കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതി പ്രഖ്യാപനം ഇത്തവണ സംസ്ഥാന ബജറ്റിൽ ഉണ്ടാകില്ലെന്ന സൂചന നൽകി ധനമന്ത്രി കെ.എൻ ബാലഗോപാൽ.
വൻകിട പദ്ധതികൾക്ക് എക്കാലവും കിഫ്ബി ഫണ്ട് പ്രായോഗികമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പണമില്ലാതെ പദ്ധതികൾ മുടങ്ങാതിരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

അഞ്ച് വര്‍ഷം കൊണ്ട് 50000 കോടിയുടെ വികസന പദ്ധതി നടക്കാൻ ഒന്നിച്ച് പണമിറക്കണം. അത്തരം വികസനം നടപ്പാക്കാൻ വേണ്ടിയാണ് കിഫ്ബി കൊണ്ടുവന്നത്. തുടർന്ന് മൂന്ന് വര്‍ഷം കൊണ്ട് തന്നെ പദ്ധതി 50000 കോടിയുടെ കരകവിഞ്ഞു. 31508 കോടിയാണ് ഇത് വരെ കിഫ്ബി വഴി സമാഹരിച്ചത്, പൊതുവിപണിയിൽ നിന്ന് കടമെടുത്തും വിവിധ സെസ്സുകൾ വഴിയും കിട്ടിയത് 19220 കോടി, റവന്യു മോഡൽ പദ്ധതി വഴി കിട്ടിയ വരുമാനം 762 കോടി. കിഫ്ബിക്ക് വേണ്ടി കടമെടുത്ത 12562 കോടി രൂപ സംസ്ഥാനത്തിന്റെ പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടിയോടെ പദ്ധതിയാകെ താളം തെറ്റിയ അവസ്ഥയിലാണ്. തുടങ്ങി വച്ച പണികൾക്ക് 10000 കോടി വായ്പയെടുക്കാൻ ഗ്യാരണ്ടി നിൽക്കണമെന്ന കിഫ്ബിയുടെ ആവശ്യം നിലവിൽ അംഗീകരിക്കാൻ തരമില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.

നാളിതുവരെ 73,851 കോടിയുടെ 986 പദ്ധതികൾക്ക് കിഫ്ബി അനുമതി നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ മാത്രം 449 പദ്ധതി. 142 എണ്ണം പൊതുവിദ്യാഭ്യാസ വകുപ്പിന്, 93 പദ്ധതികൾ ജലവിഭവ വകുപ്പിനും, 65 പദ്ധതി ആരോഗ്യ കുടുംബക്ഷേമ വകുപ്പിനുമുണ്ട്. കിഫ്ബി വഴി നിലവിൽ പ്രഖ്യാപിച്ച പദ്ധതികളിൽ സാങ്കേതികകാരണങ്ങളാൽ മുടങ്ങിയവയക്ക് പകരമായുള്ള പുതിയ പദ്ധതികൾക്കുമാത്രമാണ് ഇനിയുള്ള സാധ്യത. കിഫ്ബി വായ്പയും പെൻഷൻ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എടുക്കുന്ന വായ്പകളും സർക്കാരിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തിയ നടപടി പുനപരിശോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കേന്ദ്രം അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ നിലവിൽ നടക്കുന്ന പദ്ധതികളുടെ ഭാവിയും അനിശ്ചിതത്വത്തിലാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *