yt cover 57

ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ നടക്കാനാവില്ലെന്നു ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ വേദന നരേന്ദ്രമോദിക്കോ അമിത് ഷാക്കോ അജിത് ഡോവലിനോ മനസിലാകില്ല. എന്നാല്‍ കാഷ്മീരിലെ ജനങ്ങള്‍ക്കും സൈനികര്‍ക്കും മനസിലാകും. പുല്‍വാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസിലാകും. താന്‍ പോരാടുന്നത് കോണ്‍ഗ്രസിനു വേണ്ടിയല്ല, രാജ്യത്തിനായാണ.് ഇന്ത്യ സ്നേഹത്തിന്റെ രാജ്യമാണ്. പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും സ്നേഹവും പിന്തുണയുമാണ് ഭാരത് ജോഡോ യാത്ര വിജയിപ്പിച്ചത്. രാഹുല്‍ പറഞ്ഞു.

തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയാണ് രാഹുലിന്റെ പോരാട്ടമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പന്നരെ വീണ്ടും സമ്പന്നരാക്കുകയാണെന്നും ഭാരത്ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ ഖാര്‍ഗെ പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി നേരത്തെ ദേശീയപതാക വിടര്‍ത്തി. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് മൗനം ആചരിച്ചാണ് സമാപന ചടങ്ങ് തുടങ്ങിയത്. ഖാര്‍ഗെ രാഹുല്‍ ഗാന്ധിയെ ഷോള്‍ അണിയിച്ച് ആദരിച്ചു. ശ്രീനഗറിലെ കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും കത്തിജ്വലിക്കുന്ന ആവശത്തോടെ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനം.

ഭാരത് ജോഡോ യാത്ര ആത്മീയ യാത്രയാണെന്നും പ്രതീക്ഷയുടെ കിരണം രാജ്യമെങ്ങും പ്രകാശം പരത്തുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്ത് ഇപ്പോഴുള്ളത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. വെറുപ്പും വിദ്വേഷവും ഇല്ലാതാക്കി ഐക്യം വീണ്ടെടുക്കാന്‍ സാധിക്കും. പ്രിയങ്ക പറഞ്ഞു.

*ഫ്രാങ്ക്‌ലി സ്പീക്കിംഗ്*

സമകാലിക സംഭവ വികാസങ്ങളെ ആധാരമാക്കി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാങ്കോ ലൂയീസ് അവതരിപ്പിക്കുന്ന പ്രതിവാര പംക്തി കേള്‍ക്കാന്‍ :

https://www.youtube.com/watch?v=t2VKpckQVro&list=PLtul8xTi_mtccPr5iP440mPvk4nTHhfAt

മധ്യ തെക്കന്‍ കേരളത്തില്‍ നാളെ മുതല്‍ രണ്ടു ദിവസം ഒറ്റപെട്ട മഴയ്ക്കു സാധ്യത. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഫെബ്രുവരി ഒന്നോടെ ശ്രീലങ്കന് തീരത്തോട് ചേര്‍ന്നുള്ള കരയില്‍ പ്രവേശിക്കുമെന്നാണു മുന്നറിയിപ്പ്.

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയില്‍ സംസ്ഥാന സെക്രട്ടറി ഇടപെടുന്നു. എം വി ഗോവിന്ദന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. ഫെബ്രുവരി 10 ന് ശേഷമായിരിക്കും യോഗം. വിഭാഗീയത സംബന്ധിച്ച മുഴുവന്‍ തര്‍ക്കങ്ങള്‍ക്കും യോഗത്തില്‍ പരിഹാരമുണ്ടാക്കാനാണു നീക്കം.

മുതിര്‍ന്ന നേതാവ് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്ത കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂറുമാറി. സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു. എല്‍ഡിഎഫ് നേതാവ് ആക്രമിക്കപ്പെട്ട കേസില്‍ സത്യസന്ധമായി കോടതിയില്‍ മൊഴി കൊടുക്കാതെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിച്ച സിപിഎം നിലപാട് പരിഹാസ്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*

class="selectable-text copyable-text nbipi2bn">ksfe.com/offers/ksfe-bhadratha-smart-chits-2022*

സിപിഐ നേതാവ് ഇ. ചന്ദ്രശേഖരനെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് കൈയ്യൊടിച്ച കേസിലെ സാക്ഷിയുടെ കൂറുമാറ്റം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍. കേസ് അട്ടിമറിക്കാന്‍ സിപിഎം ബിജെപിയെ സഹായിച്ചുവെന്നത് തെറ്റായ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്ഐയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) ആണ് മരിച്ചത്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിന്റെ മുതുകുളം മുരിങ്ങച്ചിറയ്ക്ക് കിഴക്കുള്ള കുടുംബ വീട്ടിലാണ് യുവാവ് തൂങ്ങിമരിച്ചത്. എസ്ഐയുടെ മകളുടെ സഹപാഠിയായ സൂരജ് ഇന്നലെ രാത്രി ഇവിടെയെത്തിയിരുന്നു.

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ നിരന്തരം ആക്രമിക്കുക എന്നത് വേട്ടയാടലിന്റെ ഭാഗമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തെറ്റു പറ്റാത്തവരായി ആരുമില്ല. എഴുത്തിലും വാക്കിലും പ്രയോഗത്തിലും അറിയാതെ പിഴവുകള്‍ വന്നുചേരാം. ഇത്തരം കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കുന്നത്തോടെയാണ് പൂര്‍ത്തിയാവുകയെന്നു മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുല്‍ ഗാന്ധി നയിച്ചത്. വഴികളില്‍ കണ്ടവരെയെല്ലാം ചേര്‍ത്തുപിടിച്ചു. യാത്ര പൂര്‍ത്തിയായപ്പോള്‍ കണ്ടത് പുതിയൊരു രാഹുല്‍ ഗാന്ധിയെയാണ്. ആന്റണി പറഞ്ഞു.

എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പില്‍നിന്നു നായ്ക്കുട്ടിയെ മോഷ്ടിച്ച് ഹെല്‍മെറ്റിനുള്ളിലാക്കി കടത്തിക്കൊണ്ടുപോയ യുവതിയേയും യുവാവിനേയും തെരയുന്നു. 15,000 രൂപ വിലയുള്ള നായയെയാണ് അപഹരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പില്‍നിന്ന് ഇരുവരും നായ്ക്കുള്ള തീറ്റയും മോഷ്ടിച്ചു. പനങ്ങാട് പൊലീസ് അന്വേഷണം തുടങ്ങി.

കോഴിക്കോട്ടെ ആവിക്കല്‍തോട് ശുചിമുറിമാലിന്യ പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്നു കോഴിക്കോട് മേയര്‍ ബീന ഫിലിപ്. പ്ലാന്റ് നിര്‍മ്മാണത്തിനായുള്ള കാലാവധി നീട്ടും. കോടതി നടപടികള്‍ മൂലമാണ് നിര്‍മാണം വൈകുന്നതെന്നു ഉന്നതധികാര സമിതിയെ അറിയിക്കുമെന്നും മേയര്‍ പറഞ്ഞു.

കൊച്ചിയില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു. കളമശേരി സ്വദേശിനി ലക്ഷ്മി (43)യാണ് മരിച്ചത്. ലിസി ജംങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനു മുന്നിലൂടെ ബസിനോടു ചേര്‍ന്ന് മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ബസിനു തൊട്ടുമുന്നില്‍ ആളുണ്ടെന്നു കാണാനാകാതെ ബസ് മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്.

പോളണ്ടില്‍ ഒല്ലൂര്‍ സ്വദേശി സൂരജ് കൊല്ലപ്പെട്ടത് ഫ്ളാറ്റില്‍ സിഗരറ്റ് വലി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം. സിഗരറ്റ് വലിച്ചതു ചോദ്യം ചെയ്തതോടെ ജോര്‍ജിയക്കാര്‍ ആക്രമിക്കുകയായിരുന്നു. സൂരജിനൊപ്പം പരിക്കേറ്റ തൃശൂര്‍ മുളയം സ്വദേശി പ്രജിലിന്റെ നില മെച്ചപ്പെട്ടു. പ്രജിലിന്റെ കുടുംബം പോളണ്ടിലെത്തി. നാലു ജോര്‍ജിയക്കാര്‍ കസ്റ്റഡിയിലുണ്ട്. കൊല്ലപ്പെട്ട സൂരജിന്റെ ഒല്ലൂരിലെ വസതിയില്‍ മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു.

കോവളത്ത് കഴിഞ്ഞ ദിവസം ബൈക്കപകടത്തില്‍ കാല്‍നടയാത്രക്കാരിയും ബൈക്ക് ഓടിച്ച യുവാവും മരിച്ച സംഭവത്തില്‍ ബൈക്ക് റേസിംഗ് നടന്നിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അമിത വേഗതയില്‍ ബൈക്ക് ഓടിച്ചതാണ് അപകടത്തിനു കാരണം. വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന തൃശൂര്‍ ആളൂരിലെ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. ആളൂര്‍ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലെ നൂറോളം നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ നിരീക്ഷണത്തിലാണ്.

ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. ചര്‍ദ്ദിയും വയറുവേദനയും മൂലം 86 കുട്ടികള്‍ ചികിത്സ തേടി.

മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസ് അന്തരിച്ചു. 73 വയസായിരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. സംസ്‌കാരം നാളെ വൈകിട്ട് സുല്‍ത്താന്‍ ബത്തേരി ഇരുളത്തെ വീട്ടുവളപ്പില്‍.

ഇടുക്കി ചിന്നക്കനാലിലെ 301 കോളനിയില്‍ കാട്ടാന ആക്രമണം. 301 കുടുംബങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കോളനിയില്‍ യശോധരനും കുടുംബവും താമസിക്കുന്ന ഷെഡ് അരിക്കൊമ്പന്‍ തകര്‍ത്തു.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 75 വയസ്. രാജ്യമെങ്ങും ഗാന്ധി സ്മരണകളും പുഷ്പാര്‍ച്ചനകളും. ഡല്‍ഹിയിലെ രാജ്ഘട്ടില്‍ പുഷ്പാലംകൃതമായ മഹാത്മജിയുടെ രക്തസാക്ഷിമണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തി.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നു മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ല. 80 വയസായി, ഇനി മത്സരിക്കാനില്ല. അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തു പര്യടനം നടത്തി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ പഞ്ചായത്ത് ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. സംഭവത്തില്‍ പതിനഞ്ച് പേരെ അറസ്റ്റ് ചെയ്തു. ചോദ്യപേപ്പര്‍ പ്രിന്റ് ചെയ്യാന്‍ ചുമതലപ്പെട്ടയാളും അറസ്റ്റിലായി. ഒമ്പതര ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്.

തട്ടിപ്പു തട്ടിപ്പുതന്നെയാണ്, ദേശീയതയെ മറയാക്കി തട്ടിപ്പില്‍നിന്നു രക്ഷപ്പെടാനാവില്ലെന്ന് അദാനിയോട് യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. അദാനിയുടെ അതിഭീമമായ കടബാധ്യത ഇന്ത്യന്‍ ബാങ്കുകള്‍ക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഇന്ത്യയ്ക്കെതിരായ ആക്രമണമാണെന്നു അദാനി ഗ്രൂപ്പ് വ്യാഖ്യാനിച്ചിരുന്നു. അദാനി ഗ്രൂപ്പ് ഇന്ത്യയുടെ പുരോഗതി തടയുകയാണെന്നു ഹിന്‍ഡന്‍ബര്‍ഗ് കുറ്റപ്പെടുത്തി. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ വിശദീകരണത്തില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണ്. നാല് ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ആവര്‍ത്തിച്ചു. അദാനി ഗ്രൂപ്പ് കമ്പനികളില്‍ അക്കൗണ്ടിംഗ് തട്ടിപ്പുകളുണ്ട്. തന്ത്രങ്ങളിലൂടെ ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടി. കോര്‍പറേറ്റ് ദുര്‍ഭരണം. അതിഭീമമായ കടബാധ്യത ഇന്ത്യയിലെ ബാങ്കുകള്‍ക്കു ഭീഷണിയാണെന്നും അവര്‍ ആരോപിച്ചു.

ബിബിസി ഡോക്യുമെന്ററി സാമൂഹ്യ മാധ്യമങ്ങളില്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ എം എല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ യുക്രെയ്ന്‍ അധിനിവേശത്തിനു തൊട്ടുമുന്‍പ് തനിക്കെതിരെ മിസൈല്‍ ആക്രമണ ഭീഷണിയുയര്‍ത്തിയെന്ന് മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പുടിന്‍ ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് ബിബിസിയോട് അദ്ദേഹം വെളിപെടുത്തി. ‘എനിക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ താല്‍പ്പര്യമില്ല. പക്ഷേ ഒരു മിസൈലിന് ഒരു മിനിറ്റേ വേണ്ടൂ’ എന്നാണു പുട്ടിന്‍ പറഞ്ഞതെന്നു ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

അപൂര്‍വ റെക്കോര്‍ഡുമായി ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20 മത്സരം. രാജ്യാന്തര ടി20 മത്സരങ്ങളില്‍ ഒരൊറ്റ സിക്സ് പോലും പിറക്കാത്ത ആദ്യ മത്സരമെന്ന റെക്കോര്‍ഡാണ് ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20ക്ക് സ്വന്തമായത്. ഇരു ടീമുകളും കൂടി 39.5 ഓവര്‍ ബാറ്റ് ചെയ്തിട്ടും മത്സരത്തില്‍ ഒറ്റ സിക്സ് പോലും പിറന്നില്ല.

ഹിന്‍ഡന്‍ബര്‍ഗ് സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളില്‍ നിലതെറ്റി അദാനി ഗ്രൂപ് ഓഹരികള്‍ തകര്‍ന്നടിഞ്ഞിട്ടും അദാനി എന്റര്‍പ്രൈസസില്‍ കൂടുതല്‍ പണമിറക്കി കേന്ദ്ര പൊതുമേഖല സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍.ഐ.സി). 20,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് അദാനി ഗ്രൂപ് തുടക്കമിട്ട തുടര്‍ ഓഹരി വില്‍പനയില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ 300 കോടിയാണ് മുടക്കിയത്. എഫ്.പി.ഒയില്‍ ആങ്കര്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ചതില്‍ 9,15,748 ഓഹരികള്‍കൂടി വാങ്ങാന്‍ 300 കോടി രൂപ ചെലവിട്ടതായി അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ് പറയുന്നു. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ഓഹരികളുടെ അഞ്ച് ശതമാനമാണ് എല്‍.ഐ.സി സ്വന്തമാക്കിയത്. നേരത്തെ 4.23 ശതമാനം ഓഹരിയാണ് എല്‍.ഐ.സിക്കുണ്ടായിരുന്നത്. 33 സ്ഥാപന നിക്ഷേപകര്‍ 5,985 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വിവരങ്ങള്‍ പ്രകാരം അദാനി ഓഹരികളില്‍ 28,400 കോടി രൂപയുടെ നിക്ഷേപമാണ് എല്‍.ഐ.സിക്കുള്ളത്. ഓഹരിവില തകരും മുമ്പ് ഈ ഓഹരികളുടെ മൂല്യം 72,200 കോടി രൂപയായിരുന്നു. പിന്നീട് 55,700 കോടി രൂപയായി കുറഞ്ഞെങ്കിലും നിക്ഷേപത്തേക്കാള്‍ 27,300 കോടി രൂപയുടെ അറ്റാദായ നേട്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അദാനി പോര്‍ട്ടിലും പ്രത്യേക സാമ്പത്തിക മേഖലയിലും ഒമ്പത് ശതമാനവും അദാനി ട്രാന്‍സ്മിഷനില്‍ 3.7 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജിയില്‍ 1.3 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡില്‍ ആറു ശതമാനവും ഓഹരികളാണ് എല്‍.ഐ.സിയുടെ കൈവശമുള്ളത്.

ഫയര്‍ ബോള്‍ട്ട് ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ചുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വ്യത്യസ്ഥ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫയര്‍ ബോള്‍ട്ട് ടോക്ക് അള്‍ട്രാ സ്മാര്‍ട്ട് വാച്ചുകളാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്, ബ്ലൂ, റെഡ്, ഗ്രേ, പിങ്ക്, ടീല്‍ എന്നിങ്ങനെ 6 കളര്‍ വേരിയന്റുകളില്‍ ഫയര്‍ ബോള്‍ട്ട് ടോക്ക് അള്‍ട്രാ സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങാന്‍ സാധിക്കും. 1.39 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 240 ഃ 240 പിക്ചര്‍ റെസല്യൂഷന്‍ ലഭ്യമാണ്. ബ്ലൂടൂത്ത് കോളിംഗ് ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ സ്മാര്‍ട്ട് വാച്ചില്‍ സിരി, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുടെ പിന്തുണയുമുണ്ട്. 120- ലധികം സ്പോര്‍ട്സ് മോഡുകളാണ് പ്രധാന ആകര്‍ഷണീയത. ഫയര്‍ ബോള്‍ട്ട് ടോക്ക് അള്‍ട്രാ സ്മാര്‍ട്ട് വാച്ചുകളില്‍ ഇന്‍- ബില്‍റ്റ് ഗെയിമുകള്‍ ലഭ്യമാണ്. ക്യാമറ, മ്യൂസിക് പ്ലേ ബാക്ക് എന്നിവയ്ക്കൊപ്പം കാലാവസ്ഥയും ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ ഈ സ്മാര്‍ട്ട് വാച്ചുകളുടെ വില 1,999 രൂപയാണ്.

വിജയ് നായകനായി എത്തിയ വാരിസിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. വിജയിയും രശ്മികയും നിറഞ്ഞാടിയ ‘ജിമിക്കി പൊണ്ണ്’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് വെറും അഞ്ച് മണിക്കൂറില്‍ അഞ്ച് മില്യണിലധികം കാഴ്ചക്കാരെയാണ് ഗാനം നേടിയിരിക്കുന്നത്. തമന്‍ എസ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ്, ജോണിതാ ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ്. വിവേക് ആണ് ഗാനത്തിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് ജനുവരി 11നാണ് തിയറ്ററുകളില്‍ എത്തിയത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രന്‍’ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശരത് കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയാണ് വാരിസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്.

തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്സ് അവതരിപ്പിക്കുന്ന ‘രേഖ’യുടെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കള്ളി പെണ്ണേ..’ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജിതിന്‍ ഐസക് തോമസിന്റെ വരികള്‍ക്ക് മിലന്‍ വി.എസ്, നിഖില്‍.വി എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാനം പാടിയിരിക്കുന്നത് മിലന്‍.വി.എസ്. ആണ്. വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി 10നു പ്രദര്‍ശനത്തിനെത്തും. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍.കെ.എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. രേഖയുടെ ജീവിത പരിസരങ്ങളും ചുറ്റുമുള്ള കഥാപാത്രങ്ങളും അടങ്ങുന്ന നര്‍മ്മരംഗങ്ങളിലൂടെയാണ് ടീസര്‍ സഞ്ചരിച്ചിരുന്നത്. സ്റ്റോണ്‍ ബെഞ്ചേഴ്സ് മലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ച അറ്റെന്‍ഷന്‍ പ്ലീസ് എന്ന സിനിമയുടെ സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസ് തന്നെയാണ് ‘രേഖ’യും ഒരുക്കുന്നത്.

ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ ഐസിഇ-പവര്‍ഡ് (ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍) പാസഞ്ചര്‍ വാഹന ശ്രേണിയിലുടനീളം വില വര്‍ധന പ്രഖ്യാപിച്ചു. വേരിയന്റും മോഡലും അനുസരിച്ച് വിലകള്‍ 1.2 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് തീരുമാനം. പുതിയ വിലകള്‍ 2023 ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കാര്‍ നിര്‍മ്മാതാവിന്റെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ ടിയാഗോ, ആള്‍ട്രോസ്, ടിഗോര്‍, പഞ്ച്, നെക്‌സോണ്‍, ഹാരിയര്‍, സഫാരി എന്നിവ ഉള്‍പ്പെടുന്നു. അതേസമയം ടാറ്റ നെക്സോണ്‍ ഇവിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ല്‍ ആള്‍ട്രോസ് ഹാച്ച്ബാക്കിന്റെയും പഞ്ച് എസ്യുവിയുടെയും സിഎന്‍ജി പതിപ്പുകള്‍ ടാറ്റ പുറത്തിറക്കും. രണ്ട് മോഡലുകളും അടുത്തിടെ ഓട്ടോ എക്‌സ്‌പോ 2023ല്‍ അവരുടെ അരങ്ങേറ്റം നടത്തിയിരുന്നു. ടാറ്റ ഹാരിയര്‍, സഫാരി ഫെയ്സ്ലിഫ്റ്റുകളും വരും മാസങ്ങളില്‍ അവതരിപ്പിക്കും. 2023 ടാറ്റ ഹാരിയര്‍, സഫാരി ഫെയ്സ്ലിഫ്റ്റുകള്‍ക്ക് കരുത്തേകുന്നത് നിലവിലുള്ള 2.0 എല്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ തന്നെയാണ്. ഈ എഞ്ചിന്‍ 168 ബിഎച്ച്പിയും 350 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

ഔദ്യോഗികജീവിതത്തിന്റെ ഓര്‍മ്മകളില്‍ കോവിഡ് 19ന്റെ ഭീതിജനകമായ ദിവസങ്ങളിലൂടെ കടന്നുപോയ എഴുത്തുകാരിയുടെ ഉത്ക്കണ്ഠകള്‍. സാമൂഹികജീവിതത്തെ ഈ മഹാമാരി എങ്ങനെ ബാധിക്കും, അതിന്റെ പരിസമാപ്തി എന്ത് എന്ന അനിശ്ചിതതത്തിലൂടെയും അതിന്റെ സ്ഥിതിവിവരക്കണക്കുകളിലൂടെയും കടന്നുപോകുന്ന ഒരു പുസ്തകമാണിത്. 2020 മാര്‍ച്ച് 20 മുതല്‍ 2022 മാര്‍ച്ച് 20 വരെയുള്ള കാലങ്ങളില്‍ ലോകജനതയും പ്രത്യേകിച്ച് കേരളജനതയും അനുഭവിച്ച വിഷമതകളും അതിനോടനുബന്ധിച്ച ഓര്‍മ്മകളും അവതരിപ്പിക്കുന്ന ഈ പുസ്തകം, കൊറോണക്കാലത്തിന്റെ ഒരു ചരിത്രരേഖയായി മാറുന്നു. ‘പുനര്‍ചിന്തകള്‍’. ഇ.വി സുശീല. ഗ്രീന്‍ ബുക്സ്. വില 123 രൂപ.

പലപ്പോഴും കാരണമൊന്നുമില്ലാതെ വരുന്ന കടുത്ത തലവേദന പക്ഷാഘാതത്തിന്റെ മുന്നറിയിപ്പാണ്. തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തവിതരണം തടസ്സപ്പെടുമ്പോള്‍ വരുന്നതും ജീവനുതന്നെ ഭീഷണി ഉയര്‍ത്തുന്നതുമായ അടിയന്തര സാഹചര്യമാണ് പക്ഷാഘാതം. തലച്ചോറിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുന്നത് ഇവിടുത്തെ കോശങ്ങളുടെ നിലനില്‍പ്പിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദമാണ് പക്ഷാഘാതത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ഇസ്‌കീമിക്, ഹെമറേജിക് എന്നിങ്ങനെ രണ്ട് തരത്തില്‍ പക്ഷാഘാതമുണ്ട്. തലച്ചോറിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാകുന്നതിനെ തുടര്‍ന്ന് വരുന്ന പക്ഷാഘാതമാണ് ഇസ്‌കീമിക് സ്‌ട്രോക്ക്. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടുന്നതിനെ തുടര്‍ന്നുണ്ടാകുന്നതാണ് ഹെമറേജിക് സ്‌ട്രോക്ക്. പൊതുവേ പലരിലും കാണപ്പെടുന്ന പക്ഷാഘാതം ഇസ്‌കീമിക് സ്‌ട്രോക്കാണ്. രണ്ടു തരം സ്‌ട്രോക്കിനും മുന്നോടിയായി തലവേദന പ്രത്യക്ഷപ്പെടാറുണ്ട്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വരുന്ന കടുത്ത തലവേദന ഹെമറേജിക് സ്‌ട്രോക്കിന്റെ ലക്ഷണമാണ്. കഴുത്തിന്റെ ഭാഗത്തെ കരോറ്റിഡ് ആര്‍ട്ടറിയില്‍ നിന്ന് ആരംഭിക്കുന്ന വേദന തലയുടെ മുന്‍ഭാഗത്തേക്ക് പടരുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പക്ഷാഘാതം വരുന്നവരില്‍ 65 ശതമാനം പേരിലും ഇത്തരത്തിലുള്ള തലവേദന കാണപ്പെടാറുണ്ട്. ഏതാനും സെക്കന്‍ഡുകള്‍ക്കോ മിനിറ്റുകള്‍ക്കുള്ളിലോ പെട്ടെന്നു വരുന്ന കടുത്ത തലവേദനയാണ് പക്ഷാഘാതത്തിന്റെ പ്രധാന മുന്നറിയിപ്പ്. പക്ഷാഘാതം മൂലമുള്ള തലവേദനയുടെ സമയത്ത് സ്പര്‍ശനശേഷിയും കാഴ്ചശക്തിയും ചിലര്‍ക്ക് നഷ്ടമായെന്നു വരാം. കരോട്ടിഡ് രക്തക്കുഴലില്‍ ഉണ്ടാകുന്ന ബ്ലോക്ക് തലയുടെ മുന്‍ഭാഗത്ത് വേദന ഉണ്ടാക്കുമ്പോള്‍ തലച്ചോറിന്റെ പിന്‍ഭാഗത്തുണ്ടാകുന്ന ബ്ലോക്ക് തലയുടെ പിന്‍ഭാഗത്ത് വേദനയുണ്ടാക്കുമെന്ന് നാഡീരോഗ വിദഗ്ധര്‍ പറയുന്നു. മുഖമോ കണ്ണോ ഒരു ഭാഗത്തേക്ക് കോടി പോകുന്നത്, കൈകള്‍ രണ്ടും ശരിയായി ഉയര്‍ത്താന്‍ കഴിയാതെ വരുന്നത്, സംസാരം അവ്യക്തമാകുന്നത് എന്നിവയെല്ലാം ഉടനടി വൈദ്യസഹായം തേടേണ്ട പക്ഷാഘാത സൂചനകളാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.63, പൗണ്ട് – 101.06, യൂറോ – 88.84, സ്വിസ് ഫ്രാങ്ക് – 88.61, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.81, ബഹറിന്‍ ദിനാര്‍ – 216.51, കുവൈത്ത് ദിനാര്‍ -267.36, ഒമാനി റിയാല്‍ – 212.32, സൗദി റിയാല്‍ – 21.75, യു.എ.ഇ ദിര്‍ഹം – 22.23, ഖത്തര്‍ റിയാല്‍ – 22.42, കനേഡിയന്‍ ഡോളര്‍ – 61.18.