കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം. ഇന്നലെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിലാണ് നിർദ്ദേശം. കാപ്പ തടവുകാർ അക്രമാസക്തരാണെന്ന് ജയിൽ വകുപ്പ് അധികൃതർ പറഞ്ഞു. ജയിൽ ദിനാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
ഗുണ്ടാ സംഘങ്ങൾ തമ്മിൽ ജയിലിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഘര്‍ഷത്തിൽ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ തടവുകാരനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം ജയിലിലേക്ക് മാറ്റി. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കാപ്പ തടവുകരാണ് നിലവിൽ കണ്ണൂര്‍ സെൻട്രൽ ജയിലിൽ കഴിയുന്നത്. ഇവർ തമ്മിൽ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടാകാറുണ്ടെന്നാണ് ജയിൽ അധികൃതര്‍ പറയുന്നത്.