yt cover 48

കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വൈസ് ചാന്‍സലര്‍ നിയമനത്തിനു യുജിസി ചട്ടങ്ങള്‍ ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുന്‍ വിസി ഡോ റിജി ജോണിന്റെ ഹര്‍ജിയും സുപ്രീംകോടതിയിലുണ്ട്. വിസി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയനാണ് യുജിസി മാനദണ്ഡമനുസരിച്ചു ഡോ. റിജി ജോണിനു യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണ്‍, കെ റെയില്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്കു സമയം തേടിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഡല്‍ഹിയില്‍ നടക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ കൂടിക്കാഴ്ച തരപ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ ഓഫീസിനോട് അനുമതി തേടിയത്.

കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും മാസ്‌ക് ധരിക്കണം. ശുചിത്വം പാലിക്കണം. സൂക്ഷിച്ചാല്‍ സുരക്ഷിതരാകാം. റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് റിപ്പോര്‍ട്ടു തേടി. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് യോഗം ചേരുന്നത്.

വ്യക്തി താത്പര്യങ്ങള്‍ക്കായി പാര്‍ട്ടി താത്പര്യം ബലി കഴിപ്പിക്കരുതെന്നും അത്തരം പ്രവണതകള്‍ തിരുത്തുമെന്നും പി. ജയരാജന്‍. കാഞ്ഞങ്ങാട് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആക്ഷേപം ഉന്നയിച്ചതിനു പിറകേയാണ് ഈ പ്രതികരണം.

തിരുവനന്തപുരം പുത്തന്‍തോപ്പിലും അഞ്ചുതെങ്ങിലും കടല്‍ത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയ മൂന്നു പേരെ കാണാതായി. പുത്തന്‍തോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവരെയാണ് കാണാതായത്. അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വദേശി സാജന്‍ ആന്റണി (34) യെയാണ് കാണാതായത്. തുമ്പയില്‍ ആറാട്ടുവഴി സ്വദേശി ഫ്രാങ്കോ (38) മുങ്ങിമരിച്ചു.

കോഴിക്കോട് – കൊയിലാണ്ടി ദേശീയപാതയില്‍ കാട്ടിലപ്പീടികയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. വടകര കുരിയാടി സ്വദേശികളായ അശ്വിന്‍ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നരയോടെ ഇവര്‍ സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

ശബരിമലയിലെ പരമ്പരാഗത പാതയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. മരക്കൂട്ടം മുതല്‍ ശരംകുത്തിവരെ വഴിതിരിച്ചുവിട്ടത് തീര്‍ത്ഥാടകര്‍ക്കും കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ശ്രീലങ്ക തീരത്തെ ന്യൂനമര്‍ദംമൂലം തെക്കന്‍ കേരളത്തില്‍ ഇന്നു മഴക്കു സാധ്യത.. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട്.

സിക്കിമില്‍ സൈനിക വാഹനം മറിഞ്ഞു മരിച്ച സൈനികന്‍ വൈശാഖിന്റെ മൃതദേഹം ഇന്നു സംസ്‌കരിക്കും. രാവിലെ എട്ടുവരെ വീട്ടിലും തുടര്‍ന്ന് ചുങ്കമന്നം എ യു പി സ്‌കൂളിലും പൊതുദര്‍ശനം. തുടര്‍ന്ന് സൈനിക ബഹുമതികളോടെ തിരുവില്വാമല ഐവര്‍ മഠത്തില്‍ സംസ്‌കരിക്കും. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് മൃതദേഹം ചെങ്ങണിയൂര്‍ കാവിലെ വീട്ടില്‍ എത്തിച്ചത്.

വടകര മാര്‍ക്കറ്റ് റോഡില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടക്കാത്തെരു പുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജനാ (62)ണ് മരിച്ചത്. മോഷണത്തിനിടെ കൊലപ്പെടുത്തിയതാണെന്നു പോലീസ്. ശനിയാഴ്ച അര്‍ധരാത്രിയായിട്ടും വീട്ടില്‍ എത്താതായപ്പോള്‍ അന്വേഷിച്ചു കടയില്‍ എത്തിയപ്പോഴാണ് നിലത്തുവീണു കിടക്കുന്നതു കണ്ടത്.

സംവിധായകന്‍ കെ.പി. ശശി അന്തരിച്ചു. 64 വയസായിരുന്നു. കാര്‍ട്ടുണിസ്റ്റ്, സിനിമാ, ഡോക്യുമെന്ററി സംവിധായകന്‍, മനുഷ്യാവകാശ പോരാളി തുടങ്ങിയ നിലയില്‍ ശ്രദ്ധേയനായിരുന്നു.

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വി.എം. കോയ മാസറ്റര്‍ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് കിണാശേരി സ്വദേശിയാണ്. കബറടക്കം ഇന്നു രാവിലെ ഒമ്പതിന്.

ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഭക്ഷണം കഴിച്ചുള്ള ഗൃഹസമ്പര്‍ക്ക പരിപാടിയുമായി ബിജെപി. സ്നേഹയാത്ര എന്ന പേരിലുള്ള പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ വീടുകളിലെത്തി.

എറണാകുളം അങ്കമാലി രൂപതയില്‍ വൈദികരും വിശ്വാസികളും ചേരിതിരിഞ്ഞ് കുര്‍ബാനയെ അപഹസിക്കുന്നതില്‍ വിശ്വാസികളോടു മാപ്പു പറഞ്ഞ് മാനന്തവാടി രൂപതാ ബിഷപ്. ഇത്തരം ഹീന പ്രവണതകള്‍ ലജ്ജാകരമാണ്. താന്‍ മാപ്പു ചോദിക്കുന്നുവെന്നും ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ക്രിസ്മസ് സന്ദേശത്തിനിടെ പറഞ്ഞു.

ക്രിസ്മസിനോടനുബന്ധിച്ചു തൃശൂര്‍ നഗരത്തില്‍ ആയിരക്കണക്കിനു സാന്താക്ലോസുമാര്‍ നിരക്കുന്ന ‘ബോണ്‍ നതാലെ’ കരോള്‍ ഘോഷയാത്ര നാളെ. വൈകുന്നേരം നാലു മുതല്‍ എഴുവരെയാണ് ഘോഷയാത്ര. ക്രിസ്മസ് – പുതുവല്‍സരാഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു. സ്വരാജ് റൗണ്ട് അടക്കം പ്രധാന റോഡുകളെല്ലാം ദീപാലങ്കാരങ്ങളാല്‍ മിന്നിത്തിളങ്ങുകയാണ്.

പുതുവത്സരാഘോഷത്തിനായി കൊച്ചിയില്‍ ഒരുങ്ങുന്നത് ഭീമന്‍ പാപ്പാഞ്ഞി. അറുപത് അടി ഉരയത്തിലാണ് പാപ്പാഞ്ഞിയുടെ നിര്‍മ്മാണം. ആറു ലക്ഷം രൂപയാണ് ചെലവിട്ടാണ് പുതുവല്‍സര രാവില്‍ കത്തിക്കാനുള്ള പാപ്പാഞ്ഞി സജ്ജമാക്കുന്നത്. പതിവ് പോലെ പരിസ്ഥിതി സൗഹൃദ പാപ്പാഞ്ഞിയാണെന്നു സംഘാടകര്‍.

മലപ്പുറം ചങ്ങരംകുളത്ത് കുട്ടികളുടെ ക്രിസ്മസ് കരോള്‍ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം. അഞ്ചു കുട്ടികള്‍ക്കു പരിക്കേറ്റു. വടിയും പട്ടികയുംകൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നെന്ന് കുട്ടികള്‍ പറയുന്നു. കുട്ടികള്‍ വാടകയ്ക്ക് എടുത്ത വാദ്യോപകരണങ്ങളും അക്രമി സംഘം നശിപ്പിച്ചു.

ചേര്‍ത്തലയില്‍ ശ്രീനാരായണ ഗുരുമന്ദിരത്തിനുനേരെ ആക്രമണം. ചേര്‍ത്തല വരാനാട് എസ്എന്‍ഡിപി ശാഖയുടെ ഗുരുമന്ദിരത്തിന്റെ ചില്ലു തകര്‍ത്തതിനു നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വരാനാട് സ്വദേശികളായ ജോണ്‍, ഗിരിധര്‍ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. നാലു പേരും എസ്എന്‍ഡിപി പ്രവര്‍ത്തകരാണ്.

മുല്ലപ്പൂവിനു പൊന്നുംവില. വിവാഹ സീസണ്‍ ആരംഭിച്ചതോടെയാണ് മുല്ലപ്പൂവിനു കിലോയ്ക്കു വില 2,600 രൂപയായി വര്‍ധിച്ചത്. ഒറ്റ ദിവസംകൊണ്ട് ആയിരം രൂപയാണു വര്‍ധിച്ചതെന്ന് പൂ വിപണിയിലുള്ളവര്‍ പറയുന്നു.

വടക്കന്‍ പറവൂര്‍ നന്ത്യാട്ടുകുന്നത്ത് മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊന്നു. കൂട്ടുകാട് സ്വദേശി കെ എന്‍ ബാലചന്ദ്രന്‍ എന്ന 37 കാരനാണു കൊല്ലപ്പെട്ടത്. പ്രതി നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെ അറസ്റ്റു ചെയ്തു.

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കല്‍പ്പറ്റയിലെ അഭിഭാഷകന്‍ സി.കെ. അരുണ്‍കുമാറിന്റെ ജാമ്യം കല്‍പ്പറ്റ പോക്‌സോ പ്രത്യേക കോടതി റദ്ദാക്കി. അരുണിന് നേരത്തേ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പ്രതിയെ അറസ്റ്റുചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

മദ്യം കിട്ടാത്തതിനു മാനന്തവാടിയില്‍ കല്ലെറിഞ്ഞ് ബിവറേജസ് മദ്യശാലയുടെ ചില്ലു തകര്‍ത്ത കേസിലെ പ്രതികളെ പിടികൂടി. മാനന്തവാടി ഒഴക്കോടി സ്വദേശികളായ അമല്‍, റോബിന്‍സ് എന്നിവരാണ് അറസ്റ്റിലായത്. മദ്യശാല അടച്ചതിനുശേഷം അതിക്രമിച്ച് കടന്ന് പൊതുമുതല്‍ നശിപ്പിപ്പിച്ചതിനാണ് കേസ്.

ചാവക്കാട് പത്തു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍. കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനായ തൃശൂര്‍ പേനകം സ്വദേശി ശ്രീരാഗ്, വാങ്ങാനെത്തിയ അക്ഷയ്, ജിത്തു എന്നിവരാണു പിടിയിലായത്.

പുല്‍പ്പള്ളി അമ്പത്താറിലെ കൃഷിയിടങ്ങളില്‍ കരടിയുടെ വിളയാട്ടം. കരടിയെ തുരത്താന്‍ ഒരാഴ്ചയായി വനംവകുപ്പുകാര്‍ നടത്തുന്ന ശ്രമം വിജയിച്ചില്ല. പ്രദേശത്തെ വിവിധ തോട്ടങ്ങളില്‍ കരടി വിലസുകയാണ്. കടുവയുടെ ആക്രമണങ്ങള്‍ക്കു പുറമേ കരടികൂടി നാട്ടിലിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണവുമായി ദുബൈയില്‍നിന്നുള്ള യാത്രക്കാരനെ അറസ്റ്റു ചെയ്തു. ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

പാലക്കാട് ഒറ്റപ്പാലം നഗരസഭ പരിധിയില്‍ 54 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കൃഷിനശിപ്പിക്കുകയും ജീവനു ഭീഷണിയാകുകയും ചെയ്തു വിലസിയിരുന്ന പന്നിക്കൂട്ടങ്ങളെയാണ് വെടിവച്ച്ുകൊന്നത്.

കൊവിഡ് വ്യാപന ഭീതിയില്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ കൂടുതല്‍ പേര്‍ എത്തി. പത്തിരട്ടിയാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചത്. വിമാനത്താവളങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ പരിശോധിക്കാന്‍ സൗകര്യമൊരുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ 2023 ഏപ്രില്‍ ഒന്നു മുതല്‍ അസാധുവാകുമെന്ന് ആദായ നികുതി വകുപ്പ്. അസാധുവായ പാന്‍ കാര്‍ഡുള്ളവര്‍ക്ക് ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനാവില്ല.

രാജസ്ഥാനിലെ സീനിയര്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. നാലു ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ച പരീക്ഷ മാറ്റിവച്ചു. ഉദയ്പൂരിനു സമീപം ബസില്‍ പരീക്ഷ സെന്ററിലേക്കു പോകുകയായിരുന്നു 40 പേര്‍ ചോദ്യപേപ്പറുമായി പിടിയിലായി. ബസിലിരുന്നു ചോദ്യപേപ്പര്‍ നോക്കി ഉത്തരങ്ങള്‍ പഠിക്കുന്നതിനിടെയാണ് പിടിയിലായത്. മാറ്റിവച്ച പരീക്ഷ ഡിസംബര്‍ 29 നു നടക്കും.

ടെലിവിഷന്‍ താരം തുനിഷ ശര്‍മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹനടനും കാമുകനുമായ ഷീസാന്‍ മുഹമ്മ് ഖാനെ അറസ്റ്റു ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രണയബന്ധം തകര്‍ന്നതാണ് ആത്മഹത്യക്കു കാരണമെന്ന് അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. സംഭവം ലൗ ജിഹാദാണെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ രാം കദം രംഗത്ത്.

കുമളിക്കു സമീപം തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച അയ്യപ്പ ഭക്തരുടെ ബന്ധുക്കള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതം സഹായധനം നല്‍കി. ആണ്ടിപ്പെട്ടിയിലും സമീപ ഗ്രാമങ്ങളിലുമുള്ള എട്ടു പേരാണ് അപകടത്തില്‍ മരിച്ചത്. ഗ്രാമവികസന വകുപ്പ് മന്ത്രി ഐ പെരിയ സ്വാമി മരിച്ചവരുടെ വീടുകളിലെത്തി തുക കൈമാറി.

സൂററ്റില്‍ ജോലിയില്‍നിന്നു പുറത്താക്കിയതിനു രണ്ടു തൊഴിലാളികള്‍ ചേര്‍ന്ന് ഫാക്ടറി ഉടമയടക്കം മൂന്നുപേരെ കൊലപ്പെടുത്തി. വേദാന്ത ഇന്‍ഡസ്ട്രീസ് ഉടമയായ കല്‍പേഷ് ധോലാക്കിയയും അദ്ദേഹത്തിന്റെ പിതാവും അമ്മാവനും ആണ് കൊല്ലപ്പെട്ടത്. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.

ജമ്മു കാഷ്മീരില്‍ വന്‍ ആയുധ ശേഖരം പിടികൂടി. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ ആണ് വന്‍ ആയുധവേട്ട. എട്ട് എകെ 74 യു തോക്കുകള്‍, 12 ചൈന നിര്‍മ്മിത പിസ്റ്റളുകള്‍, പാക്കിസ്ഥാനിലും ചൈനയിലും നിര്‍മ്മിച്ച ഗ്രനേഡുകള്‍, 560- ഓളം തിരകള്‍, പാക് പതാക പതിച്ച ബലൂണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ചതു പന്ത്രണ്ടു വയസുകാരനും സംഘവുമെന്ന് പൊലീസ്. മൂന്നു പേരെ അറസ്റ്റു ചെയ്തു. നവംബര്‍ 22 നാണ് സ്‌ക്രാപ്പ് ഡീലറായ ഇബ്രാഹിമും (60) ഭാര്യ ഹസ്രയും വീട്ടില്‍ കൊല്ലപ്പെട്ടത്.

തെലുങ്ക് സിനിമയിലെ മുതിര്‍ന്ന നടന്‍ ചലപതി റാവു അന്തരിച്ചു. 78 വയസായിരുന്നു. ഹാസ്യ-വില്ലന്‍ വേഷങ്ങളില്‍ പതിറ്റാണ്ടുകളായി എത്തിയ ചലപതി റാവു അറനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

യുക്രെയ്നിലെ യുദ്ധവും മറ്റു സംഘര്‍ഷങ്ങളും അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എത്ര കുഞ്ഞുങ്ങളാണ് അനാഥരായത്? അധികാരത്തോടുള്ള അത്യാര്‍ത്തി അയല്‍ക്കാരെ വിഴുങ്ങാനുള്ള പോരാട്ടമായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നടന്ന സ്ഫോടനങ്ങളില്‍ അഞ്ചു പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പത്തിലധികം സാധാരണ പൗരന്മാര്‍ക്ക് പരിക്കേറ്റു.

നേപ്പാളില്‍ പ്രധാനമന്ത്രിയായി പ്രചണ്ഡ എന്നറിയപ്പെടുന്ന കമ്യൂണിസ്റ്റു നേതാവ് പുഷ്പ കമല്‍ ധഹല്‍ ഇന്നു ചുമതലയേല്‍ക്കും. കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെന്ററിന്റെ ചെയര്‍മാനാണു പ്രചണ്ഡ. മൂന്നാം തവണയാണ് ഇദ്ദേഹം നേപ്പാളില്‍ പ്രധാനമന്ത്രിയാകുന്നത്.

ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 3 വിക്കറ്റ് വിജയം. 145 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നാലാം ദിനം കളിയാരംഭിക്കുമ്പോള്‍ 45 ന് 4 എന്ന നിലയിലായിരുന്നു. 29 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ട് തോല്‍വി ഉറപ്പിച്ച ഇന്ത്യയെ വിജയത്തിലെത്തിച്ചത് ശ്രേയസ് അയ്യര്‍ – രവിചന്ദ്രന്‍ അശ്വിന്‍ സഖ്യത്തിന്റെ 71 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ്. അശ്വിന്‍ 42 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍ 29 റണ്‍സ് നേടി. ഇതോടെ ഇന്ത്യ 2-0 ന് പരമ്പര സ്വന്തമാക്കി. രവിചന്ദ്ര അശ്വിന്‍ കളിയിലെ താരമായപ്പോള്‍ ചേതേശ്വര്‍ പൂജാര പരമ്പരയുടെ താരമായി.

പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി സ്ഥാപകരായ പ്രണോയി റോയിയും ഭാര്യ രാധികാ റോയിയും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇരുവരും 27.26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന് വില്‍ക്കാന്‍ സാധ്യത. ശേഷം 5 ശതമാനം ഓഹരികള്‍ മാത്രമാണ് ഇരുവരും കൈവശം വയ്ക്കുക. പ്രണോയി റോയിയുടെയും, രാധികാ റോയിയുടെയും ഓഹരികള്‍ ഏറ്റെടുക്കുന്നതോടെ, എന്‍ഡിടിവിയില്‍ അദാനി ഗ്രൂപ്പിന്റെ വിഹിതം 64.71 ശതമാനമായാണ് ഉയരുക. നിലവില്‍, 37.5 ശതമാനം ഓഹരി വിഹിതമാണ് അദാനി ഗ്രൂപ്പിന് എന്‍ഡിടിവിയില്‍ ഉള്ളത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക്ക് വഴിയാണ് ഇടപാട് പൂര്‍ത്തീകരിക്കുക. ആദ്യ ഘട്ടമെന്ന നിലയില്‍, കഴിഞ്ഞ ഓഗസ്റ്റിലാണ് എന്‍ഡിടിവിയുടെ 29.8 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. പിന്നീട് നടന്ന ഓപ്പണ്‍ ഓഫറിലൂടെ ഓഹരി വിഹിതം 37.5 ശതമാനമായി ഉയര്‍ത്തുകയായിരുന്നു.

മമ്മൂട്ടി ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ’ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം 27-ാമത് ഐഎഫ്എഫ്കെയില്‍ വേള്‍ഡ് പ്രിമീയറായി പ്രദര്‍ശിപ്പിക്കുകയും ജനപ്രിയ ചിത്രത്തിന് അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാകുന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിലാണ് ആരംഭിച്ചത്. പഴനി ആയിരുന്നു പ്രധാന ലൊക്കേഷന്‍. ഐഎഫ്എഫ്കെ പ്രദര്‍ശനത്തിന് പിന്നാലെ തീയറ്റര്‍ റിലീസിന് മുന്നോടിയായാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവരുന്നത്.

ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഡിയര്‍ വാപ്പി’. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ രചനയും. ‘ഡിയര്‍ വാപ്പി’ എന്ന പുതിയ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘പത്ത് ഞൊറി വെച്ച’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. മനു മഞ്ജിത്താണ് ഗാനം എഴുതിയിരിക്കുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തില്‍ ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ എത്തുന്നത്. അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവരും പ്രധാന വേഷത്തിലുണ്ട്. മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍,മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2023 ജനുവരി 7-ന് പ്രാദേശിക വിപണിയില്‍ രണ്ട് പുതിയ മോഡലുകളായ 7 സീരീസ്, ഐ7 എന്നിവ അവതരിപ്പിക്കാന്‍ ബിഎംഡബ്ല്യു തയ്യാറെടുക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും രണ്ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിനുകളും ഉള്ള 3.0 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ ഉള്‍പ്പെടെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെ 2023 ബിഎംഡബ്ല്യു 7 സീരീസ് വാഗ്ദാനം ചെയ്യാവുന്നതാണ്. മറുവശത്ത്, ഐ7 രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 101.7കിലോവാട്ട് ബാറ്ററി പാക്ക് ഉപയോഗിച്ച് മുന്നോട്ട് കൊണ്ടുപോകും. ഒറ്റ ചാര്‍ജില്‍ 450 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്നു. അകത്ത്, 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ യൂണിറ്റുകള്‍ പിന്‍വശത്തെ ഡോര്‍ ഹാന്‍ഡില്‍, പുതിയ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് തുടങ്ങിയ സവിശേഷതകള്‍ ബിഎംഡബ്ല്യു 7 സീരീസിനും ഐ7 നും ലഭിക്കും.

ആവേശവും ആശങ്കയും ക്ഷോഭവും ഉത്കണ്ഠയും പ്രതീക്ഷയും നിരാശയും സന്തോഷവും സന്താപവും പതനങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും നിറഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങള്‍ അസാധാരണമായ കൃതഹസ്തതയോടെയാണ് ഇവിടെ വരച്ചിട്ടിരിക്കുന്നത്. ഗായികയായും അഭിനേതാവായും മലയാളനാടകവേദിയില്‍ ഇതിഹാസതുല്യയായി മാറിയ കെ.പി.എ.സി. സുലോചനയുടെ അഭിനയജീവിതത്തിലെ ഒരേട്. കെ.പി.എ.സി. ഉള്‍പ്പെടെയുള്ള ജനകീയ നാടകവേദികളുടെ ചരിത്രത്തിലൂടെ അവിസ്മരണീയമായ ഒരു കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന ഗ്രന്ഥം. ‘ജീവിത നാടകം അരുണാഭം ഒരു നാടക കാലം’. ബൈജു ചന്ദ്രന്‍. മാതൃഭൂമി ബുക്സ്. വില 495 രൂപ.

മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന നിരവധി പ്രകൃതിദത്ത മാര്‍ഗങ്ങളുണ്ട്. അതിലൊന്നാണ് നെല്ലിക്ക. അകാലനര അകറ്റാനും മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക മികച്ചതാണ്. നിരവധി ഔഷധ ഗുണങ്ങളുള്ള നെല്ലിക്ക ആയുര്‍വേദത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്. നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിച്ച് വരുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയ പോഷകങ്ങള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ നെല്ലിക്ക ചേര്‍ക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. നെല്ലിക്കയിലെ വിറ്റാമിന്‍ സി ശരീരത്തിലെ ആന്റിഓക്‌സിഡന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവര്‍ത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നല്‍കുകയും ചെയ്യും. ശിരോചര്‍മ്മത്തിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കും. നെല്ലിക്കയില്‍ അടങ്ങിയ വിറ്റാമിന്‍ സി, കൊളാജന്‍ എന്ന പ്രോട്ടീന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ശിരോചര്‍മ്മം വൃത്തിയാക്കാനും പരിപോഷിപ്പിക്കാനും മുടിക്ക് തിളക്കം നല്‍കാനും നെല്ലിക്കയ്ക്ക് കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ പൊടി, മലിനീകരണം, പുക, ഹെയര്‍ സ്റ്റൈലിംഗ് ഉപകരണങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് മുടിയെ സംരക്ഷിക്കും. നെല്ലിക്ക രക്തം ശുദ്ധീകരിക്കുകയും മുടിയുടെ അകാല നര തടയുകയും മുടിയുടെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങളുണ്ട്. താരന്‍, മറ്റ് ഫംഗസ് അണുബാധകള്‍ എന്നിവ തടയുകയും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

വേഷപ്രച്ഛന്നനായി നാടുകാണാന്‍ ഇറങ്ങിയ രാജാവ് പാടത്ത് പണിയെടുക്കുന്ന കര്‍ഷകന്റെ ദുരവസ്ഥ കണ്ട് അദ്ദേഹത്തിന് 4 സ്വര്‍ണ്ണനാണയം നീട്ടിയിട്ട് പറഞ്ഞു: ഇതു നിങ്ങളുടെ കൃഷിയിടത്തില്‍ നിന്നും ലഭിച്ചതാണ്. ഇതെടുത്തുകൊള്ളൂ. കര്‍ഷകന്‍ പറഞ്ഞു: ഇവ എന്റേതല്ല, മറ്റാര്‍ക്കെങ്കിലും കൊടുത്തുകൊള്ളൂ.. രാജാവ് ചോദിച്ചു: നിങ്ങള്‍ക്കെന്താ പണം വേണ്ടേ.. പണം എത്രയുണ്ട് എന്നതല്ല, അത് എങ്ങിനെ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം.. ഞാന്‍ സമ്പാദിക്കുന്നതിന്റെ കുടുംബത്തിന് വേണ്ടി ചിലവഴിക്കും. രണ്ടാം ഭാഗം മാതാപിതാക്കള്‍ക്ക് നല്‍കും. മൂന്നാമത്തേത് മക്കളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കും. ബാക്കിയുള്ള പങ്ക് ഞാനെന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കും. അതുകൊണ്ട് തന്നെ കിട്ടുന്ന പണം എത്രയാണോ അതനുസരിച്ച് എന്റെ ധനോപയോഗത്തെ നിയന്ത്രിക്കാന്‍ എനിക്ക് സാധിക്കും.. സമ്പാദിക്കുന്നതിന്റെ മികവിനേക്കാള്‍ പ്രധാനമാണ് ചിലവഴിക്കുന്നതിലെ വൈദഗ്ധ്യം. ഒരു രാത്രികൊണ്ട് ധനാഢ്യരായ പലരും ഒരു പകല്‍കൊണ്ട് ദാരിദ്ര്യത്തിലേക്ക് വഴുതിവീണിട്ടുമുണ്ട്. പണം സമ്പാദിക്കാന്‍ കുറുക്കുവഴികള്‍ ധാരാളമുണ്ടെങ്കിലും ക്രിയാത്മകമായി ചെലവഴിക്കാന്‍ ധനവിനിയോഗ നൈപുണ്യം നേടുക തന്നെ വേണം. കോടിപതികളോ ലക്ഷപ്രഭുക്കളോ ആകാത്തവര്‍ പലരും സന്തോഷത്തോടെ ജീവിക്കുന്നതിന്റെ രഹസ്യം ഈ നൈപുണ്യമാണ്. നമുക്കും വരവറിഞ്ഞ് ചെലവഴിക്കല്‍ ഒരു ശീലമാക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *