എറണാകുളത്ത് എടവനക്കാട് ഭാര്യ രമ്യയെ കൊലപ്പെടുത്തിയത് ഭര്‍ത്താവായ സജീവന്‍ ഒറ്റക്കാണെന്ന് ആലുവ റൂറല്‍ എസ് പി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തെളിവുകള്‍ കിട്ടിയില്ലെന്നും തിരോധാന കേസുകള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് കേസ് ചുരുളഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 16 ന് കൊലപാതകം നടത്തിയെന്നാണ് മൊഴിയെന്നും സംശയത്തിന് ഇട വരാത്ത രീതിയില്‍ പ്രതി കഥ മെനഞ്ഞ് കാമുകന്റെ കൂടെ പോയി എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും ആലുവ റൂറല്‍ എസ്പി പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച കയര്‍ പ്രതി പിന്നീട് കത്തിച്ചു കളയുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
സംശയത്തെ തുടര്‍ന്ന് ഭാര്യ രമ്യയെ, സജീവന്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതിനു ശേഷം വീടിനോട് ചേര്‍ന്ന് കുഴിച്ചിടുകയും ചെയ്തു. പിന്നീട് അതേ വീട്ടില്‍ത്തന്നെ ഒന്നരവര്‍ഷമായി താമസിക്കുകയുമായിരുന്നു. ഭാര്യ മറ്റൊരാളുടെ ഒപ്പം പോയി എന്ന് ബന്ധുക്കളേയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
2021 ഓഗസ്റ്റിലാണ് സജീവിന്റെ ഭാര്യ രമ്യയെ കാണാതാകുന്നത്. 2022 ഫെബ്രുവരിയില്‍ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഞാറക്കല്‍ പോലീസില്‍ സജീവന്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് സജീവന്‍ തന്നെ കുടുങ്ങിയത്.
ഒന്നുമറിയാതതുപോലെ അഭിനയിച്ചു നടന്ന ഇയാളുടെ പിന്നാലെ പൊലീസുമുണ്ടായിരുന്നു. .
സജീവന്റെയും രമ്യയുടെയും പ്രേമവിവാഹമായിരുന്നു. രണ്ട് മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ബന്ധുക്കളുടെ സമ്മതമില്ലാതെയായിരുന്നു വിവാഹവും. ഭാര്യ ബ്യൂട്ടിഷ്യന്‍ കോഴ്സ് പഠിക്കാന്‍ മുംബൈയില്‍ പോയെന്നും അവിടെ വച്ച് രമ്യ മറ്റൊരാളുമായി ഒളിച്ചോടിയെന്നും ഗള്‍ഫില്‍ പോയെന്നുമെല്ലാം കഥകളുണ്ടാക്കി പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെയും വിശ്വസിപ്പിച്ചു. സജീവന്റെ സാന്നിധ്യത്തിലായിരുന്നു വീട്ടുമുറ്റം പൊലീസ് കുഴിച്ചത്. ഫൊറന്‍സിക് വിദഗ്ധര്‍ അസ്ഥികള്‍ ശേഖരിച്ചു. ഇവ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും ചെയ്യും. ഒന്നരവര്‍ഷം മുമ്പ് തന്നെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം.