ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപമാകാമെന്ന തീരുമാനത്തിൽ സിപിഐക്കും ജതാദളിനും അഭിപ്രായ വ്യത്യാസം. സാമൂഹ്യ നീതി അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ഇരു കക്ഷികളുടെയും നേതാക്കൾ ഇടത് മുന്നണി യോഗത്തിൽ പങ്കുവച്ചു. വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി.വരും വരായ്കകൾ ആലോചിച്ചേ വായ്പയെടുക്കൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
സ്വാശ്രയ സമരകാലം ഓർമ്മിപ്പച്ചപ്പോൾ ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ പറഞ്ഞത് , ലോകം മാറുന്നതിന് അനുസരിച്ച് കേരളത്തിലും മാറ്റം വരണമെന്നായിരുന്നു. നയവ്യതിയാനത്തെ ഇപി ജയരാജൻ വിശേഷിപ്പിച്ചത് കാലോചിത മാറ്റം എന്നാണ്.
ഘടക കക്ഷികൾക്ക് പക്ഷെ ആശങ്ക മാറിയില്ല. വിദേശനിക്ഷപം വരുമ്പോൾ അതിനു പിന്നിൽ കാണാച്ചരടുകൾ ഉണ്ടാകുമെന്ന് സിപിഐയും ജനതാദളും ചൂണ്ടിക്കാട്ടി. സാമൂഹ്യനീതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നിക്ഷേപകർക്ക് ഉണ്ടാകില്ലെന്നും അതുകൊണ്ട് ഇതാവശ്യമുണ്ടോ എന്ന സംശയം സിപിഐയും ജനതാദളും മുന്നണി യോഗത്തിൽ ഉന്നയിച്ചു.
എന്നാൽ വിദ്യാഭ്യാസ കച്ചവടത്തിന് വഴിവെക്കുമെന്നും വിദ്യാർത്ഥി വിരുദ്ധ നിലപാട് പിൻവലിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. എസ് എഫ് ഐയും ഡിവൈഎഫ്ഐയും ഇതുവരെ നിലപാട് വ്യക്തമാക്കിയില്ല.