖലയിലെ തകര്‍ച്ച എന്നിവ പരിഹരിക്കുന്നതിന് ഒരു നിര്‍ദേശവുമില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.വോട്ടര്‍മാരെ പാട്ടിലാക്കുന്ന ബജറ്റാണെന്നെല്ലാം വിശേഷിപ്പിക്കാമെങ്കിലും ശത കോടികള്‍ അമ്മാനമാടുന്ന ബജറ്റില്‍നിന്നു ജനങ്ങള്‍ക്ക് എത്രത്തോളം അനുഭവവേദ്യമാകുമെന്നു കണ്ടറയിണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *