ഇടുക്കി ഭൂമി പ്രശ്നത്തില്‍ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. പട്ടയ ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കും. അനധികൃത റിസോര്‍ട്ടുകള്‍ക്ക് പക്ഷേ ഈ പരിരക്ഷ ഉണ്ടാകില്ല.ഈ മാസം 23ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍, ഈ ഭേദഗതി ബില്‍ കൊണ്ടുവരും. 1960ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ ഭേദഗതി.
ഭൂപതിവ് ചട്ടം ഭേദഗതിയില്‍ 4 എ വകുപ്പ് പുതുതായി ഉള്‍പ്പെടുത്തും. 1500 സ്ക്വയര്‍ ഫീറ്റിന് മുകളിലുള്ളവ ക്രമപ്പെടുത്താന്‍ ഉയര്‍ന്ന ഫീസ് ഈടാക്കും. പൊതുകെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിച്ചായിരിക്കും ക്രമപ്പെടുത്തല്‍. ഭേദഗതിക്കായുള്ള തുടര്‍ നിയമനടപടികള്‍ക്ക് റവന്യു വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.