ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനയോടു കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്നു പ്രഖ്യാപിച്ച് സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.
സജി ചെറിയന്റെ വിവാദ പ്രസംഗത്തിന്റെ രേഖകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയന്റെ സത്യപ്രതിജ്ഞക്കുശേഷമാണ് അതേവേദിയില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നതായി ഓര്‍മിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി ഫെബ്രുവരി 10 മുതല്‍ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനമായ മേയ് 20 വരെ. പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഓരോ വകുപ്പും പരമാവധി പരിപാടികള്‍ നൂറുദിന പരിപാടികളുടെ ഭാഗമാക്കണം. പരിപാടികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീണ്ടും മന്ത്രിയാകാന്‍ അവസരം ലഭിച്ചതില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ചെങ്ങന്നൂരിലെ ജനത്തിനും നന്ദി പറഞ്ഞ് മന്ത്രി സജി ചെറിയാന്‍. 13 മാസം മന്ത്രിയായി രൂപപ്പെടുത്തിയ നിരവധി പദ്ധതികള്‍ ഉണ്ട്. ഇവ പൂര്‍ത്തിയാക്കും. താന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ തന്നെ നന്നായി സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ അവഹേളിച്ചതിനു പുറത്തു പോവേണ്ടിവന്ന ഒരു മന്ത്രിയെ വീണ്ടും മന്ത്രിയാക്കുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍. കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. തിരുവനന്തപുരത്ത് ബിജെപി ഭരണഘടനാ സംരക്ഷണദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സജി ചെറിയാനെ മന്ത്രിയാക്കിയതോടെ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്ന് മഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അപവാദ പ്രചരണത്തിലുണ്ടായ മാനസിക പ്രയാസമാണ്
കെപിസിസി ട്രഷററായിരുന്ന വി പ്രതാപചന്ദ്രന്റെ മരണത്തിനു കാരണമെന്നു മക്കള്‍ ഡിജിപിക്കു പരാതി നല്‍കി. കോഴിക്കോടുളള രമേശ്, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ദുഷ്പ്രചരണം നടത്തിയതെന്നും മക്കളുടെ പരാതിയില്‍ പറയുന്നു.
കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ ആയിരത്തോളം ഹോട്ടലുകള്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കും. നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തില്‍ കോര്‍പ്പറേഷന്‍ ഹോട്ടലുകള്‍ക്കു നോട്ടീസ് നല്‍കിയതോടെയാണ് തീരുമാനം. വെള്ളക്കെട്ടിന് കാരണം കാനകളില്‍ കെട്ടിക്കിടക്കുന്ന ഹോട്ടല്‍ മാലിന്യമാണെന്ന് കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു.
ഗാനരചയിതാവും കവിയുമായ ബീയാര്‍ പ്രസാദ് ചങ്ങനാശേരിയില്‍ അന്തരിച്ചു. 62 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ. കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടണത്തില്‍ സുന്ദരന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ജലോത്സവം, വെട്ടം തുടങ്ങി നിരവധി സിനിമകളില്‍ പാട്ടെഴുതിയിട്ടുണ്ട്.
കോഴിക്കോട് നാദാപുരത്ത് കാട്ടുതേനീച്ചയുടെ കുത്തേറ്റ് പുത്തന്‍വീട്ടില്‍ സുദേവന്‍ (63) മരിച്ചു.
തമിഴ്‌നാട് ഈറോഡ് ഈസ്റ്റ് മണ്ഡലം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഇ തിരുമകന്‍ ഇവേര അന്തരിച്ചു. 46 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യംമൂലം ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരന്‍ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റാരോപിതനെതിരേ 30 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയെന്ന് എയര്‍ ഇന്ത്യ. നിയമനടപടികള്‍ക്കായി പരാതി പോലീസിനു കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍. 2022 നവംബറില്‍ ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനത്തിലാണ് സംഭവം.
ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ ഷര്‍ട്ട് അഴിപ്പിച്ചെന്ന് യുവഗായിക. സമൂഹമാധ്യമത്തിലൂടെയാണ് വിമാനത്താവളത്തില്‍ നേരിട അനുഭവം വിദ്യാര്‍ഥിനിയും സംഗീതജ്ഞയുമായ യുവതി വെളിപ്പെടുത്തിയത്. അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് ചെക്ക്‌പോയ്ന്റില്‍ നിര്‍ത്തിച്ചത് അപമാനകരമാണെന്നും അവര്‍ കുറിച്ചു.