jpg 20230104 092127 0000

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റത്തിനായി സർക്കാർ ഉത്തരവ് തിരുത്തി വ്യാജരേഖയുണ്ടാക്കിയതായി കണ്ടെത്തി രണ്ട് മാസം പിന്നിട്ടിട്ടും തുടർ നടപടി ഉണ്ടായില്ലെന്ന് പരാതി. ആരോഗ്യവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ പരിശോധനയിലാണ് അസിസ്റ്റന്റ് പ്രഫസർ സ്ഥാനക്കയറ്റത്തിന് പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന നൽകണമെന്ന 1992ലെ ഉത്തരവ് അട്ടിമറിക്കാനായി വ്യാജ ഉത്തരവുണ്ടാക്കിയതായി കണ്ടെത്തിയത്. സ്ഥാനക്കയറ്റം മരവിപ്പിച്ച് വ്യാജരേഖയിൽ അന്വേഷണവും നടപടിയും വേണമെന്ന് നിർദേശം നൽകിയിട്ടും തുടർനടപടിയുണ്ടായില്ല എന്ന് പരാതി.

ആരോഗ്യ വകുപ്പിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ നാല് ട്യൂട്ടർ ടെക്നീഷ്യന്മാർക്ക് അസിസ്റ്റന്റ് പ്രൊഫസർ ആയി സ്ഥാനക്കയറ്റം നൽകിയതു മുതലാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നടന്ന ഗുരുതര ക്രമക്കേടുകളുടെ തുടക്കം. എം.എസ്.സിക്ക് പുറമെ, 3 വർഷത്തെ അധ്യാപന പരിചയത്തൊടൊപ്പം പി.എച്ച്.ഡി എന്നായിരുന്നു യോഗ്യത നിശ്ചയിച്ചിരുന്നത്. പി.എച്ച്.ഡി ഉള്ളവർ ഇല്ലാത്ത പക്ഷം മാത്രം മറ്റുള്ളവരെ പരിഗണിക്കാം. 1992ലെ ഈ യോഗ്യതാ മാനദണ്ഡമാണ്, 3 വർഷത്തെ അധ്യാപന പരിചയമോ, അല്ലെങ്കിൽ പി.എച്ച്.ഡിയോ വേണം എന്നാക്കി തിരുത്തിയത്. അതായത് യോഗ്യതയിൽ വെള്ളം ചേർക്കാൻ സർക്കാർ ഉത്തരവ് വ്യാജമായി സൃഷ്ടിച്ചുവെന്ന ഗുരുതര കണ്ടെത്തൽ. പി.എച്ച്.ഡി ഉള്ളവർ ഉണ്ടായിരിക്കെ, അവരെ തഴഞ്ഞ് മറ്റുള്ളവർക്ക് സ്ഥാനക്കയറ്റം നൽകിയെന്ന് പരാതി ഉയർന്നപ്പോഴാണ് വ്യാജ ഉത്തരവ് കണ്ടെത്തിയത്.

തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനുണ്ടായ ഗുരുതര പിഴവുകൾ എണ്ണിപ്പറഞ്ഞ് ആരോഗ്യവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ കത്തയച്ചു. വ്യാജമായി സർക്കാർ ഉത്തരവ് തിരുത്തിയത് ക്രിമിനൽ കുറ്റമാണ്. ഇക്കാര്യം അന്വേഷിച്ച് നടപടി വേണം. വ്യാജരേഖ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സ്ഥാനക്കയറ്റത്തിന് അടിസ്ഥാനമാക്കിയത് അന്വേഷിക്കണം. പി.എച്ച്.‍ഡി ഉള്ളവർക്ക് മുൻഗണന നൽകണമെന്ന സർക്കാർ ഉത്തരവ് അട്ടിമറിക്കപ്പെട്ടു. രണ്ട് മാസം പിന്നിട്ടിട്ടും ആരോഗ്യവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി നിർദേശിച്ച നടപടിയിൽ ഹിയറിങ് നടത്തിയതൊഴിച്ചാൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മെല്ലെപ്പോക്ക് നടത്തുകയാണെന്നും പരാതിക്കാർ പറയുന്നു.

നടപടി എന്തായെന്നതിനെക്കുറിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും അറിയില്ല. പരാതി സർക്കാരിന് മുന്നിൽ എത്തിയിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *